സൗത്ത് ആഫ്രിക്കക്കെതിരെ 2023ല്‍ നേടിയ തന്റെ ആദ്യ ഏകദിന സെഞ്ച്വറിയാണ് കരിയര്‍ മാറ്റിമറിച്ചതെന്ന് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ആ സെഞ്ച്വറി തനിക്ക് ആത്മവിശ്വാസം നല്‍കിയെന്നും കഴിവുണ്ടെന്ന് നമ്മള്‍ തെളിയിക്കുമ്പോള്‍ മാത്രമാണ് അംഗീകാരം ലഭിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. സ്‌പോര്‍ട്‌സ് കാസറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.
‘സൗത്ത് ആഫ്രിക്കയില്‍ എന്റെ ആദ്യത്തെ അന്താരാഷ്ട്ര സെഞ്ച്വറിയാണ് എല്ലാം മാറ്റിമറിച്ചത്. അതിന് മുമ്പ് ഞാന്‍ നിരന്തരം ടീമില്‍ പുറത്തും അകത്തുമായിരുന്നു. വളരെ കുറച്ച് മത്സരങ്ങള്‍ മാത്രമാണ് കളിച്ചിരുന്നത്. അന്താരാഷ്ട്ര തലത്തില്‍ കളിക്കാന്‍ എനിക്ക് കഴിവുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ അത് നമ്മള്‍ തെളിയിക്കുന്നത് വരെ ആളുകള്‍ അംഗീകരിക്കില്ല,’ സഞ്ജു പറഞ്ഞു.
ആ സെഞ്ച്വറിക്ക് ശേഷം ആളുകള്‍ എന്ത് പറയുന്നുവെന്ന് തനിക്ക് അറിയില്ലെന്നും പക്ഷേ, ‘സഞ്ജു നീ ലെവലിലേക്ക് സൃഷ്ടിക്കപ്പെട്ടവനാണ്’ എന്നാണ് താന്‍ ചിന്തിച്ചതെന്നും സഞ്ജു പറഞ്ഞു. എന്നെ കുറിച്ച് എനിക്കുണ്ടായിരുന്ന ചിന്തകളും മാറ്റിയ നിമിഷമായിരുന്നു അത്.
പരമ്പരയില്‍ നിര്‍ണായകമായ മത്സരമായിരുന്നു അത്. പരാജയപ്പെട്ടാല്‍ ടീമിന് പുറത്താക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ആ സെഞ്ച്വറി നേടിയപ്പോള്‍ ഇത് ചെയ്യാന്‍ കഴിയുമെങ്കില്‍ ഇതിലും ഇതിലും വലിയതിന് അര്‍ഹനാണെന്ന് താന്‍ മനസിലാക്കിയെന്നും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂട്ടിച്ചേര്‍ത്തു.
2023 ഡിസംബര്‍ 21ന് സൗത്ത് ആഫ്രിക്കയിലെ കേപ്പ് ടൗണില്‍ നടന്ന മത്സരത്തിലാണ് സഞ്ജു സെഞ്ച്വറി നേടിയത്. സീരീസ് ഡിസൈഡറില്‍ താരം മൂന്നാമതായി ഇറങ്ങിയാണ് 114 പന്തില്‍ 108 റണ്‍സ് സ്‌കോര്‍ ചെയ്തത്. ഇന്ത്യ രണ്ട് വിക്കറ്റുകള്‍ നേടി പതറിയ ഘട്ടത്തില്‍ ടീമിനെ പിടിച്ച് ഉയര്‍ത്തിയത് താരത്തിന്റെ ഇന്നിങ്സായിരുന്നു. ആ മത്സരത്തില്‍ ഇന്ത്യ 73 റണ്‍സിന് വിജയിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു.
മത്സരത്തില്‍ സെഞ്ച്വറി നേടിയെങ്കിലും പിന്നീട് സഞ്ജുവിന് ഏകദിനത്തില്‍ അവസരം ലഭിച്ചിട്ടില്ല. എന്നാല്‍, ഇതിന് ശേഷം താരം ടി – 20യില്‍ സ്ഥിരസാന്നിധ്യമായി. വിരാട് കോഹ്ലിയും രോഹിത് ശര്‍മയും വിരമിച്ചതോടെ ഈ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഓപ്പണിങ് റോളുമെത്തിയിരുന്നു താരം.
എന്നാല്‍, ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയതോടെ ഈ ഏഷ്യ കപ്പില്‍ സഞ്ജുവിന് ആ സ്ഥാനം വിട്ടുനല്‍കേണ്ടി വന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും താരം ടി – 20 ടീമിലുണ്ട്.
Content Highlight: Sanju Samson reveals his first ODI hundred against South Africa transformed his career and Self belief