കേരള ക്രിക്കറ്റ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് – ആരീസ് കൊല്ലം സെയ്‌ലേഴ്‌സ് മത്സരത്തില്‍ ബ്ലൂ ടൈഗേഴ്‌സ് വിജയിച്ചിരുന്നു. സഞ്ജു സാംസണിന്റെ സെഞ്ച്വറിയുടെയും മുഹമ്മദ് ആഷിഖിന്റെ വെടിക്കെട്ടിന്റെയും കരുത്തിലാണ് ബ്ലൂ ടൈഗേഴ്‌സ് വിജയിച്ചുകയറിയത്.
ആരീസ് കൊല്ലം സെയ്‌ലേഴ്‌സ് ഉയര്‍ത്തിയ 237 റണ്‍സിന്റെ വിജയലക്ഷ്യം അവസാന പന്തില്‍ ബ്ലൂ ടൈഗേഴ്‌സ് മറികടക്കുകയായിരുന്നു.
കടുവകള്‍ക്കായി സഞ്ജു സാംസണ്‍ സെഞ്ച്വറി നേടി. കേരള ക്രിക്കറ്റ് ലീഗില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ച്വറിയാണിത്. 51 പന്ത് നേരിട്ട താരം 121 റണ്‍സടിച്ചാണ് പുറത്തായത്. ആകാശം തൊട്ട ഏഴ് സിക്‌സറുകളും, സിക്‌സറുകളുടെ ഇരട്ടി ഫോറുമായാണ് സഞ്ജു കളം നിറഞ്ഞുകളിച്ചത്. 237.25 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
നേരത്തെ നടന്ന, കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ രണ്ടാം മത്സരത്തില്‍ സഞ്ജു പാടെ നിരാശപ്പെടുത്തിയിരുന്നു. ആലപ്പി റിപ്പിള്‍സിനെതിരെ നടന്ന മത്സരത്തില്‍ തന്റെ കരിയറിലെ മോശം ടി-20 ഇന്നിങ്‌സുകളിലൊന്നാണ് താരം പുറത്തെടുത്തത്.
22 പന്തില്‍ 13 റണ്‍സ് മാത്രമാണ് റിപ്പിള്‍സിനെതിരെ സഞ്ജുവിന് നേടാന്‍ സാധിച്ചത്. 60ല്‍ താഴെ മാത്രമായിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഒറ്റ ഫോറോ സിക്‌സറോ പോലും റിപ്പിള്‍സിനെതിരെ സഞ്ജുവിന് നേടാന്‍ സാധിച്ചിരുന്നില്ല.
ഈ രണ്ട് ഇന്നിങ്‌സുകളും പരിശോധിക്കുമ്പോള്‍ തന്റെ നാച്ചുറല്‍ പൊസിഷനില്‍ സഞ്ജു എത്രത്തോളം അപകടകാരിയാണെന്നും, പൊസിഷന്‍ മാറിയാല്‍ അത് സഞ്ജുവിന്റെ ബാറ്റിങ് ശൈലിയെ എത്രത്തോളം ബാധിക്കുമെന്നും വ്യക്തമാക്കുന്നതാണ്.
ആലപ്പി റിപ്പിള്‍സിനെതിരായ മത്സരത്തില്‍ വിനൂപ് മനോഹരനും വിപുല്‍ ശക്തിയും ഓപ്പണര്‍മാരായി ഇറങ്ങിയപ്പോള്‍ മിഡില്‍ ഓര്‍ഡറില്‍, ആറാം നമ്പറിലാണ് സഞ്ജു കളത്തിലിറങ്ങിയത്. ഫലമോ 22 പന്തില്‍ വെറും 13 റണ്‍സ്.
എന്നാല്‍ ടോപ്പ് ഓര്‍ഡറിലേക്ക് മാറിയപ്പോള്‍ ഏറെ ആത്മവിശ്വാസത്തോടെ ബാറ്റ് വീശുന്ന സഞ്ജുവിനെയാണ് ആരാധകര്‍ കണ്ടത്. കഴിഞ്ഞ മത്സരത്തിലെ മോശം പ്രകടനങ്ങളെയൊന്നാകെ പഴങ്കഥയാക്കിയ സെഞ്ച്വറിയുമായാണ് ടോപ്പ് ഓര്‍ഡറിലേക്ക് മടങ്ങിയെത്തിയ മത്സരത്തില്‍ സഞ്ജു കളം നിറഞ്ഞാടിയത്.
ഏഷ്യാ കപ്പിന് മുമ്പ് സഞ്ജുവിന്റെ ബാറ്റില്‍ നിന്നും ഇത്തരം രണ്ട് കോണ്‍ട്രാസ്റ്റിങ് ഇന്നിങ്‌സുകള്‍ പിറവിയെടുത്തത് അപെക്‌സ് ബോര്‍ഡിനും ഒരു പാഠമാണ്. ടോപ്പ് ഓര്‍ഡറില്‍ താന്‍ എത്രത്തോളം അപകടകാരിയാണെന്നുള്ള ശക്തമായ മെസേജാണിത്.
ഏഷ്യാ കപ്പില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ശുഭ്മന്‍ ഗില്ലിനെ ഓപ്പണറാക്കിയും സഞ്ജുവിനെ മിഡില്‍ ഓര്‍ഡറിലേക്കും മാറ്റുകയാണെങ്കില്‍ അത് തിരിച്ചടികള്‍ക്ക് വഴിയൊരുക്കാനുള്ള സാധ്യതകളും ഏറെയാണ്.
മിഡില്‍ ഓര്‍ഡറില്‍ ജിതേഷ് ശര്‍മയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും എന്നതും സഞ്ജുവിന് തിരിച്ചടിയാകാനുള്ള സാധ്യതകള്‍ക്ക് വഴി തുറക്കും. സഞ്ജുവിനെ മിഡില്‍ ഓര്‍ഡറില്‍ പരീക്ഷിക്കുകയും, ആ പരീക്ഷണം പരാജയപ്പെടുകയും ചെയ്താല്‍ സഞ്ജുവിന് ബെഞ്ചില്‍ തന്നെ ഇരിക്കേണ്ടി വരും.
എന്നാല്‍ തന്റെ നാച്ചുറല്‍ പൊസിഷനായ ടോപ്പ് ഓര്‍ഡറില്‍ സഞ്ജുവിന് അനായാസം ബാറ്റ് വീശാന്‍ സാധിക്കും എന്നതും ബ്ലൂ ടൈഗേഴ്‌സിന്റെ അവസാന മത്സരം കാണിച്ചുതരുന്നു.
ഈ സെഞ്ച്വറിക്ക് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുത്തതും സഞ്ജുവിനെ തന്നെയാണ്.
കളിച്ച മൂന്ന് മത്സരത്തിലും വിജയിച്ച ബ്ലൂ ടൈഗേഴ്‌സ് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. ഓഗസ്റ്റ് 26നാണ് ടീമിന്റെ അടുത്ത മത്സരം. തൃശൂര്‍ ടൈറ്റന്‍സാണ് എതിരാളികള്‍.
Content Highlight: Sanju Samson brilliant innings against Aries Kollam Sailors