സൗത്ത് ആഫ്രിക്കയ്ക്കെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്ക് നാളെ (ഡിസംബര്‍ 9ന്) തുടക്കമാകും. ഒഡീഷയിലെ ബരാബതി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്. മത്സരത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണേയും തിലക് വര്‍മയേയും കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്.
ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുമ്പോള്‍ ടി-20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരമാണ് ഇരുവര്‍ക്കുമുള്ളത്. ഇനി വെറും അഞ്ച് റണ്‍സ് നേടിയാല്‍ സഞ്ജുവിന് ഈ നാഴികക്കല്ലിലെത്താം.
നിലവില്‍ ടി-20യില്‍ 43 ഇന്നിങ്സില്‍ നിന്ന് 995 റണ്‍സാണ് സഞ്ജു നേടിയത്. 111 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഫോര്‍മാറ്റില്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. 25.5 എന്ന ആവറേജിലാണ് താരത്തിന്റെ റണ്‍വേട്ട. 147.4 എന്ന സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. കൂടാതെ മൂന്ന് സെഞ്ച്വറികളും മൂന്ന് അര്‍ധ സെഞ്ച്വറികളും നേടാന്‍ സഞ്ജുവിന് സാധിച്ചു.
അതേസമയം തിലക് 33 ഇന്നിങ്‌സില്‍ നിന്ന് 996 റണ്‍സാണ് നേടിയത്. ഇനി വെറും നാല് റണ്‍സ് മാത്രമാണ് തിലകിന് ഈ നേട്ടത്തിലെത്താന്‍ ആവശ്യം. ഫോര്‍മാറ്റില്‍ 120* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും രണ്ട് സെഞ്ച്വറിയും നാല് ഫിഫ്റ്റിയും തിലകിനുണ്ട്.