രാജസ്ഥാന്‍ റോയല്‍സ് എനിക്ക് എല്ലാമെല്ലാം: സഞ്ജു സാംസണ്‍
Cricket
രാജസ്ഥാന്‍ റോയല്‍സ് എനിക്ക് എല്ലാമെല്ലാം: സഞ്ജു സാംസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th August 2025, 3:12 pm

തന്റെ ഐ.പി.എല്‍ ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് (ആര്‍.ആര്‍) തനിക്ക് എല്ലാമെല്ലാമാണെന്നും ഇങ്ങനെ ഒരു ടീമില്‍ കളിക്കാന്‍ കഴിഞ്ഞതില്‍ താന്‍ നന്ദിയുള്ളവനാണെന്നും സഞ്ജു പറഞ്ഞു. ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ആര്‍. അശ്വിനുമായുള്ള കുട്ടി സ്റ്റോറീസ് വിത്ത് ആഷ് എന്ന അഭിമുഖത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്റെ പ്രതികരണം.

‘എന്റെ കഴിവ് തെളിയിക്കാന്‍ ഒരു അവസരം തേടി കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്ന് ചെറിയ പ്രായത്തിലാണ് ഞാനെത്തിയത്. അപ്പോള്‍ അതിനായി രാഹുല്‍ (ദ്രാവിഡ്) സാറും മനോജ് ബദലെ സാറും (ആര്‍.ആര്‍ ഉടമ) എനിക്ക് ഒരു വേദി തന്നു.

ആ സമയത്ത് അവര്‍ എന്നില്‍ വിശ്വസിച്ചു. രാജസ്ഥാന്‍ റോയല്‍സുമായുള്ള യാത്ര വളരെ മികച്ചതും അര്‍ത്ഥവത്തുമായിരുന്നു,’ സഞ്ജു പറഞ്ഞു.

നേരത്തെ, ഐ.പി.എല്‍ 2026ന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ സഞ്ജു സാംസണ്‍ താത്പര്യം അറിയിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തന്നെ റിലീസ് ചെയ്യുകയോ ട്രേഡ് വിന്‍ഡോയിലൂടെ കൈമാറ്റം ചെയ്യുകയോ വേണമെന്ന് സഞ്ജു ടീമിനെ അറിയിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആര്‍. അശ്വിനുമായുള്ള അഭിമുഖം പുറത്തുവന്നത്.

സഞ്ജു സാംസണ്‍ തന്റെ ഐ.പി.എല്‍ കരിയര്‍ ആരംഭിച്ചത് രാജസ്ഥാന്‍ റോയല്‍സിലാണ്. ടീമിന് വിലക്ക് നേരിട്ട് രണ്ട് വര്‍ഷം മാത്രമാണ് താരം മറ്റൊരു ടീമില്‍ കളിച്ചിട്ടുള്ളത്. 11 സീസണുകളില്‍ ആര്‍. ആര്‍ ജേഴ്‌സിയില്‍ കളിച്ച താരം ടീമിനായി 4000 റണ്‍സ് നേടിയിട്ടുണ്ട്.

2021ല്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സിന്റെ അമരത്തെത്തി. താരത്തിന്റെ ക്യാപ്റ്റന്‍സിയില്‍ അടുത്ത വര്‍ഷം ടീം ഫൈനലില്‍ എത്തുകയും ചെയ്തിരുന്നു. 2024ല്‍ പ്ലേ ഓഫില്‍ എത്തിക്കാനും സഞ്ജുവിന് സാധിച്ചിരുന്നു.

Content Highlight: Sanju Samson says that Rajasthan Royals meant the world to him