| Friday, 26th June 2026, 2:00 pm

രോഹിത്തിന്റെ ഡബിള്‍ 'സെഞ്ച്വറി' റണ്‍സ് വെട്ടാന്‍ സഞ്ജു; ചരിത്രനേട്ടം അരികെ

ഫസീഹ പി.സി.

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള ടി – 20 പരമ്പരയ്ക്ക് ഇന്ന് ഇന്ന് തുടക്കമാവുകയാണ്. ബെല്‍ ഫാസ്റ്റിലെ സിവില്‍ സര്‍വീസ് ഗ്രൗണ്ടിലാണ് ഈ മത്സരം അരങ്ങേറുക. ജൂണ്‍ 28നാണ് പരമ്പരയിലെ അവസാനത്തെയും രണ്ടാമത്തെയും ടി – 20 മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായതിന് ശേഷം ഇന്ത്യ കളത്തിലിറങ്ങുന്ന ആദ്യ പരമ്പരയാണിത്. ഒപ്പം ടി – 20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് സ്വന്തമാക്കിയതിന് ശേഷം മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍ ആദ്യമായി ഇന്ത്യന്‍ ജേഴ്സിയില്‍ ഇറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ഈ പരമ്പരക്കായി ഇറങ്ങുമ്പോള്‍ മലയാളി താരം സഞ്ജുവിന് ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഇന്ത്യ – അയര്‍ലാന്‍ഡ് ടി – 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ മുന്നേറാന്‍ മലയാളി ബാറ്റര്‍ക്ക് സാധിക്കുക. നിലവില്‍ താരത്തിന് ഈ ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്താണ്. അയര്‍ലാന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളില്‍ കളിച്ച താരം 118 റണ്‍സെടുത്തിട്ടുണ്ട്.

ഈ ലിസ്റ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഒന്നാമതുള്ളത്. നാല് മത്സരങ്ങളില്‍ നിന്ന് 201 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇന്ത്യ – അയര്‍ലാന്‍ഡ് ടി – 20യില്‍ 200 റണ്‍സ് നേടിയ ഏക താരവും ഹിറ്റ്മാന്‍ തന്നെയാണ്.

രണ്ട് മത്സരങ്ങളില്‍ തകര്‍ത്തടിച്ചാല്‍ ഈ നേട്ടത്തില്‍ തലപ്പെത്താന്‍ സഞ്ജുവിന് അവസരമുണ്ട്. രോഹിത്തിനെ മറികടക്കാന്‍ സഞ്ജുവിന് വേണ്ടത് വെറും 84 റണ്‍സാണ്.

ഇന്ത്യ – അയര്‍ലാന്‍ഡ് ടി – 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – മത്സരങ്ങള്‍ – റണ്‍സ് എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – 4 – 201

ആന്‍ഡി ബാല്‍ബിര്‍ണി – അയര്‍ലാന്‍ഡ് – 7 – 161

ദീപക് ഹൂഡ – ഇന്ത്യ – 2 – 151

ഹാരി ടെക്ടര്‍ – അയര്‍ലാന്‍ഡ് – 5 – 123

സഞ്ജു സാംസണ്‍ – ഇന്ത്യ – 3 – 118

സുരേഷ് റെയ്‌ന – ഇന്ത്യ – 3 – 79

അതേസമയം, ഇന്ത്യന്‍ ടീമില്‍ 15 കാരന്‍ വൈഭവ് സൂര്യവംശിയും ഇടം പിടിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ താരത്തിന്റെ അരങ്ങേറ്റമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

Content Highlight: Sanju Samson needs 84 runs to surpass tops the list of most runs in India vs Ireland T20I by surpassing Rohit Sharma

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more