ഏഷ്യാ കപ്പില്‍ കൈവിട്ടത് ഇന്ന് നേടാന്‍ സഞ്ജു; കരിയര്‍ തിരുത്തിക്കുറിക്കും
Sports News
ഏഷ്യാ കപ്പില്‍ കൈവിട്ടത് ഇന്ന് നേടാന്‍ സഞ്ജു; കരിയര്‍ തിരുത്തിക്കുറിക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 31st October 2025, 9:15 am

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45ന് മത്സരം ആരംഭിക്കും.

പരമ്പരയിലെ ആദ്യ മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിച്ചിരുന്നു. പരമ്പരയില്‍ എതിരാളികള്‍ക്ക് മേല്‍ ആധിപത്യം സ്വന്തമാക്കാന്‍ ഇരു ടീമുകള്‍ക്കുമുള്ള അവസരം കൂടിയാണ് മെല്‍ബണ്‍ ടി-20.

 

ഈ മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ഒരു കരിയര്‍ മൈല്‍സ്റ്റോണും കാത്തിരിക്കുന്നുണ്ട്. ഈ നേട്ടത്തിലെത്താന്‍ താരത്തിന് വേണ്ടതാകട്ടെ വെറും ഏഴ് റണ്‍സും. അന്താരാഷ്ട്ര ടി-20യില്‍ 1,000 റണ്‍സ് എന്ന നേട്ടമാണ് സഞ്ജുവിന് മുമ്പിലുള്ളത്.

42 ഇന്നിങ്സില്‍ നിന്നും 26.13 ശരാശരിയിലും 147.98 സ്ട്രൈക്ക് റേറ്റിലുമാണ് താരം വീശുന്നത്. മൂന്ന് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഇന്ത്യന്‍ ജേഴ്സിയില്‍ സഞ്ജു തന്റെ പേരിലെഴുതിച്ചേര്‍ത്തിട്ടുണ്ട്.

മെല്‍ബണില്‍ ഏഴ് റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ അന്താരാഷ്ട്ര ടി-20യില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന 12ാം ഇന്ത്യന്‍ താരമെന്ന നേട്ടവും സഞ്ജുവിന്റെ പേരില്‍ കുറിക്കപ്പെടും.

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, എം.എസ്. ധോണി, സുരേഷ് റെയ്ന, റിഷബ് പന്ത്, യുവരാജ് സിങ്, ശ്രേയസ് അയ്യര്‍ എന്നിവരാണ് അന്താരാഷ്ട്ര ടി-20യില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങള്‍.

ഏഷ്യാ കപ്പില്‍ തന്റെ നാച്ചുറല്‍ പൊസിഷനായ ഓപ്പണിങ്ങിലോ ടോപ്പ് ഓര്‍ഡറിലോ കളിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ താരം ഉറപ്പായും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ കരിയറിലെ ആ സുപ്രധാന നേട്ടം കൈവരിക്കുമായിരുന്നു.

വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്‍ ടീമില്‍ ഇടം പിടിച്ചതോടെയാണ് സഞ്ജുവിന്റെ ഓപ്പണിങ് സ്ലോട്ടിന് ഇളക്കം തട്ടിയത്. ഗില്ലിനെ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ടീമിന്റെ കംപ്ലീറ്റ് ഓര്‍ഡര്‍ തന്നെ ഉടച്ചുവാര്‍ക്കേണ്ടി വന്നിരുന്നു.

എന്നാല്‍ മഴമൂലം ഉപേക്ഷിക്കപ്പെട്ട മത്സരത്തില്‍ ഗില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു. 20 പന്ത് നേരിട്ട താരം പുറത്താകാതെ 37 റണ്‍സാണ് സ്വന്തമാക്കിയത്.

ഇന്ത്യ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, അഭിഷേക് ശര്‍മ, അക്‌സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

ഓസ്ട്രേലിയ സ്‌ക്വാഡ്

മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, മാത്യു ഷോര്‍ട്ട്, നഥാന്‍ എല്ലിസ്, തന്‍വീര്‍ സാംഘ, മിച്ചല്‍ ഓവന്‍, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, ടിം ഡേവിഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാര്‍കസ് സ്റ്റോയ്നിസ്, ജോഷ് ഫിലിപ്പ്, ഷോണ്‍ അബോട്ട്, മാത്യു കുന്‍മാന്‍, ജോഷ് ഹേസല്‍വുഡ്, ബെന്‍ ഡ്വാര്‍ഷിയസ്.

 

Content Highlight: Sanju Samson need 7 runs to complete 1,000 T20I Runs