വേണമെങ്കില്‍ ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യാം, സ്പിന്നും എറിയാം; ടീമിലെത്താന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് സഞ്ജു സാംസണ്‍
Sports News
വേണമെങ്കില്‍ ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യാം, സ്പിന്നും എറിയാം; ടീമിലെത്താന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് സഞ്ജു സാംസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 8th October 2025, 2:30 pm

കായിക താരങ്ങളെ ആദരിക്കുന്ന സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡ് ദാന ചടങ്ങ് കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്നിരുന്നു. ചടങ്ങില്‍ ഏറ്റവും മികച്ച ടി-20 പുരുഷ ബാറ്റര്‍ എന്ന നേട്ടം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനാണ് സ്വന്തമാക്കിയത്. 2024 സീസണിലെ പ്രകടനത്തിന്റെ മികവിലാണ് സഞ്ജു അവാര്‍ഡിന് അര്‍ഹനായത്.

അവാര്‍ഡിന് ശേഷം താരം സംസാരിച്ചിരുന്നു. ടീമിന്റെ ജേഴ്‌സി അണിഞ്ഞാല്‍ ഒരു കാര്യത്തിലും താന്‍ നോ പറയില്ലെന്നും ടീമിലെത്താന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു. രാജ്യത്തിനായി കളിക്കുന്നത് അഭിമാനമാണെന്നും ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് പറഞ്ഞാലും ലെഫ്റ്റ് ആം സ്പിന്‍ എറിയണമെന്ന് പറഞ്ഞാലും താന്‍ അത് ചെയ്യുമെന്നും സഞ്ജു പറഞ്ഞു. രാജ്യത്തിന് വേണ്ടി എന്ത് ചെയ്യാനും താന്‍ തയ്യാറാണെന്ന് സൂപ്പര്‍ താരം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യന്‍ ജേഴ്സി അണിയുമ്പോള്‍ ഒരു കാര്യത്തിലും നോ എന്ന് പറയാന്‍ എനിക്കാവില്ല. ഈ ജേഴ്സി അണിയാനും ആ ഡ്രസിങ് റൂമില്‍ എത്തിച്ചേരാനും ഞാന്‍ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. രാജ്യത്തിനായി കളിക്കുന്നതില്‍ അത്രയേറെ അഭിമാനമുണ്ട്. ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യാനും ലെഫ്റ്റ് ആം സ്പിന്‍ എറിയാനും ആവശ്യപ്പെട്ടാല്‍, സന്തോഷത്തോടെ അതും ഞാന്‍ ചെയ്യും. രാജ്യത്തിന് വേണ്ടി എന്ത് ചെയ്യാനും എനിക്ക് മടിയില്ല,’ സിയറ്റ് ടി-20 ബാറ്റര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സഞ്ജു പറഞ്ഞു.

2024ല്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ 111 റണ്‍സും തുടര്‍ന്ന് സൗത്ത് ആഫ്രിക്കയോടുള്ള മത്സരത്തില്‍ 107 റണ്‍സും നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. മാത്രമല്ല സീസണില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്.

ഏഷ്യാ കപ്പില്‍ ആറ് മത്സരങ്ങളില്‍ മൂന്ന് നിര്‍ണായക ഇന്നിങ്സുകള്‍ കളിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. മധ്യ നിരയിലും ടോപ് ഓര്‍ഡറിലുമായി ടൂര്‍ണമെന്റിലെ ഏഴ് മത്സരങ്ങളിലെ നാല് ഇന്നിങ്‌സില്‍ നിന്ന് 132 റണ്‍സാണ് സഞ്ജു നേടിയത്. 56 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 33.0 എന്ന ആവറേജിലുമാണ് സഞ്ജു ബാറ്റ് വീശിയത്. ഏഴ് സിക്‌സും ഏഴ് ഫോറും താരം അടിച്ചെടുത്തിട്ടുണ്ട്.

ടൂര്‍ണമെന്റില്‍ ആറ് സിക്സും അഞ്ച് ഫോറും നേടാന്‍ സഞ്ജുവിന് സാധിച്ചു. അതോടെ ടി-20യില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തില്‍ ഇതിഹാസം എം.എസ് ധോണിയെ മറികടക്കാനും സഞ്ജുവിന് സാധിച്ചു. മാത്രമല്ല ഐ.സി.സി ടി-20 ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ മറികടന്ന് 31ാം സ്ഥാനത്ത് എത്താനും സഞ്ജുവിന് സാധിച്ചിരുന്നു.

ടി-20യില്‍ 49 മത്സരങ്ങളില്‍ നിന്ന് 993 റണ്‍സാണ് സഞ്ജു നേടിയത്. ഫോര്‍മാറ്റില്‍ 111 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 26.1 എന്ന ആവറേജും 148 എന്ന സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. മൂന്ന് സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും സഞ്ജു സ്വന്തമാക്കി.

ഏകദിനത്തില്‍ 16 മത്സരത്തില്‍ നിന്ന് 510 റണ്‍സാണ് താരം സ്വന്തമാക്കിയത്. അധികം മത്സരങ്ങളില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കിലും 108 റണ്‍സിന്റെ മികച്ച ഒരു സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. 99.6 എന്ന സ്ട്രൈക്ക് റേറ്റാണ് താരത്തിന് ഏകദിനത്തിലുള്ളത്. ഫോര്‍മാറ്റില്‍ മൂന്ന് അര്‍ധ സെഞ്ച്വറികളും താരം അക്കൗണ്ടിലാക്കി.

അതേസമയം ഓസ്ട്രേലിയക്കെതിരെ ഒക്ടോബര്‍ 19ന് ആരംഭിക്കുന്ന മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ സഞ്ജുവിനെ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടില്ല. തന്റെ അവസാന ഏകദിന മത്സരത്തില്‍ പ്രോട്ടിയാസിനെതിരെ സെഞ്ച്വറി നേടിയിട്ടും താരത്തെ തഴഞ്ഞതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ എട്ട് വരെ നടക്കുന്ന അഞ്ച് ടി-20 മത്സരങ്ങളുടെ സ്‌ക്വാഡില്‍ സഞ്ജുവിന് ഇടം നേടാന്‍ സാധിച്ചു.

Content Highlight: Sanju Samson Talking About Indian Team And His Hard Work