ഇന്ത്യയുടെ ടി – 20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വാക്കുകള്‍ എങ്ങനെ തനിക്ക് പ്രചോദനമായെന്ന് പറയുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ദുലീപ് ട്രോഫിയില്‍ കളിച്ചു കൊണ്ടിരിക്കെ സൂര്യകുമാര്‍ യാദവ് വന്ന് ഇന്ത്യന്‍ ടീമിന്റെ ഓപ്പണറായി ബാറ്റ് ചെയ്യാന്‍ തയ്യാറാവാന്‍ പറഞ്ഞെന്നും അത് തനിക്ക് സന്തോഷം നല്‍കിയെന്നും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പറഞ്ഞു. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.
‘ടി – 20 ലോകക്കപ്പിന് ശേഷമാണ് ഗൗതം ഗംഭീര്‍ കോച്ചാവുന്നതും സൂര്യ ക്യാപ്റ്റനാവുന്നതും. ഞാന്‍ ആന്ധ്രയില്‍ ദുലീപ് ട്രോഫി കളിച്ച് കൊണ്ടിരിക്കെ സൂര്യ എന്റെ അടുത്ത് വന്ന് ഇങ്ങനെ പറഞ്ഞു. ‘ചേട്ടാ, നിങ്ങള്‍ക്ക് വലിയൊരു അവസരം വരുന്നുണ്ട്, ഇന്ത്യയ്ക്ക് ഏഴ് മത്സരങ്ങള്‍ വരാനുണ്ട്, ആ ഏഴിലും ഞാന്‍ നിങ്ങളെ ഓപ്പണറാക്കാന്‍ പോവുകയാണ്’. അങ്ങനെയൊന്ന് ക്യാപ്റ്റനില്‍ നിന്ന് തന്നെ കേട്ടപ്പോള്‍ സന്തോഷം തോന്നി,’ സഞ്ജു പറഞ്ഞു.
പിന്നീട് ശ്രീലങ്കക്കെതിരായ പരമ്പരയില്‍ കളിച്ചതിനെ കുറിച്ചും സഞ്ജു സംസാരിച്ചു. ശ്രീലങ്കക്കെതിരെ രണ്ട് മത്സരത്തിലും താന്‍ ഡക്കായെന്നും എല്ലാം അവസാനിച്ചുവെന്ന് താന്‍ കരുതിയെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ കോച്ച് തന്നെ ആശ്വസിപ്പിച്ചു. 21 ഡക്കുകള്‍ വന്നാല്‍ മാത്രമേ പുറത്താക്കൂവെന്ന് പറഞ്ഞുവെന്നും രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂട്ടിച്ചേര്‍ത്തു.
2024ല്‍ ഇന്ത്യ ടി – 20 ലോകകപ്പ് നേടിയതിന് പിന്നാലെ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും വിരിച്ചതോടെയായിരുന്നു സഞ്ജു ഇന്ത്യന്‍ ടീം ഓപ്പണറായി എത്തിയത്. ആ വര്‍ഷം ജൂലൈയില്‍ നടന്ന ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടും മൂന്നും മത്സരങ്ങളില്‍ ഓപ്പണറായി ഇറങ്ങിയെങ്കിലും സഞ്ജു ഡക്കാവുകയായിരുന്നു.
എന്നാല്‍ പിന്നീട് നടന്ന ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിലും സഞ്ജു ഓപ്പണിങ്ങില്‍ എത്തി. ആദ്യ രണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കാനായില്ലെങ്കിലും അവസാന മത്സരത്തില്‍ താരം മികച്ച ബാറ്റിങ് പുറത്തെടുത്തിരുന്നു. അന്ന് സഞ്ജു 47 പന്തില്‍ 111 റണ്‍സെടുത്ത് പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു.
Content Highlight: Sanju Samson reveals the support of Suryakumar Yadav in Indian Cricket Team