| Friday, 6th March 2026, 8:42 am

ഇംഗ്ലണ്ടിനെ പഞ്ഞിക്കിട്ട ഇന്നിങ്സ്; സഞ്ജുവിന്റെ താണ്ഡവത്തില്‍ കടപുഴകി സേവാഗ്

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യന്‍ സംഘം കലാശപ്പോരിന് യോഗ്യത നേടിയിരുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ടീമിന്റെ വിജയം.

ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 246 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ജേക്കബ് ബേഥല്‍ സെഞ്ച്വറിയുമായി പൊരുതിയെങ്കിലും ഫലം കണ്ടില്ല.

മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനവുമായി തിളങ്ങിയത് സഞ്ജു സാംസണാണ്. താരം 42 പന്തില്‍ 89 റണ്‍സാണ് എടുത്തത്. ഏഴ് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റ ഇന്നിങ്സ്. 211.90 എന്ന ഉഗ്രന്‍ സ്‌ട്രൈക്ക് റേറ്റിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബാറ്റ് വീശിയത്.

Photo: BCCI/x.com

ഈ ഇന്നിങ്സോടെ സഞ്ജു ഒരു സൂപ്പര്‍ നേട്ടത്തിലും തന്റെ പേര് എഴുതി ചേര്‍ത്തു. ഒരു ലോകകപ്പ് നോക്ക് ഔട്ട് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമതെത്താനാണ് 31കാരന് സാധിച്ചത്. ഇംഗ്ലണ്ടിന് എതിരെയുള്ള സെമി ഫൈനലില്‍ 15 പന്തുകളാണ് അടിച്ച് അതിര്‍ത്തി കടത്തിയാണ് മലയാളി താരത്തിന്റെ ഈ നേട്ടം.

വിരേന്ദര്‍ സേവാഗിനെ മറികടന്നാണ് സഞ്ജു രണ്ടാം സ്ഥാനം നേടിയത്. 2003 ഏകദിന ലോകകപ്പില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ 13 ബൗണ്ടറികള്‍ അടിച്ചിരുന്നു. നിലവില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മാത്രമാണ് സഞ്ജുവിന് മുന്നിലുള്ളത്. 2015 ഏകദിന ലോകകപ്പില്‍ ഹിറ്റ്മാന്‍ 17 ബൗണ്ടറികള്‍ അടിച്ചാണ് ഒന്നാമത് കൈപിടിയിലൊതുക്കിയത്.

ഒരു ലോകകപ്പ് നോക്ക് ഔട്ട് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ഇന്ത്യന്‍ താരങ്ങള്‍

(ബൗണ്ടറി – താരം – എതിരാളി – ഫോര്‍മാറ്റ് – വര്‍ഷം എന്നീ ക്രമത്തില്‍)

17 – രോഹിത് ശര്‍മ – ബംഗ്ലാദേശ് – ഏകദിനം – 2015

15 – സഞ്ജു സാംസണ്‍ – ഇംഗ്ലണ്ട് – ടി – 20 – 2026

13 – വിരേന്ദര്‍ സേവാഗ് – ഓസ്ട്രലിയ – ഏകദിനം – 2003

12 – വിരാട് കോഹ്‌ലി – വെസ്റ്റ് ഇന്‍ഡീസ് – ടി – 20 – 2016

12 – ശ്രേയസ് അയ്യര്‍ – ന്യൂസിലാന്‍ഡ് – ഏകദിനം – 2023

മത്സരത്തില്‍ സഞ്ജുവിന് പുറമെ ശിവം ദുബെ 25 പന്തില്‍ 43 റണ്‍സും ഇഷാന്‍ കിഷന്‍ 18 പന്തില്‍ 39 റണ്‍സും നേടി. ഹര്‍ദിക് പാണ്ഡ്യ 12 പന്തില്‍ 27 റണ്‍സും സ്‌കോര്‍ ചെയ്തു.

വില്‍ ജാക്സും ആദില്‍ റഷീദും രണ്ട് വിക്കറ്റുകള്‍ വീതമെടുത്തു. ഒപ്പം ജോഫ്ര ആര്‍ച്ചര്‍ ഒരു വിക്കറ്റും വീഴ്ത്തി.

ജേക്കബ് ബേഥല്‍. Photo: England cricket/x.com

ഇംഗ്ലണ്ടിനായി ബാറ്റിങ്ങില്‍ ജേക്കബ് ബേഥല്‍ 48 പന്തില്‍ 105 റണ്‍സെടുത്ത് തിളങ്ങി. വില്‍ ജാക്‌സ് 20 പന്തില്‍ 35 റണ്‍സും ജോസ് ബട്‌ലര്‍ 17 പന്തില്‍ 25 റണ്‍സും സ്‌കോര്‍ ചെയ്തു.

ഇന്ത്യക്കായി ഹര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

Content Highlight: Sanju Samson became second batter to most boundaries for India in a World Cup knockout match

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more