ഈ വരുന്ന ഏഷ്യാ കപ്പില്‍ സഞ്ജു സാംസണ്‍ റാഷിദ് ഖാനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടിരുന്നു. സഞ്ജു മികച്ച സിക്‌സ് ഹിറ്ററാണെന്നും ഏഷ്യാ കപ്പില്‍ റാഷിദ് ഖാന് സഞ്ജുവിനെക്കാള്‍ മികച്ച ഒരു എതിരാളിയുണ്ടാകില്ല എന്നാണ് കൈഫ് പറഞ്ഞത്.
‘ഐ.പി.എല്ലിലെ ഏറ്റവും മികച്ച പത്ത് സിക്സ് ഹിറ്റര്‍മാരില്‍ ഒരാളാണ് സഞ്ജു സാംസണ്‍. ഇക്കാരണത്താലാണ് മിഡില്‍ ഓര്‍ഡറില്‍ റാഷിദ് ഖാന്‍ പന്തെറിയാനെത്തുമ്പോള്‍ അദ്ദേഹത്തിനെതിരെ സഞ്ജുവിനേക്കാള്‍ മികച്ച ഒരു താരമില്ലെന്ന് ഞാന്‍ കരുതുന്നത്. സഞ്ജുവിന് അനായാസം സിക്‌സറുകള്‍ നേടാന്‍ സാധിക്കും.
ബാറ്റിങ് ബുദ്ധിമുട്ടേറിയ സൗത്ത് ആഫ്രിക്ക പോലുള്ള സ്ഥലത്ത് ഓപ്പണറായി അവന്‍ രണ്ട് സെഞ്ച്വറികളാണ് നേടിയത്. പേസിനെതിരെയും സ്പിന്നിനെതിരെയും അവന്‍ മികച്ച രീതിയില്‍ കളിക്കുന്നു. ഐ.പി.എല്ലില്‍ എല്ലാ വര്‍ഷവും അവന്‍ 400 – 500 റണ്‍സ് നേടുന്നു,’ എന്നായിരുന്നു മുഹമ്മദ് കൈഫ് പറഞ്ഞത്.
എതിരാളികളുടെ സ്പിന്‍ നിരയ്ക്ക് സഞ്ജു സാംസണ്‍ എന്നും പേടി സ്വപ്‌നമാണ്. ബംഗ്ലാദേശിന്റെ റിഷാദ് ഹൊസൈനെതിരെ ഒരു ഓവറില്‍ നേടിയ അഞ്ച് സിക്‌സറുകള്‍ ഇത് അടിവരയിടുന്നതുമാണ്.
ഫിയര്‍ലെസ് അറ്റാക്കിങ് ക്രിക്കറ്റ് പുറത്തെടുക്കുന്ന താരം വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന് മുന്‍തൂക്കം നല്‍കുന്ന പക്കാ ടീം മാന്‍ കൂടിയാണ്. നാല്‍പ്പതുകളിലോ തൊണ്ണൂറുകളിലോ നില്‍ക്കുമ്പോഴും സഞ്ജു അറ്റാക്കിങ് ഷോട്ട് കളിക്കാന്‍ ശ്രമിക്കുന്നതും അതുകൊണ്ട് തന്നെയാണ്.
എന്നാല്‍ കൈഫ് പറഞ്ഞതുപോലെ ടി-20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച സ്പിന്നറായ റാഷിദ് ഖാനെ അടിച്ചൊതുക്കാന്‍ ഇതുകൊണ്ട് മാത്രം സഞ്ജുവിന് സാധിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അന്താരാഷ്ട്ര ടി-20യിലും ടി-20 ഫോര്‍മാറ്റില്‍ തന്നെയും ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരമാണ് റാഷിദ് ഖാന്‍. സഞ്ജുവിനെതിരെ അഫ്ഗാന്‍ സ്പിന്‍ വിസാര്‍ഡിന്റെ ട്രാക്ക് റെക്കോഡും മികച്ചതാണ്.
ടി-20യില്‍ അന്താരാഷ്ട്ര തലത്തില്‍ ഇരുവരും ഇതുവരെ നേര്‍ക്കുനേര്‍ വന്നിട്ടില്ല. എന്നാല്‍ ഐ.പി.എല്ലില്‍ ഇരുവരും കൊമ്പുകോര്‍ത്തിട്ടുമുണ്ട്.
ഐ.പി.എല്ലില്‍ ഒരിക്കല്‍ മാത്രമാണ് റാഷിദ് ഖാന് സഞ്ജു സാംസണെ പുറത്താക്കാന്‍ സാധിച്ചത്. എന്നാല്‍ ഇക്കാരണം കൊണ്ട് സഞ്ജു vs റാഷിദ് ഹെഡ് ടു ഹെഡ്ഡില്‍ സഞ്ജു വിജയിച്ചുവെന്ന് ഒരിക്കലും പറയാനും സാധിക്കില്ല.
റാഷിദ് ഖാന്റെ 108 പന്തുകളാണ് സഞ്ജു ഇതുവരെ നേരിട്ടത്. നേടിയത് 121 റണ്‍സും. 121.00 എന്ന മികച്ച ബാറ്റിങ് ശരാശരിയുണ്ടെങ്കിലും സ്‌ട്രൈക്ക് റേറ്റ് പരിശോധിക്കുമ്പോള്‍ അത് വെറും 112.03 മാത്രമാണെന്നും കാണാം.
റാഷിദിന്റെ സ്പിന്‍ തന്ത്രങ്ങള്‍ക്കെതിരെ സഞ്ജു ശ്രദ്ധാപൂര്‍വം മാത്രമാണ് ബാറ്റ് വീശുന്നത് എന്നതിന്റെ തെളിവാണിത്. എന്നാല്‍ റാഷിദിനെതിരെ അഞ്ച് വീതം സിക്‌സറും അത്ര തന്നെ ഫോറും നേടിയ സഞ്ജു, സൂപ്പര്‍ താരത്തിനെതിരെ തനിക്ക് ബൗണ്ടറി നേടാന്‍ സാധിക്കുമെന്നും തെളിയിച്ചിട്ടുണ്ട്.
ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇരുവരും തുല്യശക്തികളാണെന്ന് കാണാം.
ഏഷ്യാ കപ്പിനെത്തും മുമ്പ് ഇരുവരും റെഡ് ഹോട്ട് ഫോമിലാണ്. അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരമെന്ന പൊന്നിന്‍കിരീടത്തോടെയാണ് റാഷിദ് ഖാന്‍ ഏഷ്യ കീഴടക്കാന്‍ എത്തുന്നത്. അതേസമയം സഞ്ജു സാംസണാകട്ടെ, കേരള ക്രിക്കറ്റ് ലീഗില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചാണ് ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ടൂര്‍ണമെന്റിലെ അഞ്ച് ഇന്നിങ്‌സില്‍ നിന്നും 30 സിക്‌സറാണ് താരം അടിച്ചെടുത്തത്, ശരാശരി ഒരു ഇന്നിങ്‌സില്‍ ആറെണ്ണം വീതം! ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ കാണികള്‍ക്ക് വിരുന്നാകുമെന്നുറപ്പാണ്.
ഏഷ്യാ കപ്പില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും രണ്ട് ഗ്രൂപ്പിലാണ്. ഇതുകൊണ്ട് തന്നെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വരില്ല. എന്നാല്‍ ഒരുപക്ഷേ സൂപ്പര്‍ ഫോറില്‍ വീറും വാശിയും നിറഞ്ഞ സ്റ്റാര്‍ ബാറ്റിലിന് സാക്ഷ്യം വഹിക്കാന്‍ ആരാധകര്‍ക്ക് സാധിച്ചേക്കും.
Content Highlight: Sanju Samson vs Rashid Khan: Head To Head stats