ധോണിയൊന്നും ചിത്രത്തില്‍ പോലുമില്ല; ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസണ്‍
Cricket
ധോണിയൊന്നും ചിത്രത്തില്‍ പോലുമില്ല; ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസണ്‍
Sudev A
Wednesday, 6th May 2026, 9:23 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിങ്സ് അഞ്ചാം വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹി ക്യാപ്പിറ്റല്‍സിനെ എട്ട് വിക്കറ്റുകള്‍ക്കാണ് ചെന്നൈ തകര്‍ത്തത്.

ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 15 പന്തുകളും എട്ട് വിക്കറ്റുകളും ബാക്കി ലക്ഷ്യം മറികടക്കുകയായിരുന്നു. വിജയത്തോടെ 10 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് മുന്നേറാനും ചെന്നൈക്ക് സാധിച്ചു.

മലയാളി താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ഇന്നിങ്സിന്റെ കരുത്തിലാണ് ചെന്നൈ വിജയിച്ചു കയറിയത്. 52 പന്തില്‍ പുറത്താവാതെ 87 റണ്‍സ് നേടിയാണ് സഞ്ജു തിളങ്ങിയത്. ഏഴ് ഫോറുകളും ആറ് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സഞ്ജുവാണ്. ഈ സീസണിലെ തന്റെ മൂന്നാം പ്ലെയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡാണ് സഞ്ജു സ്വന്തമാക്കിയത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ 75+ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി മാറാനും സഞ്ജുവിന് സാധിച്ചു. 16 തവണയാണ് സഞ്ജു കുട്ടി ക്രിക്കറ്റില്‍ 75+ റണ്‍സ് നേടിയിട്ടുള്ളത്. ഈ നേട്ടത്തില്‍ കെ.എല്‍ രാഹുലിനൊപ്പമാണ് സഞ്ജുവുള്ളത്. മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എം.എസ് ധോണി ഈ ലിസ്റ്റില്‍ ഇടം നേടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ടി-20യില്‍ ഏറ്റവും കൂടുതല്‍ 75+ റണ്‍സ് സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍

സഞ്ജു സാംസണ്‍-16

കെ.എല്‍ രാഹുല്‍-16

ഇഷാന്‍ കിഷന്‍-13

റിഷബ് പന്ത്-9

വൃദ്ധിമാന്‍ സാഹ-7

അതേസമയം ആദ്യം ബാറ്റ് ചെയ്ത ദല്‍ഹിക്ക് വേണ്ടി സമീര്‍ റിസ്വിയും ട്രിസ്റ്റണ്‍ സ്റ്റബ്‌സുമാണ് മികച്ച പ്രകടനം നടത്തിയത്. റിസ്വി 24 പന്തില്‍ 40 റണ്‍സ് നേടിയാണ് തിളങ്ങിയത്. നാല് സിക്‌സുകളാണ് താരം സ്വന്തമാക്കിയത്. സ്റ്റബ്‌സ് 31 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സുകളും അടക്കം 38 റണ്‍സും സ്വന്തമാക്കി.

സി.എസ്.കെ ബൗളിങ്ങില്‍ നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റും ഗുര്‍ജ്നീത് സിങ്, ജെയ്മി ഓവര്‍ട്ടണ്‍, അകീല്‍ ഹൊസൈന്‍, മുകേഷ് ചൗധരി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

മെയ് 10ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി.

Content Highlight: Sanju Samson create a huge record in T20 cricket

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.