കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണ്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി കളത്തിലിറങ്ങും. താരലേലത്തില്‍ 26,80,000 രൂപയ്ക്കാണ് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്.
മൂന്ന് ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ലേലത്തില്‍ തൃശൂര്‍ ടൈറ്റന്‍സും അദാനി ട്രിവാന്‍ഡ്രം റോയല്‍സും സഞ്ജുവിനായി രംഗത്തുണ്ടായിരുന്നു. ഇതില്‍ കൊച്ചിയും തൃശൂരും തമ്മിലാണ് വാശിയേറിയ മത്സരം നടന്നത്.
ഒടുവില്‍ രാജസ്ഥാന്‍ നായകനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ സീസണില്‍ തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് പുറത്തെടുത്തത്. ആറ് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ അഞ്ചാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.
കളിച്ച പത്ത് മത്സരത്തില്‍ വെറും മൂന്ന് മത്സരത്തില്‍ മാത്രമാണ് ടീം വിജയിച്ചത്. ഏഴിലും പരാജയപ്പെട്ടു. കൊച്ചി ബ്ലൂ ടൈഗേഴ്‌സിനാക്കാള്‍ ഒരു മത്സരം അധികം വിജയിച്ചതിന്റെ കരുത്തിലാണ് തൃശൂര്‍ ടൈറ്റന്‍സ് കേരള ക്രിക്കറ്റ് ലീഗ് 2024ന്റെ നോക്ക്ഔട്ട് പോരാട്ടത്തിന് യോഗ്യത നേടിയത്.
ഇത്തവണ സഞ്ജുവിനെ ടീമിലെത്തിച്ച് കിരീടം സ്വന്തമാക്കാന്‍ തന്നെയാണ് ബ്ലൂ ടൈഗേഴ്‌സ് ഒരുങ്ങുന്നത്.
അതേസമയം, ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാവുകയയാണ്. ഐ.പി.എല്‍ 2026ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം സഞ്ജു കളത്തിലിറങ്ങേയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നേരത്തെ സൂപ്പര്‍ കിങ്‌സ് വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല.
എന്നാല്‍ സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചെന്നൈ പ്രതികരിച്ചതിനു പിന്നാലെ മറ്റ് ടീമുകളും താരത്തിനായി ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ചെന്നൈ പ്രതിനിധിയെ ഉദ്ധരിച്ച് ക്രിക്ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സഞ്ജുവിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും മുംബൈ ഇന്ത്യന്‍സും ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
സഞ്ജുവിനെ ടീമിലെത്തിക്കാന്‍ താത്പര്യമുണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും, ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക തലത്തില്‍ നീക്കങ്ങളൊന്നും ആരംഭിച്ചിട്ടില്ലെന്നാണ് ചെന്നൈയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തത്.
Content Highlight: Sanju Samson will play for Kochi Blue Tigers in Kerala Cricket League 2025