ഐ.പി.എല്ലിലെ മികച്ച ക്യാപ്റ്റന്‍ ഇവന്‍ തന്നെ
IPL 2022
ഐ.പി.എല്ലിലെ മികച്ച ക്യാപ്റ്റന്‍ ഇവന്‍ തന്നെ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th May 2022, 1:41 pm

പത്ത് വമ്പന്‍ താരനിരയുള്ള ടീമുകള്‍, എല്ലാ ടീമിനും ലോകോത്തര ക്യാപ്റ്റന്‍മാരും. ഐ.പി.എല്ലില്‍ വിജയിക്കാന്‍ ഏതൊരു ക്യാപ്റ്റനും ആഗ്രഹിക്കും. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗും ഐ.പി.എല്ലായിരിക്കും.

അവിടെയാണ് ഒരു മലയാളി ക്യാപ്റ്റന്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായുള്ള സഞ്ജു സാംസണിന്റെ പ്രകടനം ഈ വര്‍ഷത്തെ ഐ.പി.എല്ലിലെ പ്രധാന ചര്‍ച്ചാ വിഷയമാണ്.

ടീം ഒന്നടങ്കം മികച്ച പ്രകടനം കാഴ്ചവെച്ച രാജസ്ഥാന്‍ നിരയില്‍ ഒരു ലീഡറെന്ന നിലയില്‍ സഞ്ജുവിന്റെ ഇടപെടലുകള്‍ ചെറുതല്ല. കപ്പിനും ചുണ്ടിനുമിടയില്‍ രാജസ്ഥാനും സഞ്ജുവിനും ഇനി ഒരു മത്സരം മാത്രം.

ഇന്നലെ നടന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ രാജസ്ഥാന്‍ അനായാസം വിജയിച്ചിരുന്നു. രാജസ്ഥാന്റെ ബാറ്റിംഗ് തുടങ്ങിയപ്പോള്‍ തൊട്ട് കളി ഏകപക്ഷീയമായിരുന്നു.

ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കപ്പെട്ട ആര്‍.സി.ബി പൊരുതാവുന്ന ടോട്ടലായിരുന്നു നേടിയത്. മത്സരത്തിന്റെ ഒരു വേളയില്‍ ആര്‍.സി.ബിക്ക് നേരിയ മുന്‍തൂക്കമുണ്ടായിരുന്നു. അത് മനസിലാക്കിയ ക്യാപ്റ്റന്‍ കൃത്യ സമയത്ത് തന്നെ ഇടപെട്ട് കളി മാറ്റുകയായിരുന്നു.

വിക്കറ്റ് ടേക്കിംഗ് ബൗളറായ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെ ആര്‍.സി.ബി.താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ ഒരോവറില്‍ 12 റണ്‍സ് അടിക്കുന്നു. മറുവശത്ത് കഴിഞ്ഞ കളിയിലെ ഫോമുമായി വന്ന രജത് പാടിദാര്‍ നല്ല രീതിയില്‍ കളിക്കുന്നുണ്ടായിരുന്നു.

ഇരുവരും പാര്‍ട്‌നര്‍ഷിപ്പ് ഉണ്ടാക്കും എന്ന് തോന്നിച്ച സാഹചര്യം. തൊട്ടടുത്ത ഓവറില്‍ സഞ്ജു ബോള്‍ട്ടിനെ തന്റെ അവസാന ഓവര്‍ എറിയാന്‍ തിരിച്ചുകൊണ്ടുവരുന്നു. ആറാം ബൗളറുടെ കുറവ് കഴിഞ്ഞ മത്സരത്തില്‍ നന്നായി അനുഭവിച്ച ടീമാണ് റോയല്‍സ് എന്ന് ആലോചിക്കണം.

ആ ഓവറില്‍ മാക്‌സ്‌വെല്ലിനെതിരെ 3 ഡോട്ട് ബോളുകള്‍ തുടര്‍ച്ചയായി എറിയുകയും നാലാം പന്തില്‍ മാക്‌സ്‌വെല്ലിനെ പുറത്താക്കാനും ബോള്‍ട്ടിന് സാധിച്ചു. അവസാന ഓവറുകളില്‍ ഒരോവര്‍ ഒരു സ്പിന്നറിന് കൊടുക്കണം എന്ന റിസ്‌ക് ഏറ്റേടുത്തായിരുന്നു ബോള്‍ട്ടിന് പന്ത് കൊടുക്കാനുള്ള സഞ്ജുവിന്റെ തീരുമാനം.

ട്വന്റി-20 ക്രിക്കറ്റില്‍ തക്ക സമയത്ത് ധീരമായ തീരുമാനം എടുക്കുന്നതാണ് ക്യാപ്റ്റന്‍മാരുടെ ജോലി. സഞ്ജു ആ കാര്യത്തില്‍ പ്രശംസ അര്‍ഹിക്കുന്നുണ്ട്. ആദ്യമായല്ല സഞ്ജുവിന്റെ തീരുമാനങ്ങള്‍ ഈ സീസണില്‍ രാജസ്ഥാന് അനുകൂലമാകുന്നത്.

ടെസ്റ്റില്‍ മികച്ച ബാറ്റിംഗ് റെക്കോഡുള്ള ആര്‍. അശ്വിന് ബാറ്റിംഗില്‍ പ്രൊമോഷന്‍ കൊടുത്തതും,
ഒബെഡ് മക്കോയ്യ്ക്ക് കൃത്യമായ ബാക്കപ്പ് നല്‍കിയതുമെല്ലാം ഇതില്‍ ഉള്‍പ്പെടും.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയുള്ള മത്സരത്തില്‍ ആദ്യ ആറോവറില്‍ 75 റണ്‍സ് വിട്ട് കൊടുത്തതിന് ശേഷം 20 ഓവര്‍ കഴിഞ്ഞപ്പോള്‍ 150ല്‍ ഒതുക്കിയതുമെല്ലാം സഞ്ജുവിന്റെ മികവ് തെളിയിക്കുന്നതാണ്.

സഞ്ജു നയിക്കുന്ന ടീം കപ്പ് അടിച്ചാലും അത്ഭുതപ്പെടാനൊന്നുമില്ല. കാരണം ഈ ഐ.പി.എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ സഞ്ജു തന്നെയാണെന്നാണ് ആരാധകരുടെ പക്ഷം.

നാളെ രാത്രി 7.30നാണ് ഫൈനല്‍ മത്സരം. ഗുജറാത്ത് ടൈറ്റന്‍സാണ് രാജസ്ഥാന്റെ എതിരാളികള്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content highlights: Sanju Samson is best capatin of this years ipl