ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയിരുന്നു. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് പാറ്റ് കമ്മിന്‍സും കൂട്ടരും വിജയക്കൊടി പറത്തിയത്. ഇതോടെ 2026ലെ ഐ.പി.എല്ലില്‍ പ്ലേഓഫിലെത്താനും ഹൈദരാബാദിന് സാധിച്ചു. പിന്നാലെ ചെന്നൈയുടെ പ്ലേഓഫ് സാധ്യതകളും മങ്ങിയിരിക്കുകയാണ്.
മത്സരത്തില്‍ ഏവരെയും അമ്പരപ്പിച്ചത് ഹൈദരാബാദ് സൂപ്പര്‍ താരം ഹെന്റിക് ക്ലാസന്റെ വിക്കറ്റായിരുന്നു. 15ാം ഓവറിലെ രണ്ടാം പന്തില്‍ നൂര്‍ അഹമ്മദ് എറിഞ്ഞ തകര്‍പ്പന്‍ ഗൂഗ്ലിയില്‍ ക്ലാസനെ കിടിലന്‍ സ്റ്റംപ്ഡ് വിക്കറ്റിലൂടെ സഞ്ജു മടക്കി അയക്കുകയായിരുന്നു. കണ്ണടച്ചു തുറക്കും വേഗത്തിലാണ് സഞ്ജു സാംസണ്‍ ക്ലാസന്റെ ബെയില്‍സ് തെറിപ്പിച്ചത്. സ്റ്റംപ് ചെയ്തശേഷം ആവേശത്തോടെ തുള്ളിച്ചാടിയ സഞ്ജു റീ പ്ലേ കാണും മുമ്പെ അത് ഔട്ടാണെന്ന് ഉറപ്പിച്ചിരുന്നു.
ടി.വി റീപ്ലേയില്‍ ക്ലാസന്‍ ഔട്ടാണെന്ന് വിധിച്ചതോടെ നൂര്‍ അഹമ്മദ് അടക്കമുള്ള ചെന്നൈ താരങ്ങള്‍ സഞ്ജുവിനെ അഭിനന്ദിക്കുന്നതിനിടെയാണ് വിക്കറ്റ് നഷ്ടമായതിന്റെ കടുത്ത നിരാശയില്‍ ക്ലാസന്‍ സഞ്ജുവിന് നേരെ തിരിഞ്ഞത്. ദേഷ്യത്തോടെ കലിപ്പ് കാണിച്ച് ക്ലാസന്‍ സഞ്ജുവിനോട് എന്തോ പറഞ്ഞു. ഇതിനിടയില്‍ ശിവം ദുബെ ഇടപെട്ട് ക്ലാസനെനെ പറഞ്ഞയക്കുയായിരുന്നു. നിര്‍ണായക മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ സാധിക്കാത്തതിന്റെ രോഷമാണ് ക്ലാസന്‍ കാണിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.
എന്നാല്‍ സഞ്ജുവിനോട് ദേഷ്യപ്പെട്ട ക്ലാസനെ ആരാധകര്‍ വെറുതെവിട്ടില്ല. ക്ലാസന്റെ ലേറ്റസ്റ്റ് ഇന്‍സ്റ്റഗ്രാം പോസ്റ്റിനടിയില്‍ പൊങ്കാലയിട്ടാണ് ആരാധകര്‍ തിരിച്ചടി നല്‍കിയത്. സ്റ്റിക്കറുകളും വിമര്‍ശനങ്ങളും കൊണ്ട് ക്ലാസന്റെ കമന്റ് ബോക്‌സ് നിറച്ചിരിക്കുകയാണ് ആരാധകര്‍.
അതേസമയം ബാറ്റിങ്ങില്‍ ഹൈദരാബാദിന് വേണ്ടി 26 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 47 റണ്‍സ് നേടിയാണ് ഹെന്റിക് ക്ലാസന്‍ മടങ്ങിയത്. ഇഷാന്‍ കിഷന്‍ 47 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 70 റണ്‍സ് നേടി പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. ചെന്നൈയ്ക്ക് വേണ്ടി സഞ്ജു സാംസണ്‍ മികച്ച തുടക്കം നല്‍കിയിരുന്നു. 13 പന്തില്‍ 27 റണ്‍സെടുത്താണ് താരം മടങ്ങിയത്.
Content Highlight: Sanju Samson’s fans protest under Henrich Klaasen’s Instagram post