അവസരം കൊടുക്കൂ, ചെറുക്കന്‍ ആയിരമടിച്ച് തിരിച്ചുവരും
Sports News
അവസരം കൊടുക്കൂ, ചെറുക്കന്‍ ആയിരമടിച്ച് തിരിച്ചുവരും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th December 2025, 10:36 pm

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ കൂറ്റന്‍ വിജയം സ്വന്തമാക്കി ഇന്ത്യ പരമ്പരയില്‍ ലീഡ് നേടിയിരിക്കുകയാണ്. ഒഡീഷ, കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 101 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 74ന് പുറത്തായി.

View this post on Instagram

A post shared by ICC (@icc)

മത്സരത്തില്‍ വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയെയാണ് ഇന്ത്യ പരീക്ഷിച്ചത്. സഞ്ജു സാംസണ്‍ സ്‌ക്വാഡിലുണ്ടായിരുന്നിട്ടും ഗംഭീര്‍ സഞ്ജുവിനെ കളത്തിലിറക്കിയില്ല. വൈസ് ക്യാപ്റ്റനായെത്തിയ ശുഭ്മന്‍ ഗില്‍ തന്റെ ഓപ്പണിങ് പൊസിഷനില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് ഡഗ് ഔട്ടിലിരുന്ന് കാണാന്‍ മാത്രമാണ് സഞ്ജുവിന് സാധിച്ചത്.

സഞ്ജു സാംസണ്‍. Photo: BCCI/X.com

കരിയറിലെ ഒരു സുപ്രധാന നേട്ടം സഞ്ജുവിന്റെ ഏറെ നാളുകളായി സഞ്ജുവിന്റെ കയ്യകലത്ത് കാത്തിരിപ്പുണ്ട്. അന്താരാഷ്ട്ര ടി-20യില്‍ ആയിരം റണ്‍സെന്ന നേട്ടമാണിത്. ഇതിന് വേണ്ടതാകട്ടെ വെറും അഞ്ച് റണ്‍സും.

കരിയറിലെ 43 ഇന്നിങ്‌സില്‍ നിന്നും 25.51 ശരാശരിയിലും 147.40 സ്‌ട്രൈക് റേറ്റിലും സഞ്ജു 995 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറികളും അത്ര തന്നെ അര്‍ധ സെഞ്ച്വറികളും സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്. വരും മത്സരങ്ങളില്‍ അഞ്ച് റണ്‍സടിച്ചാല്‍ അന്താരാഷ്ട്ര ടി-20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന 14ാം ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കാന്‍ സഞ്ജുവിന് സാധിക്കും.

സഞ്ജു സാംസണ്‍. Photo: BCCI/X.com

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, എം.എസ്. ധോണി, സുരേഷ് റെയ്ന, റിഷബ് പന്ത്, യുവരാജ് സിങ്, ശ്രേയസ് അയ്യര്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവരാണ് ഇന്ത്യന്‍ ജേഴ്‌സിയില്‍ ടി-20 ഫോര്‍മാറ്റില്‍ ആയിരം റണ്‍സ് പൂര്‍ത്തിയാക്കിയത്.

തിലക് വര്‍മയാണ് ഈ നേട്ടത്തില്‍ ഒടുവിലെത്തിയത്. കഴിഞ്ഞ ദിവസമാണ് തിലക് ടി-20യില്‍ തന്റെ കരിയറിലെ ചരിത്ര നാഴികക്കല്ല് പിന്നിട്ടത്.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നാല് റണ്‍സ് സ്വന്തമാക്കിയതിന് പിന്നാലെയാണ് തിലക് ഈ നേട്ടം സ്വന്തമാക്കിയത്. 32 പന്ത് നേരിട്ട താരം 26 റണ്‍സാണ് നേടിയത്. നിലവില്‍ 1022 റണ്‍സാണ് അന്താരാഷ്ട്ര ടി-20യിലുള്ളത്.

നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം. പഞ്ചാബ്, മൊഹാലിയിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

 

Content Highlight: Sanju Samson need 5 runs to complete 1000 T20I runs