2012ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘നീ കൊ ഞാ ചാ’യിലൂടെ മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് അഭിനേതാവാണ് സഞ്ജു ശിവറാം. നിവിന്‍ പോളി നായകനായ ഹിറ്റ് ചിത്രം 1983യിലൂടെയും സഞ്ജു ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ചിരുന്നു. പിന്നീട് ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായ സഞ്ജു 1000 ബേബീസ് എന്ന വെബ് സിരീസിലൂടെയും ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഐ നോബഡി എന്ന ചിത്രത്തില്‍ വേഷമിട്ട സഞ്ജു പ്രധാനവേഷത്തിലെത്തി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് പൃഥ്വിരാജ് നായകനാകുന്ന ഖലീഫ.

അടുത്ത മാസം ഓണം ക്ലാഷ് റിലീസായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. ചിത്രത്തില്‍ മോഹന്‍ലാലും പ്രധാനവേഷത്തിലെത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ വലിയ ആവേശത്തിലായിരുന്നു ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് എടുത്ത എഫേര്‍ട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു ശിവറാം. വൈബ് എഫ്.എം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഞ്ജു ശിവറാം. Photo: Screen Grab/ VibeFM/ Youtube.com

‘ഖലീഫയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഒരു ഫൈറ്റ് സീനുണ്ടായിരുന്നു. രാത്രിയിലായിരുന്നു അതിന്റെ ഷൂട്ടിങ് മുഴുവനും. ഏകദേശം പത്ത് ദിവസത്തോളം ആ ഫൈറ്റിന് വേണ്ടി ഷൂട്ട് ചെയ്തു. ഈ പത്ത് ദിവസവും പൃഥ്വിരാജ് ഈ ഫൈറ്റിന് വേണ്ടി വലിയ കമ്മിറ്റ്‌മെന്റ് ആണ് കാണിച്ചത്. സാധാരണയായി ഫൈറ്റ് സീനെല്ലാം ചെയ്യുമ്പോള്‍ കുറച്ച് കഴിയുമ്പോള്‍ തന്നെ ഞാന്‍ ക്ഷീണിക്കും. പക്ഷേ ഈ സിനിമയില്‍ അതിന് സ്‌കോപില്ല. കാരണം ഈ മനുഷ്യന്‍ ഫുള്‍ എനര്‍ജിയില്‍ ഫുള്‍ ഓണായിട്ട് നില്‍ക്കുകയാണ്. എല്ലാത്തിലും അദ്ദേഹം ഇന്‍വോള്‍വ് ആയി നില്‍ക്കുകയാണ്.

ഫൈറ്റ് സീനിനെ കുറിച്ച് പറയുമ്പോള്‍ സ്റ്റണ്ട് മാസ്റ്റര്‍ ഒരു തവണ പറഞ്ഞ് കൊടുത്താല്‍ പൃഥ്വിയ്ക്ക് അത് മനസിലാകും. ഫൈറ്റിനിടയില്‍ ഒരു മൂവ്‌മെന്റ് മാറിയാല്‍ തന്നെ അദ്ദേഹത്തിന് അത് മനസിലാകും. വൈശാഖേട്ടനോട് ഞാന്‍ ചോദിച്ചപ്പോള്‍ പൃഥ്വിരാജിനെ കിട്ടിയത് വലിയ ബ്ലെസിങ് ആണെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന് എന്താണ് വേണ്ടതെന്ന് ഒരു തവണ പറയുമ്പോള്‍ തന്നെ പൃഥ്വിയ്ക്ക് മനസിലാകുന്നുണ്ട്. ഇതെല്ലാം സംവിധായകനെ വലിയ രീതിയില്‍ സഹായിക്കുന്നുണ്ട്,’ സഞ്ജു പറഞ്ഞു.

Photo: X.com

ഈ വര്‍ഷം പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ വിലായത്ത് ബുദ്ധയും ഐ നോബഡിയും പരാജയമായ സാഹചര്യത്തില്‍ ഖലീഫ വലിയ വിജയമാകണമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ജേക്ക്സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ കഴിഞ്ഞ ദിവസം പുറത്തുവന്ന അസലായവളേ എന്ന ഗാനം വലിയ രീതിയില്‍ വൈറലായിരുന്നു. ഇതിന് മുമ്പ് പുറത്തുവന്ന ചിത്രത്തിന്റെ ടീസറിലെ ബി.ജി.എമ്മും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരുന്നു.

Content Highlight: Sanju Sivaram talks about Prithviraj Sukumaran’s  Commitment for action sequences