അവസാന ഏകദിനത്തില്‍ ചരിത്ര സെഞ്ച്വറിയും കളിയിലെ താരവും; ഇനി എതിരാളികള്‍ ഓസീസ്, തിരിച്ചുവരവിന് സഞ്ജു
Sports News
അവസാന ഏകദിനത്തില്‍ ചരിത്ര സെഞ്ച്വറിയും കളിയിലെ താരവും; ഇനി എതിരാളികള്‍ ഓസീസ്, തിരിച്ചുവരവിന് സഞ്ജു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th October 2025, 8:41 am

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് പിന്നാലെ ഇന്ത്യ വീണ്ടും ഏകദിന മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. ഈ മാസം നടക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് മെന്‍ ഇന്‍ ബ്ലൂ ഏകദിനത്തില്‍ കളത്തിലിറങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ ഓസ്‌ട്രേലിയന്‍ മണ്ണിലെത്തി കളിക്കുക.

ഈ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇടം പിടിക്കാനുള്ള സാധ്യതകളുമുണ്ട്. ബാക്കപ്പ് വിക്കറ്റ് കീപ്പറായോ പ്യുവര്‍ ബാറ്ററായോ ആകും ഇന്ത്യ സഞ്ജുവിനെ പരീക്ഷിക്കുക. വിക്കറ്റ് കീപ്പറിന് പുറമെ താനൊരു മികച്ച ഫീല്‍ഡറാണെന്ന് പലപ്പോഴും തെളിയിച്ച സഞ്ജുവിനെ ആ റോളിലേക്കും ഇന്ത്യ പരീക്ഷിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല.

താരം തന്റെ അവസാന ഏകദിനം കളിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്നതിന് പകരം ബാറ്ററായാണ് കളത്തിലിറങ്ങിയത്. 2023 ഡിസംബറിലെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ക്യാപ്റ്റന്‍ കൂടിയായ കെ.എല്‍. രാഹുലായിരുന്നു ഇന്ത്യയുടെ ഗ്ലൗമാന്‍.

 

മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കായാണ് യുവ ഇന്ത്യ സൗത്ത് ആഫ്രിക്കയില്‍ പര്യടനം നടത്തിയത്. ആദ്യ മത്സരത്തില്‍ സന്ദര്‍ശകരും രണ്ടാം മത്സരത്തില്‍ ആതിഥേയരും വിജയിച്ചപ്പോള്‍ പാളില്‍ നടന്ന സീരീസ് ഡിസൈഡര്‍ മത്സരം ആവേശത്തിന്റെ കൊടുമുടി കയറി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ് നേടി. മൂന്നാം നമ്പറില്‍ കളത്തിലിറങ്ങിയ സഞ്ജുവിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്.

114 പന്ത് നേരിട്ട താരം മൂന്ന് സിക്‌സറിന്റെയും ആറ് ഫോറിന്റെയും അകടമ്പടിയോടെ 108 റണ്‍സ് നേടി. 77 പന്തില്‍ 52 റണ്‍സടിച്ച തിലക് വര്‍മ, 27 പന്തില്‍ 38 റണ്‍സ് സ്വന്തമാക്കിയ റിങ്കു സിങ് എന്നിവരായിരുന്നു ഇന്ത്യയുടെ മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

സെഞ്ച്വറി നേട്ടം

299 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 218ന് പുറത്തായി. നാല് വിക്കറ്റുകളുമായി തിളങ്ങിയ അര്‍ഷ്ദീപ് സിങ്ങിന്റെയും രണ്ട് വീതം വിക്കറ്റ് നേടിയ വാഷിങ്ടണ്‍ സുന്ദര്‍, ആവേശ് ഖാന്‍ എന്നിവരുടെയും കരുത്തിലാണ് ഇന്ത്യ എതിരാളികളെ എറിഞ്ഞിട്ടത്.

സൗത്ത് ആഫ്രിക്കയുടെ അവസാന വിക്കറ്റ് വീണപ്പോള്‍ സഞ്ജു സാംസണ്‍ അവിടെയും തന്റെ കയ്യൊപ്പ് ചാര്‍ത്തിയിരുന്നു. ആവേശ് ഖാന്റെ പന്തില്‍ സഞ്ജുവിന്റെ കയ്യിലൊതുങ്ങിയാണ് ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് മടങ്ങുന്നത്. ഇന്ത്യയുടെ പരമ്പര വിജയം കൂടിയാണ് ഈ ക്യാച്ചിലൂടെ കുറിക്കപ്പെട്ടത്.

പരമ്പര നേടിയ ഇന്ത്യ

ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സഞ്ജു സാംസണ്‍ തന്നെയായിരുന്നു.

POTM പുരസ്കാരവുമായി സഞ്ജു

ഈ സെഞ്ച്വറിക്ക് രണ്ട് വര്‍ഷത്തോളം ഒറ്റ ഏകദിനത്തിലും സഞ്ജുവിന് അവസരമുണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ വീണ്ടും കരിയര്‍ തന്നെ മാറ്റിയെഴുതാനുള്ള അവസരമാണ് താരത്തിന് മുമ്പിലുള്ളത്.

സഞ്ജു ടീമിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് കഴിഞ്ഞ ദിവസം പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിഷബ് പന്തിന്റെ പരിക്കാണ് താരത്തിന് മുമ്പില്‍ വഴി തുറക്കുന്നത്.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിന – ടി-20 സ്‌ക്വാഡുകളെ ഇന്ന് (ഒക്ടോബര്‍ നാല്) പ്രഖ്യാപിച്ചേക്കുമെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് സഞ്ജു ടീമിന്റെ ഭാഗമാകാനും സാധ്യതകളേറെയാണ്.

 

Content Highlight: Sanju Samson scored century in his last ODI match