| Thursday, 13th August 2026, 10:46 pm

അവര്‍ എല്ലാവരുമുള്ള ടൂര്‍ണമെന്റില്‍ കളിക്കാന്‍ സാധിക്കാത്തത് വിഷമകരമാണ്: സഞ്ജു

സുദേവ് എ

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിനായുള്ള കാത്തിരിപ്പിലാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍. ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് കേരളത്തിന്റെ ക്രിക്കറ്റ് മാമാങ്കം നടക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ഈ സീസണില്‍ കളിക്കുന്നില്ല. ടൂര്‍ണമെന്റിന്റെ ഐക്കണായാണ് സഞ്ജു ഇത്തവണ എത്തുന്നത്.

ഇപ്പോള്‍ കെ.സി.എല്ലിന്റെ മൂന്നാം സീസണിന്റെ ഭാഗമാവാന്‍ സാധിക്കാത്തതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സഞ്ജു. ചിലപ്പോള്‍ നമ്മുടെ ലൈഫില്‍ എപ്പോഴും സന്തോഷകരമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കില്ലെന്നാണ് സഞ്ജു പറഞ്ഞത്.

തന്റെ കൂട്ടുകാരും ചേട്ടനും എല്ലാവരും കളിക്കുന്ന കെ.സി.എല്ലില്‍ കളിക്കാതിരിക്കുന്നത് വിഷമകരമാണെന്നും സഞ്ജു പറഞ്ഞു. മീഡിയ വണ്‍ സ്‌പോര്‍ട്‌സിലൂടെ സംസാരിക്കുകയായിരുന്നു മലയാളി താരം.

‘ഉറപ്പായിട്ടും എല്ലാ സീസണിലും കളിക്കണമെന്ന് ആഗ്രഹമുണ്ട്. ഓരോ വര്‍ഷം മിസ് ചെയ്യുമ്പോഴും അയ്യോ ആ വര്‍ഷം മിസായിപ്പോയല്ലോ എന്ന ഒരു ഫീലിങ് ഉണ്ട്. ചിലപ്പോള്‍ നമ്മുടെ ലൈഫില്‍ എപ്പോഴും സന്തോഷകരമായ തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റില്ലല്ലോ. ചിലപ്പോള്‍ ഹാര്‍ഡ് ആയിട്ടുള്ള തീരുമാനം എടുക്കണം. കെ.സി.എല്‍ കളിക്കാതിരിക്കുന്നത് എനിക്ക് വിഷമകരമാണ്. കാരണം എന്റെ കൂട്ടുകാരും ചേട്ടനും എല്ലാവരും കളിക്കുന്ന ഒരു ടൂര്‍ണമെന്റ് കളിക്കാന്‍ പറ്റാത്തത് എനിക്ക് വിഷമമാണ്. പക്ഷേ ആ ഒരു സമയത്ത് നമുക്ക് ചില ഡിസിഷന്‍സ് എടുക്കേണ്ടിവരും,’ സഞ്ജു സാംസൺ പറഞ്ഞു.

ഈ സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സ് സഞ്ജുവിനെ റിലീസ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ സഞ്ജു ലേലത്തില്‍ പങ്കെടുത്തുകൊണ്ട് മറ്റൊരു ടീമിനായി കളത്തിലിറങ്ങുമെന്ന് ആരാധകര്‍ വിശ്വസിച്ചിരുന്നു.

എന്നാല്‍ സഞ്ജു ഈ സീസണില്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയത് സ്വന്തം മണ്ണില്‍ താരത്തിന്റെ ബാറ്റിങ് വെടിക്കെട്ട് കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ കൊച്ചിക്ക് പുറമെ ആലപ്പി റിപ്പിള്‍സ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റേഴ്‌സ്, ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയ്ലേഴ്‌സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സ് എന്നീ ടീമുകളാണ് കിരീടത്തിനായി മാറ്റുരക്കുന്നത്.

ഇന്ത്യയില്‍ ഇതിനോടകം തന്നെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള ടി-20 ലീഗുകള്‍ നടക്കുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് ലീഗുകള്‍ ഏറെ ശ്രദ്ധേയമാണ്. കേരളത്തിലെ കഴിവുള്ള യുവതാരങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കിക്കൊണ്ട് പുത്തന്‍ താരങ്ങളെ വളര്‍ത്തിയെടുക്കാനും ഈ ടൂര്‍ണമെന്റ് സഹായകമാകും.

Content Highlight: Sanju Samson opens up about not being able to play in the third season of the Kerala Cricket League

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more