| Friday, 27th February 2026, 8:06 am

വെടിക്കെട്ട് വീരന്മാരെ ഒന്നടങ്കം വെട്ടി 'സൂപ്പര്‍ ഹിറ്റ്'; വെടിച്ചില്ല് റെക്കോഡില്‍ സഞ്ജു!

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ സിംബാബ്‌വേക്കെതിരെയുള്ള മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ടോടെയായിരുന്നു ഇന്ത്യയുടെ ഇന്നിങ്‌സിന് തുടക്കം. വലിയ സ്‌കോര്‍ കണ്ടെത്താതെ മടങ്ങിയെങ്കിലും താരത്തിന്റെ ഇന്നിങ്സ് ടീം ടോട്ടലിന് വലിയ അടിത്തറ പാകിയിരുന്നു. ഈ തുടക്കം നല്‍കിയ ബലത്തിലാണ് ഇന്ത്യ 256 എന്ന ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌കോര്‍ ഉയര്‍ത്തിയത്.

മത്സരത്തില്‍ ഓപ്പണറായി കളത്തിലെത്തിയ 15 പന്തില്‍ 24 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. താരം ബാറ്റേന്തിയത് 160.00 സ്‌ട്രൈക്ക് റേറ്റിലായിരുന്നു. ഒരു ഫോറും രണ്ട് സിക്‌സുകളും അടങ്ങുന്നതായിരുന്നു മലയാളി താരത്തിന്റെ ഇന്നിങ്സ്.

സഞ്ജു സാംസൺ. Photo: Team Samson/x.com

ഇതോടെ ഒരു സൂപ്പര്‍ നേട്ടത്തിലും സഞ്ജു തന്റെ പേര് എഴുതി ചേര്‍ത്തു. ടീം സ്‌കോര്‍ 250+ ഉള്ള മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരം എന്ന നേട്ടമാണ് 31കാരന്‍ സ്വന്തമാക്കിയത്. 19 സിക്‌സുകളുമായാണ് താരത്തിന്റെ ഈ നേട്ടം.

ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ടിനെ മറികടന്നാണ് സഞ്ജു ഈ നേട്ടത്തിലെത്തിയത്. സാള്‍ട്ടിന് 18 സിക്‌സുകളാണുള്ളത്.

250+ ടീം ടോട്ടലില്‍ ഏറ്റവും കൂടുതല്‍ ടി – 20ഐ സിക്‌സുകള്‍ നേടിയ താരങ്ങള്‍

(താരം – ടീം – സിക്‌സുകള്‍ എന്നീ ക്രമത്തില്‍)

സഞ്ജു സാംസണ്‍ – ഇന്ത്യ – 19

ഫില്‍ സാള്‍ട്ട് – ഇംഗ്ലണ്ട് – 18

ഹസ്റത്തുള്ള സസായ് – അഫ്ഗാനിസ്ഥാന്‍ – 16

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 13

ഇഷാന്‍ കിഷന്‍ – ഇന്ത്യ – 11

ജോണ്‍സന്‍ ചാള്‍സ് – വെസ്റ്റ് ഇന്‍ഡീസ് – 11

ഇന്ത്യക്കായി അഭിഷേക് ശര്‍മ 30 പന്തില്‍ 55 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 23 പന്തില്‍ പുറത്താവാതെ 50 റണ്‍സുമെടുത്ത് തിളങ്ങി. ഇവര്‍ക്കൊപ്പം തിലക് വര്‍മ (16 പന്തില്‍ 44*), ഇഷാന്‍ കിഷന്‍ (24 പന്തില്‍ 38), സൂര്യകുമാര്‍ യാദവ് (13 പന്തില്‍ 33) എന്നിവരും ടീം സ്‌കോറിലേക്ക് ചേര്‍ത്തു.

അഭിഷേക് ശര്‍മ. Photo: BCCI/x.com

സിംബാബ്‌വേക്ക് വേണ്ടി റിച്ചാര്‍ഡ് എന്‍ഗരാവ, ബ്ലെസിങ് മുസാരബാനി, മപാസ, സിക്കന്ദര്‍ റാസ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങില്‍ സിംബാബ്‌വേക്കായി ബ്രയാന്‍ ബെന്നെറ്റാണ് തിളങ്ങിയത്. താരം 59 പന്തില്‍ പുറത്താകാതെ 97 റണ്‍സെടുത്തു. സിക്കന്ദര്‍ റാസ 21 പന്തില്‍ 31 റണ്‍സും തടിവനാഷെ മരുമാനി 20 പന്തില്‍ 20 റണ്‍സും സംഭാവന ചെയ്തു.

ബ്രയാൻ ബെന്നെറ്റ്. Photo: Zimbabwe Cricket/x.com

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, ശിവം ദുബെ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

Content Highlight: Sanju Samson tops the list of most T20I Sixes in 250+ Team totals with his knock in Ind vs Zim match in T20 World Cup 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more