സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍; എതിരാളികള്‍ ഇവര്‍
Sports News
സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍; എതിരാളികള്‍ ഇവര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 30th November 2023, 7:50 pm

ഓസ്‌ട്രേലിയയുമായുള്ള ടി-ട്വന്റി പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനം നടക്കാനിരിക്കുകയാണ്. പരമ്പരയില്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍  ഇടം നേടിയിരിക്കുകയാണ്. ഇതോടെ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മൂന്ന് ഏകദിന മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു കളിച്ചേക്കുമെന്നാണ് റെവ്‌സ്‌പോട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡിസംബര്‍ 10 മുതല്‍ പ്രോട്ടിയാസിനെതിരെ മൂന്ന് ടി-ട്വന്റി പരമ്പരകളും മൂന്ന് ഏകദിന പരമ്പരകളും രണ്ട് ടെസ്റ്റ് മത്സരങ്ങളും ആണ് ഇന്ത്യക്കുള്ളത്. അജിത് അഗാര്‍ക്കറും മറ്റ് സീനിയര്‍ സെലക്ടര്‍മാരും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ കാണുകയും സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിലുള്ള താരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും വരാനിരിക്കുന്ന ഐ.സി.സി ലോകകപ്പ് പ്ലാനുകള്‍ തയ്യാറാക്കുകയും ചെയ്തിരുന്നു.

ഈ ചര്‍ച്ചയിലാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സഞ്ജു സാംസണെ ടീമിലേക്ക് തിരിച്ചു വിളിച്ചത്. ഏറെക്കാലമായി ബി.സി.സി.ഐ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതില്‍ നിന്നും സഞ്ജുവിനെ തഴയുന്നതായി വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ ഏഷ്യാ കപ്പിലും 2023ലെ ലോകകപ്പിലും ഇപ്പോള്‍ നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടി-ട്വന്റി പരമ്പരയിലും സെലക്ടര്‍മാര്‍ സഞ്ജുവിന് ഇടം നല്‍കിയിരുന്നില്ല. ഇപ്പോള്‍ പ്രോട്ടിയാസുമായുള്ള ഏകദിന മത്സരത്തില്‍ സഞ്ജുവിന് തന്റെ മികവ് തെളിയിക്കുന്നതിന് വലിയ അവസരമാണ് ലഭിച്ചിരിക്കുന്നത്.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിസില്‍ കേരളത്തെ നയിക്കുന്നത് സഞ്ജുവാണ്. നാല് മത്സരത്തില്‍ നിന്നും മൂന്ന് മത്സരങ്ങള്‍ വിജയിച്ച കേരളം ഗ്രൂപ്പ് എ-യില്‍ രണ്ടാം സ്ഥാനത്താണ് ഉള്ളത്.

നാല് മത്സരങ്ങളില്‍ നിന്നും 101 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാന്‍ സാധിച്ചത്. സൗരാഷ്ട്രയോട് 83 പന്തില്‍ താരം 53 റണ്‍സ് നേടി സീസണില്‍ ആദ്യ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ നവംബര്‍ 29ന് ത്രിപുരയുമായി നടന്ന മത്സരത്തില്‍ സഞ്ജുവിന് ഒരു റണ്‍സ് മാത്രമായിരുന്നു നേടാന്‍ സാധിച്ചത്. മത്സരത്തില്‍ 119 റണ്‍സിന്റെ വമ്പന്‍ ജയമാണ് സഞ്ജുവിന്റെ നേതൃത്വത്തില്‍ കേരളം സ്വന്തമാക്കിയത്.

സൗത്ത് ആഫ്രിക്കയുമായുള്ള മത്സരത്തില്‍ സഞ്ജുവിന്റെ പ്രകടനം കാണാന്‍ ഏറെ ആവേശത്തിലാണ് ആരാധകര്‍.

2023 ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ഇന്ത്യയും ഓസ്ട്രേലിയയുമുള്ള പരമ്പര പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ രണ്ടു മത്സരങ്ങള്‍ ഇന്ത്യ ജയിച്ചപ്പോള്‍ നവംബര്‍ 28ന് നടന്ന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

 

 

Content Highlight: Sanju is back in the Indian team