ചെറുപ്പം മുതലേ നേരിടേണ്ടി വന്ന വെറുപ്പുകളോട് പൃഥ്വി ഇപ്പോൾ പൊരുത്തപ്പെട്ടു കഴിഞ്ഞു: സഞ്ജു ശിവറാം
malayalam movie
ചെറുപ്പം മുതലേ നേരിടേണ്ടി വന്ന വെറുപ്പുകളോട് പൃഥ്വി ഇപ്പോൾ പൊരുത്തപ്പെട്ടു കഴിഞ്ഞു: സഞ്ജു ശിവറാം
നന്ദന. ടി
Tuesday, 1st September 2026, 1:11 pm

2012-ൽ പുറത്തിറങ്ങിയ നി കൊ ഞാ ചാ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന നടനാണ് സഞ്ജു ശിവറാം. പിന്നീട് ഹലോ നമസ്തേ, അച്ചായൻസ്, മസ്തിഷ്ക മരണം, ഐ നോബഡി എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ പൃഥ്വിരാജ് ചിത്രം ഖലീഫയിലെ സമദ് എന്ന കഥാപാത്രത്തിലൂടെ സഞ്ജു വീണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്.

ഇപ്പോഴിതാ ഒരു സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ വ്യത്യസ്ത പ്രതികരണങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയാണ് സഞ്ജു ശിവറാം. ചില സമയങ്ങളിൽ അഭിനേതാക്കൾക്ക് നേരെ ഉണ്ടാകുന്ന അനാവശ്യമായ ടാർഗറ്റഡ് അറ്റാക്കുകളെ അതിജീവിക്കുന്നതിന് ഉദാഹരണമായി പൃഥ്വിരാജിന്റെ അനുഭവങ്ങളെയും നടൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സഞ്ജു ശിവറാം. Photo. Screen grab/ Youtube

തന്നെ സംബന്ധിച്ചിടത്തോളം ഒരു സിനിമയെ ഇഷ്ടപ്പെടാൻ അതിലെ അഭിനേതാക്കളുടെ പ്രകടനം, സംവിധാനം, കഥ തുടങ്ങി വ്യത്യസ്ത ഘടകങ്ങൾ കാരണമാകാറുണ്ട് എന്ന് പറയുകയാണ് സഞ്ജു ശിവറാം. സിനിമകൾക്ക് വരുന്ന നെഗറ്റീവ് റിവ്യൂകൾ പ്രേക്ഷകരുടെ വ്യക്തിപരമായ അഭിപ്രായങ്ങളായി കാണാനാണ് ശ്രമിക്കാറുള്ളതെന്നും നടൻ പറഞ്ഞു

‘ഞാൻ പേഴ്‌സണലി ഒരു സിനിമ കാണാൻ പോകുന്നത് അത് ഇഷ്ടപ്പെടാൻ വേണ്ടിയാണ്, അതിന് എനിക്ക് നൂറു കാരണങ്ങളും ഉണ്ട്. സിനിമയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ആ മേഖലയിലെ ഒരു വിദ്യാർത്ഥി കൂടിയാണ്.

അപ്പോൾ സിനിമയിലെ അഭിനേതാക്കളുടെ പെർഫോമൻസ് കൊണ്ട് എനിക്കത് ഇഷ്ടപ്പെടാം, അല്ലെങ്കിൽ അതിലെ കഥ, ഡയറക്ഷൻ, മ്യൂസിക് തുടങ്ങിയ കാര്യങ്ങൾ കൊണ്ടൊക്കെ എനിക്ക് ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇതിൽ ഏത് ഘടകം കൊണ്ടും ഞാൻ ഒരു സിനിമ കണ്ടു ഹാപ്പിയാകാം. ഇനി ഒരു സിനിമയെ കുറിച്ച് ഒരാൾ നെഗറ്റീവ് പറഞ്ഞാൽ അതവരുടെ വ്യക്തിപരമായ അഭിപ്രായമാണ്,’ സഞ്ജു പറഞ്ഞു.

എന്നാൽ ചില സമയങ്ങളിൽ ഒരു അഭിനേതാവിനെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ടാർഗറ്റഡ് അറ്റാക്കുകൾ ശ്രദ്ധയിൽപ്പെടാറുണ്ടെന്നും സഞ്ജു കൂട്ടിച്ചേർക്കുന്നു. നടൻ പൃഥ്വിരാജ് ഇതിന്റെ ഒരു ഉദാഹരണമാണെന്നും അദ്ദേഹം പറയുന്നു

‘ചില സമയങ്ങളിൽ ടാർഗറ്റഡ് അറ്റാക്ക് ഫീൽ ചെയ്യാറുണ്ട്. ഉദാഹരണത്തിന് പൃഥ്വിരാജിന്റെയൊക്കെ സിനിമകൾ ഇറങ്ങുമ്പോൾ അങ്ങനെ തോന്നിയിട്ടുണ്ട്. പക്ഷേ അദ്ദേഹം ഇതിലൊന്നും ബോതേർഡ് അല്ല. ഞാൻ പേഴ്‌സണലി ചോദിച്ചിട്ടുണ്ട്, എത്രയോ കാലമായില്ലേ ഇത്, ഇത് എങ്ങനെ ഓവർകം ചെയ്യുന്നു ഇതിനോട് പൊരുത്തപ്പെട്ടു പോയതാണോ എന്ന്.

 Empuran controversy; Prithviraj shares Mohanlal's apology post

പൃഥ്വിരാജ് . Photo. Screen grab/ Youtube

അപ്പോൾ അദ്ദേഹം ഒന്ന് ചിരിക്കുകയേ ചെയ്തുള്ളൂ. ഞാനൊക്കെ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് പൃഥ്വിയുടെ സത്യം എന്ന സിനിമ ഇറങ്ങുന്നത്. അത്തരം ഹേറ്റ് ആ കാലം തൊട്ടേ ഉണ്ട്, അന്നൊക്കെ അദ്ദേഹം വളരെ ചെറുപ്പമാണ്. അപ്പോൾ അത് കേട്ട് കേട്ട് അദ്ദേഹം ലീസ്റ്റ് ബോദേർഡ് ആവുകയും അദ്ദേഹത്തിന്റെ വളർച്ച കൂടുതൽ സ്ട്രോങ് ആവുകയുമാണ് ചെയ്തത്,’ സഞ്ജു ശിവറാം പറഞ്ഞു.

Content Highlight: Sanju Sivaram talks about targeted hatred faced by Prithviraj

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം