സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇനി ഇന്ത്യയുടെ മുന്നിലുള്ളത് പ്രോട്ടിയാസിനെതിരെയുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയാണ്. ഡിസംബര്‍ ഒമ്പതിന് ഒഡീഷയിലെ ബരാബതി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്.
മത്സരത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മത്സരത്തില്‍ ഒരു സൂപ്പര്‍ റെക്കോഡ് സ്വന്തമാക്കാനും സഞ്ജുവിന് അവസരമുണ്ട്.
ഇനി വെറും അഞ്ച് റണ്‍സ് നേടിയാല്‍ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനുള്ള അവസരമാണ് സഞ്ജുവിനുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന 12ാമത് താരമാകാനും സഞ്ജുവിന് സാധിക്കും.
നിലവില്‍ ടി-20യില്‍ 43 ഇന്നിങ്‌സില്‍ നിന്ന് 995 റണ്‍സാണ് സഞ്ജു നേടിയത്. 111 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഫോര്‍മാറ്റില്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. 25.5 എന്ന ആവറേജിലാണ് താരത്തിന്റെ റണ്‍വേട്ട. 147.4 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. കൂടാതെ മൂന്ന് സെഞ്ച്വറികളും മൂന്ന് അര്‍ധ സെഞ്ച്വറികളും നേടാന്‍ സഞ്ജുവിന് സാധിച്ചു.