| Wednesday, 7th May 2025, 9:25 pm

കോമഡി സൂപ്പര്‍സ്റ്റാര്‍ എന്ന ടൈറ്റില്‍ എനിക്ക് ആ നടന്‍ തന്നു, എന്താണ് അങ്ങനെയെന്ന് രജിനി സാര്‍ ചോദിച്ചപ്പോള്‍ വല്ലാതായി: സന്താനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടി.വി ഷോയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് സന്താനം. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങളില്‍ മാത്രം ഒതുങ്ങിയ സന്താനം വളരെ വേഗത്തില്‍ തമിഴിലെ മുന്‍നിര കോമഡി താരമായി മാറി. കോമഡി വേഷങ്ങളില്‍ മാത്രം ഒതുങ്ങാതെ നിന്ന സന്താനം നായകവേഷവും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു.

ഇപ്പോഴിതാ സേട്ടൈ എന്ന തമിഴ് ചിത്രത്തില്‍ കോമഡി സൂപ്പര്‍സ്റ്റാര്‍ എന്ന ടൈറ്റിലിലായിരുന്നു സന്താനത്തെ അവതരിപ്പിച്ചത്. ഈ ടൈറ്റിലിന്റെ അനുഭവം പങ്കുവെക്കുകയാണ് സന്താനം. ആ ടൈറ്റില്‍ തനിക്ക് ആദ്യമായി നല്‍കിയത് നടന്‍ ആര്യയാണെന്ന് സന്താനം പറഞ്ഞു. ഒരു കല്ലൂരിയിന്‍ കഥൈ എന്ന സിനിമയിലൂടെയാണ് താനും ആര്യയും പരിചയപ്പെട്ടതെന്ന് സന്താനം കൂട്ടിച്ചേര്‍ത്തു.

ആ സമയത്ത് പലരോടും താന്‍ സൗത്ത് ഇന്ത്യയിലെ കോമഡി സൂപ്പര്‍സ്റ്റാറാണെന്ന് ആര്യ പറഞ്ഞിട്ടുണ്ടായിരുന്നെന്നും അത് തനിക്ക് പല രീതിയിലും തലവേദനയായി മാറിയെന്നും സന്താനം പറഞ്ഞു. സേട്ടൈ എന്ന സിനിമയില്‍ ‘കോമഡി സൂപ്പര്‍സ്റ്റാര്‍ സന്താനം’ എന്ന ടൈറ്റില്‍ തനിക്ക് നിര്‍ദേശിച്ചത് ആര്യയായിരുന്നെന്നും സന്താനം പറയുന്നു.

ലിംഗാ എന്ന സിനിമ ചെയ്യുന്ന സമയത്ത് രജിനികാന്ത് ആ ടൈറ്റിലിനെപ്പറ്റി തന്നോട് ചോദിച്ചെന്നും അത് കേട്ട് താന്‍ വല്ലാതായെന്നും സന്താനം കൂട്ടിച്ചേര്‍ത്തു. ആര്യയാണ് അതിന് കാരണമെന്ന് പറഞ്ഞിട്ടും രജിനികാന്ത് അത് വിശ്വസിച്ചില്ലെന്നും തന്നെ വല്ലാത്ത രീതിയില്‍ പെടുത്തിയ ആളാണ് ആര്യയെന്നും സന്താനം പറഞ്ഞു. ഡി.ഡി നെക്സ്റ്റ് ലെവല്‍ സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു സന്താനം.

‘ആര്യ എനിക്ക് തന്ന പണികള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല. ആദ്യമായി ആര്യയെ കാണുന്നത് ഒരു കല്ലൂരിയിന്‍ കഥൈ എന്ന പടത്തിന്റെ സമയത്താണ്. ഞാനാണെങ്കില്‍ മൂന്ന് നാല് പടം ചെയ്ത് പോപ്പുലറായി വരുന്നതേയുണ്ടായിരുന്നുള്ളൂ. അവിടെ വെച്ച് പലരോടും ഞാന്‍ സൗത്ത് ഇന്ത്യയിലെ കോമഡി സൂപ്പര്‍സ്റ്റാറാണെന്ന് ആര്യ തട്ടിവിട്ടു. ആ പടം കഴിഞ്ഞിട്ടും അവന്‍ ആ ടൈറ്റില്‍ വിട്ടിട്ടില്ലായിരുന്നു. സേട്ടൈ എന്ന പടത്തില്‍ ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു.

ആ പടത്തില്‍ ‘കോമഡി സൂപ്പര്‍സ്റ്റാര്‍ സന്താനം എന്ന ടൈറ്റിലില്‍ എന്നെ പ്രസന്റ് ചെയ്യാന്‍ പറഞ്ഞത് ആര്യയായിരുന്നു. ലിംഗാ എന്ന പടത്തില്‍ വര്‍ക്ക് ചെയ്ത സമയത്ത് രജിനി സാര്‍ എന്നോട് ‘നിങ്ങളാണോ കോമഡി സൂപ്പര്‍സ്റ്റാര്‍’ എന്ന് ചോദിച്ചു. ഞാന്‍ ആകെ വല്ലാതായി. ആര്യയാണ് അങ്ങനെ വെച്ചതെന്ന് പറഞ്ഞപ്പോള്‍ ‘നിങ്ങളറിയാതെ ഇത് നടക്കുമോ’ എന്ന് തിരിച്ചു ചോദിച്ചു. എന്നെ അത്ര വലിയ പ്രശ്‌നത്തില്‍ പെടുത്തിയ ആളാണ് ആര്യ,’ സന്താനം പറഞ്ഞു.

Content Highlight: Santhanam about his friendship with Arya

We use cookies to give you the best possible experience. Learn more