ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം, രജിനി സാറിനെ കാണണം അതായിരുന്നു ഏറ്റവും വലിയ ആഗ്രഹങ്ങൾ: സഞ്ജു
indian cinema
ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം, രജിനി സാറിനെ കാണണം അതായിരുന്നു ഏറ്റവും വലിയ ആഗ്രഹങ്ങൾ: സഞ്ജു
നന്ദന എം.സി
Friday, 6th March 2026, 12:43 pm

സാധാരണക്കാർ മാത്രമല്ല, പല മേഖലകളിൽ നിന്നുള്ള പ്രമുഖരുമുണ്ട് സൂപ്പർസ്റ്റാർ രജിനികാന്തിന്റെ ആരാധകരുടെ കൂട്ടത്തിൽ. അവരിൽ ഒരാളാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ചെറുപ്പം മുതലേ ഒരു കടുത്ത രജനി ആരാധകനായ താരം പണ്ട് രജിനിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.

തന്റെ അഞ്ചാം വയസിൽ രജിനിസാറിനെ കാണണമെന്നായിരുന്നു ആഗ്രഹമെന്നും അത് പോലെ ഒരു പത്താം വയസിലാണ് തനിക്ക് ഇന്ത്യക്ക് വേണ്ടി കളിക്കണമെന്ന ആഗ്രഹം വന്നതെന്നും ഇന്ന് ഈ നിമിഷം അതെല്ലാം സാധിച്ചെന്നും പറയുകയാണ് സഞ്ജു.

‘ഞങ്ങൾ ഡെല്ലിയിലായിരുന്നു താമസം. അവിടെ നിന്ന് തിരുവനന്തപുരം എത്തണമെങ്കിൽ ചെന്നൈയിൽ ഇറങ്ങണം. അപ്പോൾ ഞാൻ വളരെ ചെറുപ്പമായിരുന്നു.

രജനികാന്ത്, Photo: IMDb

ഇത് എല്ലാം അമ്മയും അച്ഛനും പറയുന്ന കഥകളാണ്. എങ്കിലും ചെറിയൊരു ഓർമ എനിക്ക് ഉണ്ട്. അങ്ങനെ ഞങ്ങൾ യാത്ര ചെയ്യുമ്പോൾ ഞാൻ അമ്മയോട് ചോദിച്ചു ‘അമ്മേ, ഇത് ഏതാണ് സ്ഥലം?’ അമ്മ പറഞ്ഞു ‘ചെന്നൈ’. ഉടൻ തന്നെ എനിക്ക് രജിനി സാറിന്റെ വീട്ടിലേക്ക് പോകണം, ഇപ്പോൾ തന്നെ പോകണം എന്ന് പറഞ്ഞ് ഞാൻ വലിയ ബഹളം വെച്ചു.

അപ്പോൾ അച്ഛൻ പറഞ്ഞു ഇപ്പോൾ പോയാൽ നിനക്ക് കാണാൻ കഴിയില്ല. നീ വലുതാകുമ്പോൾ ഒറ്റയ്ക്ക് അദ്ദേഹത്തിന്റെ വീട്ടിൽ പോയിക്കോ.’ അതിന് ഞാൻ പറഞ്ഞു ‘ഒരു ദിവസം ഞാൻ പോകും.’ എന്താണെന്ന് അറിയില്ല, മനസിനകത്ത് ആ ആഗ്രഹം എപ്പോഴും ഉണ്ടായിരുന്നു.

അങ്ങനെ കുറെ വർഷങ്ങൾക്ക് ശേഷം ഇന്ത്യയ്ക്കായി കളിച്ചപ്പോൾ ഇനി പോകാം എന്നൊരു തോന്നൽ ഉണ്ടായി. ചെന്നൈയിൽ മത്സരങ്ങൾക്കായി പോകുമ്പോൾ അവിടെയുള്ള സിനിമാ ഇൻഡസ്ട്രിയിൽ ഉള്ള സുഹൃത്തുക്കളോട് ഞാൻ ചോദിക്കാറുണ്ടായിരുന്നു രജിനി സാർ ഫ്രീ ആണോ എന്ന്. അങ്ങനെ പല തവണ പ്ലാനിങ്ങുകൾ നടത്തി, പക്ഷേ ഒന്നും നടക്കാതെ പോയി. അവസാനം ഞാൻ തന്നെ പറഞ്ഞു ‘എനിക്ക് ഇനി കാണണ്ട’ എന്ന്.

അപ്പോഴാണ് ഞാൻ ക്യാപ്റ്റനായിരുന്ന ടീം ഐ.പി.എൽ ഫൈനലിൽ എത്തുന്നത്. ഫൈനലിന് മുന്നത്തെ ദിവസം ഞങ്ങളുടെ മാനേജർ പെട്ടെന്ന് ഒരു ഫോൺ നൽകി. ‘ആരാണ്?’ എന്ന് ചോദിച്ചപ്പോൾ ‘രജിനി സാർ’ ആണെന്ന് പറഞ്ഞു. ആദ്യം ഞാൻ വിശ്വസിച്ചില്ല, ‘പോടാ’ എന്നൊക്കെ പറഞ്ഞു. പിന്നെ ഫോൺ എടുത്തപ്പോൾ രജിനി സാർ തന്നെയായിരുന്നു.

‘സഞ്ജു, ഞാൻ നിന്റെ മത്സരം കാണാറുണ്ട്. നീ വളരെ നന്നായി കളിക്കുന്നു. എനിക്ക് വളരെ ഇഷ്ടമാണ്. എന്റെ കൊച്ചുമക്കളെല്ലാം നിങ്ങളുടെ ടീമിന്റെ ഫാൻസാണ്. അവർക്കു നിന്റെ കളി വളരെ ഇഷ്ടമാണ്,’ എന്നൊക്കെ അദ്ദേഹം പറഞ്ഞു. ഞാൻ എന്ത് പറയണമെന്നറിയാതെ ‘ആമ സാർ, ആമ സാർ’ എന്ന് മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത്. പിന്നീട് ഫ്രീയായിരിക്കുമ്പോൾ വീട്ടിലേക്ക് വരാനും അദ്ദേഹം ക്ഷണിച്ചു,’ സഞ്ജു പറഞ്ഞു.

2023ൽ സഞ്ജു രജിനികാന്തിനെ നേരിൽ പോയി കണ്ടതും, ആ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതും ആരാധകർ ആഘോഷമാക്കിയ ഒരു നിമിഷമായി മാറിയിരുന്നു. അന്ന് സഞ്ജു പറഞ്ഞ ഈ വാക്കുകളാണിന്ന് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ രണ്ട് ആഗ്രഹങ്ങൾ സാധിച്ചെടുത്ത സഞ്ജുവിനെ വാഴ്ത്തുകയാണിന്ന് സോഷ്യൽ മീഡിയ.

Content Highlight: Sanju Samson talks about Rajinikanth

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.