ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കാനുള്ളത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി. ഇരുവരും തമ്മിലുള്ള മത്സരത്തില്‍ തീ പാറുമെന്ന് ഉറപ്പാണ്. ടൂര്‍ണമെന്റില്‍ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച് അപരാജിതരായാണ് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയത്. അവസാനത്തെ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ ഒമാനെതിരെയായിരുന്നു ഇന്ത്യയുടെ അവസാന വിജയം.
ഒമാനെതിരെ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനാണ്. മത്സരത്തില്‍ താരം അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 45 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും അടക്കം 56 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഒമാനെതിരെ അടിച്ചത്. ഇന്ന് നടക്കുന്ന മത്സരത്തിലും സഞ്ജുവിന് ടോപ്പ് ഓര്‍ഡറില്‍ ഇറങ്ങാന്‍ സാധിക്കുമെന്നും മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നുമാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
ഇന്ന് കളത്തിലിറങ്ങാന്‍ സാധിച്ചാല്‍ സഞ്ജുവിനെ കാത്തിരിക്കുന്നത് മറ്റൊരു തകര്‍പ്പന്‍ നേട്ടമാണ്. അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെ മറികടക്കാനാണ് സഞ്ജുവിന് സാധിക്കുക. നിലവില്‍ ഈ ലിസ്റ്റില്‍ 13ാം സ്ഥാനത്തുള്ള സഞ്ജുവിന് വെറും 16 റണ്‍സ് നേടിയാല്‍ ഗംഭീറിനെ മറികടക്കാന്‍ സാധിക്കും.
അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍, മത്സരം, റണ്‍സ് എന്ന ക്രമത്തില്‍
രോഹിത് ശര്‍മ – 159 – 4231
വിരാട് കോഹ്‌ലി – 125 – 4188
സൂര്യകുമാര്‍ യാദവ് – 86 – 2652
കെ.എല്‍. രാഹുല്‍ – 72 – 2265
ഹര്‍ദിക് പാണ്ഡ്യ – 117 – 1813
ശിഖര്‍ ധവാന്‍ – 68 – 1759
എം.എസ്. ധോണി – 98 -1617
സുരേഷ് റെയ്‌ന – 78 – 1605
റിഷബ് പന്ത് – 76 – 1209
യുവരാജ് സിങ് – 58 – 1177
ശ്രേയസ് അയ്യര്‍ – 51 – 1104
ഗൗതം ഗംഭീര്‍ – 37 – 932
സഞ്ജു സാംസണ്‍ – 45 – 917
അതേസമയം ഇന്ത്യയും പാകിസ്ഥാനുമുള്ള പോരാട്ടത്തില്‍ ആരാവും വിജയിക്കുക എന്നും ആരാധകര്‍ ആകാംക്ഷയോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. ഇരുവരും തമ്മില്‍ 2007 മുതല്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ തന്നെയാണ് ഏറ്റവും കൂടുതല്‍ വിജയം നേടിയത്. ആകെ കളിച്ച 14 മത്സരങ്ങളില്‍ 11 എണ്ണവും ഇന്ത്യയാണ് വിജയിച്ചത്. മൂന്ന് മത്സരത്തില്‍ മാത്രമാണ് പാകിസ്ഥാന് വിജയിക്കാന്‍ സാധിച്ചത്. മത്സരത്തില്‍ ഇന്ത്യ മേല്‍ക്കൈ നേടുമെന്നാണ് പല മുന്‍ ക്രിക്കറ്റ് താരങ്ങളും പറയുന്നത്.