ഇന്ത്യയുടെ വെടിക്കെട്ട് ബാറ്ററാണ് സഞ്ജു സാംസണ്‍. അവസാനമായി ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലാണ് സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. എന്നാല്‍ പരമ്പരയിലെ അഞ്ച് മത്സരത്തിലും മലയാളി വെടിക്കെട്ട് ബാറ്റര്‍ സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു.
മാത്രമല്ല ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ജോഫ്രാ ആര്‍ച്ചറുടെ പന്ത് കൈവിരലിന് കൊണ്ട് സഞ്ജുവിന്റെ വിരലിന് പൊട്ടലുണ്ടായിരുന്നു. നിലവില്‍ ആറാഴ്ചത്തെ വിശ്രമമാണ് സഞ്ജുവിന് നിര്‍ദേശിച്ചിരിക്കുന്നത്. സഞ്ജുവിന് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നസ് തെളിയിച്ചേ ഇനി കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ സാധിക്കൂ.
നിലവില്‍ താരത്തിന്റെ കൈവിരലിന്റെ സര്‍ജറി കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സഞ്ജുവിന് 2025 ഐ.പി.എല്ലും നഷ്ടമാകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിക്കാത്തതില്‍ സഞ്ജുവിന് നിരവധി വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ 26 റണ്‍സും ചെപ്പോക്കില്‍ നടന്ന രണ്ടാം മത്സരത്തില്‍ അഞ്ച് റണ്‍സുമാണ് താരത്തിന് നേടാന്‍ സാധിച്ചത്. എന്നാല്‍ സഞ്ജു തിരിച്ചുവരുമെന്ന് കരുതിയ മൂന്നാം മത്സരത്തില്‍ മൂന്ന് റണ്‍സും, നാലാം മത്സരത്തില്‍ ഒരു റണ്‍സുമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് നേടാന്‍ സാധിച്ചത്.
കഴിവ് തെളിയിക്കാന്‍ സഞ്ജുവിന് ലഭിച്ച അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ 16 റണ്‍സിനാണ് സഞ്ജു കളം വിട്ടത്. ആദ്യ മൂന്ന് മത്സരത്തിലും ജോഫ്രാ ആര്‍ച്ചറിന്റെ ഷോട്ട് ബോളില്‍ പുറത്തായ സഞ്ജു ശേഷിച്ച രണ്ട് മത്സരങ്ങളിലും അതേ രീതിയില്‍ പുറത്താകേണ്ടി വന്നിരുന്നു.
നിലവില്‍ പരിക്കിന്റെ പിടിയിലായ സഞ്ജുവിന് ഐ.പി.എല്‍ നഷ്ടമായാല്‍ കരിയറില്‍ നേരിടോണ്ടി വരുന്ന വലിയ തിരിച്ചടിയായി മാറാന്‍ സാധ്യതകളേറെയാണ്. ഏകദിന മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി 16 മത്സരങ്ങളിലെ 14 ഇന്നിങ്‌സില്‍ നിന്ന് 510 റണ്‍സാണ് സഞ്ജു നേടിയത്. അതില്‍ 108 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും സഞ്ജു നേടി.
ടി-20യില്‍ 42 മത്സരങ്ങളിലെ 38 ഇന്നിങ്‌സില്‍ നിന്ന് 861 റണ്‍സും മൂന്ന് സെഞ്ച്വറിയും കുറിക്കാന്‍ സഞ്ജുവിന് സാധിച്ചു. മാത്രമല്ല ഐ.പി.എല്ലില്‍ 167 മത്സരത്തിലെ 163 ഇന്നിങ്‌സില്‍ നിന്ന് 4419 റണ്‍സ് സ്വന്തമാക്കാനും മൂന്ന് സെഞ്ച്വറി അക്കൗണ്ടിലാക്കാനും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജുവിന് കഴിഞ്ഞു.