ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുകയാണ്. സൂപ്പര്‍ ഫോറിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയിച്ചാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ഫൈനലിലേക്ക് ഒരു അടി കൂടി വെക്കാനും സാധിക്കും.
ഇതിന് മുമ്പ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12നാണ് ഇരു ടീമുകളും അവസാനമായി ടി-20യില്‍ നേര്‍ക്കുനേര്‍ വന്നത്. ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20യായിരുന്നു അത്. സഞ്ജു സാംസണ്‍ ആരാണെന്നും എന്താണെന്നും ബംഗ്ലാദേശ് അറിഞ്ഞ മത്സരം കൂടിയായിരുന്നു അത്.
ടി-20 ഫോര്‍മാറ്റില്‍ സഞ്ജു തന്റെ ആദ്യ സെഞ്ച്വറി നേടിയത് ഈ മത്സരത്തിലായിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ 47 പന്ത് നേരിട്ട താരം 111 റണ്‍സടിച്ചാണ് മടങ്ങിയത്.
ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ആദ്യ സെഞ്ച്വറിയെന്ന ചരിത്ര നേട്ടം കുറിച്ചുകൊണ്ടായിരുന്നു സഞ്ജു ബംഗ്ലാ കടുവകളെ തല്ലിയൊതുക്കിയത്.
ഒരു ഓവറില്‍ റിഷാദ് ഹൊസൈനെ അഞ്ച് സിക്‌സറിന് പറത്തി സഞ്ജു തന്റെ ബ്രൂട്ടല്‍ ഹിറ്റിങ് സ്‌ട്രെങ്ത് സെലക്ടര്‍മാര്‍ക്ക് മുമ്പില്‍ കാണിച്ചുകൊടുത്തതും ഇതേ മത്സരത്തില്‍ തന്നെയായിരുന്നു. 234.17 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്. ഇതോടെ ഏറ്റവും മികച്ച പ്രഹരശേഷിയില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും സഞ്ജു സ്വന്തമാക്കി.
റിഷാദ് ഹൊസൈനെയടിച്ച അഞ്ച് സിക്‌സറടക്കം എട്ട് തവണയാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പുറപ്പെട്ട പന്ത് ഗ്യാലറിയില്‍ പതിച്ചത്. മത്സരത്തിലെ താരവും സഞ്ജു തന്നെയായിരുന്നു. താരത്തിന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര ടി-20 പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും ഇതുതന്നെയായിരുന്നു.
സൂപ്പര്‍ ഫോറില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുമ്പോള്‍ സഞ്ജു മാജിക്കിന് ഒരിക്കല്‍ക്കൂടി സാക്ഷിയാകാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അന്ന് ഇന്ത്യയ്ക്കായി ഓപ്പണറായി കളത്തിലിറങ്ങിയ താരം ഇപ്പോള്‍ മിഡില്‍ ഓര്‍ഡറിലാണ് ബാറ്റിങ്ങിനിറങ്ങുന്നത് എന്നതുതന്നെയാണ് ഇതിന് കാരണവും.
2025 ഏഷ്യാ കപ്പില്‍ ഇന്ത്യ ഇതുവരെ നാല് മത്സരങ്ങള്‍ കളിച്ചപ്പോള്‍ രണ്ട് മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. ഇതിലൊന്നില്‍ അര്‍ധ സെഞ്ച്വറി നേടാനും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കാനും ഇന്ത്യയുടെ വിശ്വസ്തനായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് സാധിച്ചു.
സൂപ്പര്‍ ഫോറിലും താരം മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Sanju Samson scored century when India faced Bangladesh last time