ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും മൂന്നും നാലും മത്സരത്തിലടിച്ചതിനേക്കാള്‍ സഞ്ജു ഒറ്റ മത്സരത്തില്‍; ഓരോ ഷോട്ടും പലരുടെയും മുഖത്തേറ്റ അടി
Sports News
ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും മൂന്നും നാലും മത്സരത്തിലടിച്ചതിനേക്കാള്‍ സഞ്ജു ഒറ്റ മത്സരത്തില്‍; ഓരോ ഷോട്ടും പലരുടെയും മുഖത്തേറ്റ അടി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th December 2025, 8:51 am

 

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയും സ്വന്തമാക്കിയാണ് ആതിഥേയര്‍ തിളങ്ങിയത്. കഴിഞ്ഞ ദിവസം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1നാണ് ഇന്ത്യ സ്വന്തമാക്കിയത്.

പരമ്പരയിലാദ്യമായി ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് തിളങ്ങിയ മത്സരം കൂടിയായിരുന്നു അഹമ്മദാബാദിലേത്. സഞ്ജു – അഭിഷേക് സഖ്യം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി അടിത്തറയൊരുക്കിയ ഇന്നിങ്‌സ് തിലക് വര്‍മയും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് കെട്ടിപ്പൊക്കുകയായിരുന്നു.

വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് പരിക്കേറ്റത് കൊണ്ട് മാത്രം പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ച, അതും ഓപ്പണറായി തന്നെ അവസരം ലഭിച്ച സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തു. അടുത്ത വര്‍ഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ടീം പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ലഭിച്ച അവസരം കൃത്യമായി സഞ്ജു വിനിയോഗിക്കുകയായിരുന്നു.

ടി-20യിലെ ഓപ്പണര്‍ എങ്ങനെയായിരിക്കണമെന്ന് ബി.സി.സി.ഐക്കും അവര്‍ വൈസ് ക്യാപ്റ്റനായി നൂലില്‍ കെട്ടിയിറക്കിയ ശുഭ്മന്‍ ഗില്ലിനും കാണിച്ചുകൊടുക്കുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം.

നേരിട്ട നാലാം പന്തില്‍ സിക്‌സറടിച്ച സഞ്ജു 22 പന്തില്‍ 37 റണ്‍സ് നേടിയാണ് പുറത്തായത്. നാല് ഫോറും എണ്ണം പറഞ്ഞ രണ്ട് സിക്‌സറും അടക്കം 168.19 സ്‌ട്രൈക് റേറ്റിലാണ് സഞ്ജു ബാറ്റ് വീശിയത്.

പരമ്പരയിലെ നാല് മത്സരത്തില്‍ നിന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും മൂന്ന് മത്സരത്തില്‍ നിന്ന് വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും സ്വന്തമാക്കിയതിനേക്കാള്‍ റണ്‍സാണ് സഞ്ജു ഒറ്റ മത്സരത്തില്‍ നിന്നും അടിച്ചെടുത്തത് എന്നതും ശ്രദ്ധേയമാണ്.

സൂര്യകുമാര്‍ യാദവ്

നാല് മത്സരത്തില്‍ നിന്നും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് സ്വന്തമാക്കാന്‍ സാധിച്ചത് 8.5 ശരാശരിയില്‍ വെറും 34 റണ്‍സാണ്. സ്‌ട്രൈക് റേറ്റ് ആകട്ടെ വെറും 103.33ഉം. 12 (11), 5 (4), 12 (11), 5 (7) എന്നിങ്ങനെയാണ് ഈ പരമ്പരയില്‍ സൂര്യയുടെ പ്രകടനം.

മികച്ച ശരാശരിയോ സ്‌ട്രൈക് റേറ്റോ ഇല്ലാതെയാണ് വൈസ് ക്യാപ്റ്റന്‍ ഗില്ലും ബാറ്റ് വീശിയത്. 4(2), 0 (1), 28 (28) എന്നിങ്ങനെയാണ് ഗില്ലിന്റെ പ്രകടനം. ആകെ നേടിയത് 32 റണ്‍സ്. 10.66 ശരാശരി. സ്‌ട്രൈക് റേറ്റ് 103.2!

ശുഭ്മന്‍ ഗില്‍

 

ഫെബ്രുവരിയില്‍ സ്വന്തം മണ്ണില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ നടക്കുന്ന ലോകകപ്പില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്ക് മേലുള്ള പ്രതീക്ഷകളും ഏറെയാണ്. ഫേവറിറ്റിസം മാറ്റി നിര്‍ത്തി ടാലെന്റ് മാത്രം പരിഗണിച്ചാല്‍ വേള്‍ഡ് കപ്പ് നിലനിര്‍ത്താന്‍ പോന്ന താരങ്ങള്‍ നിലവില്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ സെലക്ഷന്‍ ബോര്‍ഡും പരിശീലകനും അതിന് തയ്യാറാകുമോ എന്ന് കണ്ടുതന്നെ അറിയണം.

 

Content Highlight: Sanju Samson scored more runs in a single match than Suryakuamar Yadav and Shubman Gill in the series