സഞ്ജുവിന് തിരിച്ചടി; ചെന്നൈയിലേക്കുള്ള കൂടുമാറ്റത്തിന്റെ സാധ്യത മങ്ങുന്നു
Cricket
സഞ്ജുവിന് തിരിച്ചടി; ചെന്നൈയിലേക്കുള്ള കൂടുമാറ്റത്തിന്റെ സാധ്യത മങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 13th August 2025, 9:16 pm

മലയാളി താരം സഞ്ജു സാംസണിന്റെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള കൂടുമാറ്റത്തിനുള്ള സാധ്യതകള്‍ മങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. താരത്തെ സി.എസ്.കെയുമായി കൈമാറ്റം ചെയ്യാന്‍ രാജസ്ഥാന്‍ റോയല്‍സ് ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബൈ, രവീന്ദ്ര ജഡേജ എന്നിവരെ ഒരാളെ ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍, ഈ താരങ്ങളെ കൈവിടാന്‍ ചെന്നൈ ഒരുക്കമല്ലെന്നും അതിനാല്‍ സഞ്ജുവിന്റെ ചെന്നൈയിലേക്കുള്ള മാറ്റം സാധ്യമായേക്കില്ലെന്നുമാണ് റിപ്പോര്‍ട്ട്. ക്രിക്ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തെ, ഐ.പി.എല്‍ 2026ന് മുന്നോടിയായി സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ താത്പര്യമറിയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. തന്നെ റിലീസ് ചെയ്യുകയോ ട്രേഡ് വിന്‍ഡോയിലൂടെ കൈമാറ്റം ചെയ്യുകയോ വേണമെന്ന് താരം ടീമിനെ അറിയിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.

ഈ റിപ്പോര്‍ട്ടിന് പിന്നാലെ, താരത്തെ ടീമിലെത്തിക്കാന്‍ ഒന്നിലധികം ഫ്രാഞ്ചൈസികള്‍ രാജസ്ഥാനെ സമീപിച്ചിരുന്നുവെന്നും ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു. ഈ ചര്‍ച്ചകള്‍ക്ക് എല്ലാം ആര്‍.ആര്‍ ഉടമ മനോജ് ബദലെയാണ് നേതൃത്വം നല്‍കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. മറ്റു ഫ്രാഞ്ചൈസികളുമായും ബദലെ പകരക്കാരുടെ പേരുകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒരു ഫ്രാഞ്ചൈസിയുമായി ഏറെ കുറെ കരാറിനടുത്തെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

ട്രേഡ് ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാനായില്ലെങ്കില്‍ സഞ്ജു താര ലേലത്തില്‍ ഉണ്ടാവുമെന്ന് ഉറപ്പില്ലെന്നും ക്രിക്ബസ് റിപ്പോര്‍ട്ടിലുണ്ട്. അങ്ങനെയെങ്കില്‍ താരം അടുത്ത സീസണിലും രാജസ്ഥാനില്‍ തന്നെ തുടര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, സഞ്ജു സാംസണ്‍ പുതിയ സീസണില്‍ രാജസ്ഥാനൊപ്പം ഉണ്ടാവില്ലെന്ന അഭ്യൂഹങ്ങള്‍ ഏറെ കാലമായി സോഷ്യല്‍ മീഡിയില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതാണ്. ഈ അഭ്യൂഹങ്ങള്‍ വ്യാപകമായതോടെ സി.എസ്.കെയില്‍ ധോണിയുടെ പിന്‍ഗാമിയായി എത്തിയേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ചെന്നൈയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ തന്നെ സഞ്ജുവിനെ ടീമില്‍ എത്തിക്കാന്‍ താത്പര്യം അറിയിക്കുകയും ചെയ്തിരുന്നു. താരം തയ്യാറാണെങ്കില്‍ അതിന് ശ്രമം നടത്തുമെന്നായിരുന്നു അവരുടെ പ്രതികരണം. ഇതോടെ, ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് താരത്തിന്റെ കൂടുമാറ്റ ചര്‍ച്ചകള്‍ വീക്ഷിച്ചിരുന്നത്. എന്നാലിപ്പോള്‍ പുതിയ റിപ്പോര്‍ട്ട് ആ പ്രതീക്ഷകളെ കൂടിയാണ് മങ്ങലേല്‍പ്പിക്കുന്നത്.

Content Highlight: Sanju Samson’s move Chennai Super Kings is unlikely to happen due Rajasthan Royals demands: Report