2025ലെ ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഒമ്പതാം തവണയും ഏഷ്യാ കപ്പ് സ്വന്തമാക്കിയിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 146 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 19.4 ഓവറില്‍ ഇന്ത്യ 150 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
തിലക് വര്‍മ, ശിവം ദുബെ, സഞ്ജു സാംസണ്‍ എന്നിവരുടെ മികച്ച ബാറ്റിങ് പ്രകടനമാണ് കലാശപ്പോരാട്ടത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. തിലക് 53 പന്തില്‍ നിന്നും പുറത്താകാതെ 69 റണ്‍സ് നേടി. ശിവം ദുബെ 22 പന്തില്‍ 33 റണ്‍സും സഞ്ജു സാംസണ്‍ 21 പന്തില്‍ 24 റണ്‍സും നേടി.
കിരീട നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചെങ്കിലും ഒരു വ്യക്തിഗത നേട്ടത്തില്‍ മുത്തമിടാന്‍ സഞ്ജുവിന് സാധിക്കാതെ പോയിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ 1000 റണ്‍സ് എന്ന നാഴികക്കല്ലിലെത്താന്‍ സാധിക്കാതെയാണ് സഞ്ജു ഫൈനലില്‍ പുറത്തായത്.
ഫൈനലിന് മുമ്പ് 969 റണ്‍സാണ് താരത്തിന്റെ പേരിലുണ്ടായിരുന്നത്. പാകിസ്ഥാനെതിരെ 31 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ 1,000 ടി-20ഐ റണ്‍സ് നേടുന്ന 12ാം ഇന്ത്യന്‍ താരമാകാന്‍ സഞ്ജുവിന് സാധിക്കുമായിരുന്നു. എന്നിരുന്നാലും മറ്റൊരു തകര്‍പ്പന്‍ നേട്ടം കൊയ്താണ് സഞ്ജു ഏഷ്യാ കപ്പ് അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര ടി-20യില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരമാകാനാണ് സഞ്ജുവിന് സാധിച്ചത്. ഈ നേട്ടത്തില്‍ സാക്ഷാല്‍ ധോണിയെ മറികടന്നാണ് സഞ്ജു ഒന്നാം സ്ഥാനത്ത് ആധിപത്യം സ്ഥാപിച്ചത്.
Standing tall as the third-highest run-getter for India this Asia Cup too 🇮🇳🏆 pic.twitter.com/7CATKyOkBW