| Tuesday, 23rd June 2026, 10:54 pm

പുതുനേട്ടം തൂക്കാന്‍ സഞ്ജു; കണ്ണുവെക്കുന്നത് എലീറ്റ് ലിസ്റ്റിലേക്ക്

ഫസീഹ പി.സി.

ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള ടി – 20 പരമ്പരയ്ക്ക് ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യ ടി – 20 പരമ്പരയാണിത്.

പരമ്പരയില്‍ രണ്ട് ടി -20 മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ജൂണ്‍ 26ന് ആദ്യ ടി – 20 മത്സരത്തിനും 28ന് രണ്ടാം മത്സരത്തിലുമാണ് ഇന്ത്യ കളത്തിലിറങ്ങുക.

ടി – 20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായതിന് ശേഷം മലയാളി താരം സഞ്ജു സാംസണ്‍ ഇറങ്ങുന്ന ആദ്യ പരമ്പരയാണ് എന്ന പ്രത്യേകതയുമുണ്ട് ഇതിന്. ഈ പരമ്പരയില്‍ കളത്തിലിറങ്ങുമ്പോള്‍ വിക്കറ്റ് കീപ്പര്ക്ക് ഒരു നാഴികക്കല്ല് പിന്നിടാനുള്ള അവസരമുണ്ട്.

അന്താരാഷ്ട്ര ടി -20യില്‍ 1500 റണ്‍സെന്ന മൈല്‍സ്റ്റോണ്‍ സ്വന്തമാക്കാനുള്ള അവസരമാണ് സഞ്ജുവിന് മുന്നിലുള്ളത്. ഈ നേട്ടത്തിലെത്താന്‍ താരത്തിന് വേണ്ടത് 101 റണ്‍സ് മാത്രമാണ്.

കുട്ടി ക്രിക്കറ്റില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ ഇതുവരെ സഞ്ജുവിന് 1399 റണ്‍സുണ്ട്. 62 ടി -20 മത്സരങ്ങളില്‍ കളിക്കാന്‍ താരം ഇത്രയും റണ്‍സ് തന്റെ അക്കൗണ്ടിലെത്തിച്ചത്. മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും മലയാളി താരം കുട്ടി ക്രിക്കറ്റില്‍ നേടിയിട്ടുണ്ട്.

ഇന്ത്യക്ക് വേണ്ടി ടി -20യില്‍ 1500 റണ്‍സ് പിന്നിട്ടത് എട്ട് താരങ്ങള്‍ മാത്രമാണ്. വിരാട് കോഹ്ലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, എം.എസ് ധോണി, സുരേഷ് റെയ്‌ന എന്നിവരാണ് ഇതുവരെ ഈ നാഴികക്കല്ലിലെത്തിയവര്‍.

ടി – 20 ലോകകപ്പിലും അത് കഴിഞ്ഞെത്തിയ ഐ.പി.എല്ലിലും നടത്തിയ മിന്നും പ്രകടനം ഈ പരമ്പരയിലും ആവര്‍ത്തിച്ചാല്‍ ഈ നേട്ടം സഞ്ജുവിന് അനായാസം സ്വന്തമാക്കാന്‍ സാധിക്കും. താരം തിളങ്ങുമോയെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.

Content Highlight: Sanju Samson to join the Indian players with 1500 T20I runs

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more