സൂപ്പര്‍ കിങ്സിന്റെ ആ ശാപം തീര്‍ക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍; കണക്കുകള്‍ കള്ളം പറയില്ല
Sports News
സൂപ്പര്‍ കിങ്സിന്റെ ആ ശാപം തീര്‍ക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍; കണക്കുകള്‍ കള്ളം പറയില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 13th November 2025, 7:57 am

 

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്വാപ് ഡീലിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള സഞ്ജു സാംസണ്‍ – രവീന്ദ്ര ജഡേജ ഡീല്‍ യാഥാര്‍ഥ്യമാവുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

താരങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട ട്രേഡ് സൈനിങ് വെള്ളിയാഴ്ചയോടെ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചേട്ടന്‍ ചെപ്പോക്കിനും സ്വന്തമാകും.

സഞ്ജു സാംസണ്‍ ടീമിലെത്തുന്നതോടെ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് ഡെപ്തും വര്‍ധിക്കും. ആയുഷ് മാഹ്‌ത്രെ, ഋതുരാജ് ഗെയ്ക്വാദ്, ഡെവാള്‍ഡ് ബ്രെവിസ്, കാമറൂണ്‍ ഗ്രീന്‍, ശിവം ദുബെ എന്നിവര്‍ക്കൊപ്പം ഫിയര്‍ലെസ് ക്രിക്കറ്റിന്റെ പര്യായമായ സഞ്ജുവുമെത്തുന്നതോടെ ഏതൊരു ടീമിന്റെയും ബൗളിങ് യൂണിറ്റും പേടിക്കുന്ന സ്‌ക്വാഡായി സൂപ്പര്‍ കിങ്‌സ് മാറുമെന്നുറപ്പാണ്.

 

കഴിഞ്ഞ സീസണിലടക്കം മികച്ച സ്‌ക്വാഡ് ഡെപ്ത് ഉണ്ടായിരുന്നിട്ടും ചെയ്‌സിങ്ങില്‍ ടീമിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

180+ വിജലക്ഷ്യം പിന്തുടര്‍ന്ന് വിജയിക്കാന്‍ സാധിക്കാത്ത ടീം എന്ന ദുഷ്‌പേര് സി.എസ്.കെയെ വിടാതെ പിടികൂടി. ഈ പതിറ്റാണ്ടില്‍ 13 തവണയാണ് സി.എസ്.കെയ്ക്ക് 180+ ടോട്ടല്‍ മറികടക്കേണ്ടിയിരുന്നത്. ഇതില്‍ ഒരിക്കല്‍ മാത്രമാണ് സൂപ്പര്‍ കിങ്‌സിന് അതിന് സാധിച്ചത്.

എന്നാല്‍ സഞ്ജു സാംസണെത്തുന്നതോടെ ഈ പോരായ്മയും പരിഹരിക്കപ്പെടുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. സഞ്ജുവിന്റെ ട്രാക് റെക്കോഡ് തന്നെയാണ് ഇതിന് കാരണവും.

ഐ.പി.എല്‍ ചരിത്രത്തില്‍ 44 തവണയാണ് സഞ്ജു 180+ ടാര്‍ഗെറ്റ് പിന്തുടര്‍ന്ന് കളത്തിലിറങ്ങിയത്. ഈ മത്സരങ്ങളില്‍ 34.2 എന്ന മികച്ച ശരാശരിയിലും 150ലധികം പ്രഹരശേഷിയും താരത്തിനുണ്ട്. നേടിയതാകട്ടെ 1366 റണ്‍സും. വിരാട് കോഹ്‌ലി മാത്രമാണ് ഈ പട്ടികയില്‍ സഞ്ജുവിന് മുമ്പിലുള്ളത്.

 

ഒമ്പത് തവണയാണ് 180+ ചെയ്‌സിങ്ങില്‍ സഞ്ജു 50+ സ്‌കോര്‍ സ്വന്തമാക്കിയത്. 70 സിക്‌സറുകളും താരം അടിച്ചെടുത്തിട്ടുണ്ട്. ഈ റെക്കോഡില്‍ നിക്കോളാസ് പൂരന് കീഴില്‍ രണ്ടാമനാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍.

അതേസമയം, രാജസ്ഥാനിലേക്കെത്തുന്ന രവീന്ദ്ര ജഡജേ ക്യാപ്റ്റന്റെ റോളിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രവീന്ദ്ര ജഡേജയെ സംബന്ധിച്ച് ഇതൊരു ഹോം കമിങ് കൂടിയാണ്. ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച അതേ ടീമിലേക്ക് കാലങ്ങള്‍ക്ക് ശേഷം ക്യാപ്റ്റനായി മടങ്ങിയെത്തുകയാണ് ജഡ്ഡു.

ആദ്യ സീസണില്‍ രാജസ്ഥാന്‍ കപ്പുയര്‍ത്തിയപ്പോള്‍ അന്നത്തെ 19കാരന്‍ രവീന്ദ്ര ജഡജേയും സ്‌ക്വാഡിലുണ്ടായിരുന്നു. അടുത്ത സീസണിലും താരം രാജസ്ഥാന്റെ നില ജേഴ്സിയില്‍ തന്നെയാണ് കളത്തിലിറങ്ങിയത്. 2010ല്‍ താരത്തിന് വിലക്ക് ലഭിക്കുകയും ചെയ്തു.

2011ല്‍ കൊച്ചി ടസ്‌കേഴ്സിന്റെ ഭാഗമായാണ് താരം ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തിയത്. അടുത്ത സീസണില്‍ താരം സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാവുകയും ചെയ്തു.

അന്നുമുതലിന്നുവരെ, സൂപ്പര്‍ കിങ്സിന് വിലക്ക് ലഭിച്ച് രണ്ട് സീസണുകളിലൊഴികെ താരം ടീമിനൊപ്പമുണ്ടായിരുന്നു. സൂപ്പര്‍ കിങ്സിനൊപ്പം നാല് കിരീടവും താരം സ്വന്തമാക്കി.

Content Highlight: Sanju Samson’s brilliant performance in run chase