ഐ.സി.സി ടി-20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ മുന്നേറ്റവുമായി സഞ്ജു സാംസണ്‍. ഏഷ്യാ കപ്പിലെ പ്രകടനത്തിന് പിന്നാലെ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 31ാം സ്ഥാനത്തേക്കാണ് സഞ്ജു സാംസണ്‍ കുതിച്ചെത്തിയത്. 568 എന്ന റേറ്റിങ് പോയിന്റോടെയാണ് റാങ്കിങ്ങില്‍ സഞ്ജുവിന്റെ മുന്നേറ്റം.
ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ മറികടന്നുകൊണ്ടാണ് സഞ്ജുവിന്റെ കുതിപ്പ്. 564 റേറ്റിങ്ങുമായി ഗില്‍ 32ാം സ്ഥാനത്ത് തുടരവെയാണ് സഞ്ജു എട്ട് സ്ഥാനം മെച്ചപ്പെടുത്തിയത്.
ടൂര്‍ണമെന്റില്‍ തിളങ്ങാനുള്ള സുവര്‍ണാവസരം ഗില്ലിന് ലഭിച്ചിട്ടും അത് മുതലാക്കാന്‍ വൈസ് ക്യാപ്റ്റന് സാധിക്കാതെ പോയതും, മിഡില്‍ ഓര്‍ഡറിലെങ്കിലും ബാറ്റ് ചെയ്യാന്‍ ലഭിച്ച അവസരങ്ങള്‍ സഞ്ജു മികച്ചതാക്കിയതുമാണ് റാങ്കിങ്ങില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററിന്റെ മുന്നേറ്റത്തിന് കാരണം.
ടൂര്‍ണമെന്റിലെ ഏഴ് മത്സരത്തിലും അഭിഷേക് ശര്‍മയ്‌ക്കൊപ്പം ശുഭ്മന്‍ ഗില്ലാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഓപ്പണിങ്ങില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള, ഒരു കലണ്ടര്‍ ഇയറില്‍ മൂന്ന് അന്താരാഷ്ട്ര ടി-20 സെഞ്ച്വറി നേടിയ സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനമാണ് ഗില്ലിന് വൈസ് ക്യാപ്റ്റന്റെ സ്ഥാനം നല്‍കി അപെക്‌സക് ബോര്‍ഡ് ‘നൂലില്‍ കെട്ടിയിറക്കി’ നല്‍കിയത്.
എന്നാല്‍ ഗില്ലിന് ഓപ്പണിങ്ങില്‍ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല എന്ന് മാത്രമല്ല, പലപ്പോഴും ദുരന്തമാവുകയും ചെയ്തു. ഏഴ് ഇന്നിങ്‌സില്‍ നിന്നും നേടിയത് 21.17 ശരാശരിയില്‍ 127 റണ്‍സ്. 20 (9), 10 (7), 5 (5), 47 (28), 29 (19), 4 (3), 12 (10) എന്നിങ്ങനെയായിരുന്നു ഗില്ലിന്റെ പ്രകടനം.
മറുവശത്ത് നാല് ഇന്നിങ്‌സിലാണ് സഞ്ജു ബാറ്റെടുത്തത്. ഒരു അര്‍ധ സെഞ്ച്വറിയടക്കം 33.00 ശരാശരിയില്‍ 132 റണ്‍സ് താരം സ്വന്തമാക്കി. ഒരു പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ഇതില്‍ ഉള്‍പ്പെടും.
തന്റെ നാച്ചുറല്‍ ബാറ്റിങ് പൊസിഷനില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടെങ്കിലും താരം മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ മൂന്നാം സ്ഥാനത്തെത്താനും സഞ്ജുവിന് സാധിച്ചിരുന്നു.
ഇന്ത്യയുടെ ഓസ്ട്രലിയന്‍ പര്യടനത്തിലാണ് മെന്‍ ഇന്‍ ബ്ലൂ ഇനി ടി-20 മത്സരങ്ങള്‍ കളിക്കുക. ഈ പര്യടനത്തില്‍ സഞ്ജുവിന് അവസരം ലഭിക്കുമെന്നും താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Sanju Samson surpassed Shubman Gill in ICC Ranking