ക്ഷമ വേണം, സമയമെടുക്കും; സഞ്ജുവിന് ദ്രാവിഡിന്റെ പിന്തുണ
India vs Sri Lanka
ക്ഷമ വേണം, സമയമെടുക്കും; സഞ്ജുവിന് ദ്രാവിഡിന്റെ പിന്തുണ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 30th July 2021, 12:01 pm

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടി-20 യില്‍ ബാറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതിരുന്ന സഞ്ജു സാംസണെ പിന്തുണച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. സഞ്ജു അടക്കമുള്ള യുവതാരങ്ങളെ എഴുതിത്തള്ളരുതെന്ന് ദ്രാവിഡ് പറഞ്ഞു.

‘ബാറ്റ് ചെയ്യാന്‍ ഒട്ടും എളുപ്പമുള്ള പിച്ചായിരുന്നില്ല അത്. ഏകദിനത്തില്‍ അവന് (സഞ്ജു) ഒരു അവസരം ലഭിച്ചു. 46 റണ്‍സും നേടി. ആദ്യ ടി-20 യിലും തരക്കേടില്ലാതെ ബാറ്റ് ചെയ്തു. അവസാന രണ്ട് ടി-20 യിലും പിച്ച് വെല്ലുവിളി നിറഞ്ഞതായിരുന്നു,’ ദ്രാവിഡ് പറഞ്ഞു.

ടി-20 പരമ്പരയിലെ പ്രകടനം നിരാശപ്പെടുത്തുന്നത് തന്നെയായിരുന്നു. പക്ഷെ സഞ്ജുവെന്നല്ല, ഈ ടീമിലെ എല്ലാവരും നല്ല പ്രതിഭയുള്ളവരാണെന്നും ദ്രാവിഡ് പറഞ്ഞു. അവര്‍ക്കൊപ്പം ക്ഷമയോടെ നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവസരം ലഭിച്ചാല്‍ മാത്രമെ യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനാകൂയെന്നും ദ്രാവിഡ് പറഞ്ഞു.

കേരളത്തിന് വേണ്ടി മികച്ച പ്രകടനം നടത്തി ഐ.പി.എല്ലിലെത്തിയ താരമാണ് സഞ്ജു സാംസണ്‍. ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരുന്നപ്പോഴാണ് സഞ്ജു ടീമിലെത്തുന്നത്.

ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും ദേശീയ ടീമില്‍ ലഭിക്കുന്ന അവസരം മുതലാക്കാന്‍ സഞ്ജുവിനായിരുന്നില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ ഇതുവരെ കളിച്ച ഒമ്പത് ടി-20 മത്സരങ്ങളിലും സഞ്ജു പരാജയമായിരുന്നു.