സംശയം വേണ്ട, സഞ്ജു ഉറപ്പായും ടീമിലുണ്ടാകും, കളിക്കും
Sports News
സംശയം വേണ്ട, സഞ്ജു ഉറപ്പായും ടീമിലുണ്ടാകും, കളിക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st January 2025, 8:53 am

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കമാവുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തി കളിക്കുക. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആദ്യ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ടി-20 ഫോര്‍മാറ്റില്‍ മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുക്കുന്നത്. ടി-20 ലോകകപ്പിന് പിന്നാലെ പടിയിറങ്ങിയ വിരാടനും രോഹിത്തിനും ശേഷം പുത്തന്‍ ഉണര്‍വാണ് ടി-20 ടീമിനുള്ളത്. രോഹിത്തിന് ശേഷം ക്യാപ്റ്റന്‍സിയേറ്റെടുത്ത സൂര്യകുമാര്‍ മികച്ച രീതിയിലാണ് ഇന്ത്യയെ മുമ്പില്‍ നിന്നും നയിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരം മുതല്‍ തന്നെ പരമ്പരയില്‍ ആധിപത്യം ഉറപ്പിക്കാനാകും ഇന്ത്യയുടെ ശ്രമം. ഇതിനായി മികച്ച ടീമിനെ തന്നെയാകും ഇന്ത്യ തെരഞ്ഞെടുക്കുക.

ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ സാധ്യതാ ഇലവന്‍ പരിശോധിക്കാം.

അറ്റാക്കിങ് ക്രിക്കറ്റ് മുഖമുദ്രയാക്കിയ ബാറ്റര്‍മാരാണ് ആദ്യ നാല് സ്ഥാനങ്ങളില്‍ ക്രീസിലെത്തുക. ഓപ്പണറായി സഞ്ജു സാസണും അഭിഷേക് ശര്‍മയും കളത്തിലിറങ്ങുമ്പോള്‍ വണ്‍ ഡൗണായി തിലക് വര്‍മയും നാലാമനായി സൂര്യകുമാറും ബാറ്റിങ്ങിനിറങ്ങും. സഞ്ജു തന്നെയാണ് വിക്കറ്റ് കീപ്പറും.

ബംഗ്ലാദേശിനും സൗത്ത് ആഫ്രിക്കയ്ക്കും എതിരായ സെഞ്ച്വറി പ്രകടനങ്ങള്‍ ആവര്‍ത്തിക്കാനുറച്ചാണ് സഞ്ജുവും തിലക് വര്‍മയും മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. സൂര്യ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റിങ് പുറത്തെടുക്കുമ്പോള്‍ ഐ.പി.എല്ലിലെ മികവ് ആവര്‍ത്തിക്കാനാകും അഭിഷേക് ശര്‍മ ശ്രമിക്കുക.

അഞ്ചാം നമ്പറില്‍ ഇന്ത്യയുടെ വേള്‍ഡ് കപ്പ് ഹീറോയും സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യയും ആറാം നമ്പറില്‍ റിങ്കു സിങ്ങുമാകും ക്രീസിലെത്തുക. ഹര്‍ദിക്കിന് കൂട്ടായി ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിയും സ്പിന്‍ ഓള്‍ റൗണ്ടറായി വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലും കളത്തിലിറങ്ങും.

പരിക്കിന് പിന്നാലെ ഒരു വര്‍ഷത്തിലധികം കളത്തിന് പുറത്ത് നില്‍ക്കേണ്ടി വന്ന മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിനാകും കൊല്‍ക്കത്ത സാക്ഷ്യം വഹിക്കുക. ബൗളിങ്ങില്‍ കരുത്താകാന്‍ അര്‍ഷ്ദീപ് സിങ്ങും വരുണ്‍ ചക്രവര്‍ത്തിയുമെത്തുന്നതോടെ ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ പൂര്‍ത്തിയാകും.

ആദ്യ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ സാധ്യതാ ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി.

ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ജെയ്മി സ്മിത്, ജേകബ് ബേഥല്‍, ജെയ്മി ഓവര്‍ട്ടണ്‍, ലിയാം ലിവിങ്സ്റ്റണ്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, ബ്രൈഡന്‍ ക്രേസ്, ഗസ് ആറ്റ്കിന്‍സണ്‍, ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക് വുഡ്, രെഹന്‍ അഹമ്മദ്, സാഖിബ് മഹമ്മൂദ്.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പര

ആദ്യ മത്സരം: ജനുവരി 22, ബുധന്‍ – ഈഡന്‍ ഗാര്‍ഡന്‍സ്

രണ്ടാം മത്സരം: ജനുവരി 25 – എം.എ ചിദംബരം സ്റ്റേഡിയം

മൂന്നാം മത്സരം: ജനുവരി 28 – സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം

നാലാം മത്സരം: ജനുവരി 31 – മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം

അവസാന മത്സരം: ഫെബ്രുവരി 2 – വാംഖഡെ സ്റ്റേഡിയം

 

Content highlight: Sanju Samson included, India’s predicted XI for 1st T20I against England