ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെ ടി-20 മത്സരം നാളെ (നവംബര്‍ രണ്ടിന്) നിന്‍ജാ സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡാണ്.
ഇനി വെറും അഞ്ച് റണ്‍സ് നേടിയാല്‍ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനുള്ള അവസരമാണ് സഞ്ജുവിനുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന 12ാമത് താരമാകാനും സഞ്ജുവിന് സാധിക്കും.
നിലവില്‍ ടി-20യില്‍ 43 ഇന്നിങ്സില്‍ നിന്ന് 995 റണ്‍സാണ് സഞ്ജു നേടിയത്. 111 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഫോര്‍മാറ്റില്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. 25.5 എന്ന ആവറേജിലാണ് താരത്തിന്റെ റണ്‍വേട്ട. 147.4 എന്ന സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. കൂടാതെ മൂന്ന് സെഞ്ച്വറികളും മൂന്ന് അര്‍ധ സെഞ്ച്വറികളും നേടാന്‍ സഞ്ജുവിന് സാധിച്ചു.
അതേസമയം ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി-20യില്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ പുറത്തായതോടെ വണ്‍ഡൗണ്‍ ബാറ്ററായി സഞ്ജുവിന് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. എന്നാല്‍ നാല് പന്തില്‍ രണ്ട് റണ്‍സ് നേടി നഥാന്‍ എല്ലിസിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യുവില്‍ പുറത്താകുകയായിരുന്നു സഞ്ജു. എന്നിരുന്നാലും അടുത്ത മത്സരത്തില്‍ സഞ്ജു 1000 റണ്‍സ് നേടി വമ്പന്‍ നാഴികക്കല്ല് പിന്നിടുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.