സഞ്ജുവിനും ജഡേജക്കും പിന്നാലെ മറ്റൊന്നും; സ്വാപ്പ് ഡീലിന് ഒരുങ്ങി മുംബൈ
Sports News
സഞ്ജുവിനും ജഡേജക്കും പിന്നാലെ മറ്റൊന്നും; സ്വാപ്പ് ഡീലിന് ഒരുങ്ങി മുംബൈ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th November 2025, 8:09 pm

ഐ.പി.എല്‍ 2026ന് മുന്നോടിയായി നടക്കുന്ന താരകൈമാറ്റത്തിന്റെ അഭ്യൂഹങ്ങളാണ് സജീവ ചര്‍ച്ച. ഇതില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പട്ടത് മലയാളി താരം സഞ്ജു സാംസണിനെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സും (സി.എസ്.കെ) രാജസ്ഥാന്‍ റോയല്‍സും (ആര്‍.ആര്‍) നടത്തുന്ന ചര്‍ച്ചകള്‍ സംബന്ധിച്ച വാര്‍ത്തകള്‍. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാനിലേക്ക് എത്തിയേക്കും എന്നാല്‍ റിപ്പോര്‍ട്ടുകളുള്ളത്.

ഈ കൈമാറ്റത്തിന് പിന്നാലെ, പുതിയ സീസണിന് മുന്നോടിയായി മറ്റൊരു സ്വാപ്പ് ഡീല്‍ കൂടി അണിയറയില്‍ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഐ.പി.എല്ലിലെ ഏറ്റവും വിജയകരമായ ടീമായ മുംബൈ ഇന്ത്യന്‍സും (എം.ഐ) ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും (എല്‍.എസ്.ജി) തമ്മിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഓള്‍റൗണ്ടര്‍ ഷര്‍ദുല്‍ താക്കൂറും ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനും ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറും തമ്മിലുള്ള കൈമാറ്റത്തിനാണ് ഇരുടീമുകളും ചര്‍ച്ചകള്‍ നടത്തുന്നത് എന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ടിലെ വിവരം.

താക്കൂറും അര്‍ജുനും പുതിയ സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ മാറുമെന്നാണ് റിപ്പോര്‍ട്ടിലെ സൂചന. എന്നാലത്, ഇരുടീമുകളും തമ്മിലുള്ള സ്വാപ്പ് ഡീലിലൂടെ തന്നെയാവണമെന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. രണ്ട് വ്യത്യസ്ത ഇടപാടുകളായിരിക്കാന്‍ സാധ്യതയുണ്ടെന്നും ക്യാഷ് ഡീലായേക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.

താക്കൂര്‍ – അര്‍ജുന്‍ ഡീല്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും മുംബൈ ക്രിക്കറ്റ് സര്‍ക്കിളുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത് സംബന്ധിച്ച പ്രഖ്യാപനം താരങ്ങളുടെ റീട്ടെന്‍ഷന്‍ ലിസ്റ്റിനൊപ്പം ഉണ്ടായേക്കും.

മുംബൈ താരമായ ഷര്‍ദുല്‍ താക്കൂറിനെ 2 കോടി രൂപയ്ക്കാണ് എല്‍.എസ്.ജി തങ്ങളുടെ ടീമിലെത്തിച്ചത്. താരലേലത്തില്‍ അണ്‍സോള്‍ഡായിരുന്ന താക്കൂര്‍ ടീമില്‍ ഇടം പിടിച്ചത് യുവതാരം മൊഹ്സിന്‍ ഖാന്റെ ഇഞ്ചുറി റീപ്ലേസ്മെന്റായാണ്. ഈ സീസണില്‍ പത്ത് മത്സരത്തില്‍ കളിച്ച് 13 വിക്കറ്റും 18 റണ്‍സും നേടിയിരുന്നു.


മറുവശത്ത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അര്‍ജുന്‍ മുംബൈ താരമാണ്. എന്നാല്‍, കഴിഞ്ഞ സീസണില്‍ താരത്തിന് ഒരു അവസരം പോലും ലഭിച്ചിരുന്നില്ല. സൂപ്പര്‍ താരങ്ങളുള്ള ടീമില്‍ പലപ്പോഴും അര്‍ജുനിന് പ്ലെയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്താന്‍ കഴിയാറില്ല. ഇതിനുപുറമെ, ആഭ്യന്തര ക്രിക്കറ്റിലും മുംബൈ ടീമില്‍ അവസരം ലഭിക്കാതിരുന്നതോടെ താരം ഗോവയിലേക്ക് മാറിയിരുന്നു.

Content Highlight: After Sanju Samson – Ravindra Jadeja deal rumors, Mumbai Indians and Lucknow Super Giants in discussion for  Arjun Tendulkar – Shardul Thakur deal