ടെസ്റ്റ് ഫോര്‍മാറ്റില്‍ നായകന്‍ രോഹിത് ശര്‍മയുടെ ഭാവിയെ കുറിച്ച് ധൈര്യത്തോടെ തീരുമാനങ്ങളെടുക്കാന്‍ സാധിക്കാത്ത ടീം മാനേജ്‌മെന്റിനെ കുറിച്ചും സെലക്ടര്‍മാരെ കുറിച്ചുമുള്ള ആശങ്കകള്‍ വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ താരത്തിന്റെ മോശം പ്രകടനം ചൂണ്ടിക്കാണിച്ചാണ് മഞ്ജരേക്കര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഹിന്ദുസ്ഥാന്‍ ടൈംസിലെ തന്റെ കോളത്തിലാണ് മഞ്ജരേക്കര്‍ ഇന്ത്യന്‍ നായകനെ കുറിച്ചും മാനേജ്‌മെന്റിന്റെ നീക്കങ്ങളെ കുറിച്ചും എഴുതിയത്.
‘ഇപ്പോള്‍ ഒരു യഥാര്‍ത്ഥ വെല്ലുവിളി ഉടലെടുക്കുകയാണ്. തങ്ങളുടെ നിരീക്ഷണങ്ങളെ മാത്രം അടിസ്ഥാനമാക്കി സെലക്ഷന്‍ കമ്മിറ്റിക്ക് ബുദ്ധിമുട്ടേറിയ ആ തീരുമാനമെടുക്കാന്‍ സാധിക്കുമോ?
പക്ഷപാതരഹിതമായ ഒരു തീരുമാനമെടുക്കാന്‍ അജിത് അഗാര്‍ക്കര്‍ തയ്യാറാവുകയാണെങ്കില്‍ നമ്മള്‍ അദ്ദേഹത്തെ പിന്തുണയ്ക്കണം. മുന്‍ താരം എന്ന നിലയിലും മാധ്യമങ്ങള്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, ആരാധകര്‍ എന്ന നിലയിലെല്ലാം ഒരു താരത്തിന്റെ മുന്‍കാല പ്രകടനം, പാരമ്പര്യം എന്നതിനെല്ലാം പുറമെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ താത്പര്യങ്ങള്‍ക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്.
രോഹിത് ശര്‍മയുടെ കരിയറിന്റെ ഈ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ വിലയിരുത്തുന്നതടക്കമുള്ള ബുദ്ധിമുട്ടേറിയതും നിര്‍ണായകവുമായ തീരുമാനങ്ങളെടുക്കാനുള്ള വൈദഗ്ധ്യവും അവബോധവും കാരണമാണ് മുന്‍ താരങ്ങളെ സെലക്ടര്‍മാരായി നിയമിച്ചിട്ടുള്ളത്.
സമീപകാലങ്ങളില്‍ തനിക്ക് നേരിട്ട തിരിച്ചടികളെ മറികടക്കാനുള്ള കഴിവ് രോഹിത് ശര്‍മയ്ക്കുണ്ടോ? ഈ സാഹചര്യത്തെ കുറിച്ച് നിലവിലെ സെലക്ഷന്‍ കമ്മിറ്റിക്ക് കൃത്യമായ ധാരണയുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ക്രിക്കറ്റ് ഓസ്‌ട്രേലിയ താരങ്ങള്‍ വിരമിക്കുന്നത് വരെ കാത്തിരിക്കാറില്ല, അവര്‍ ഒരു ബാധ്യതയാകുന്നതിന് മുമ്പ് അവരെ ടീമില്‍ നിന്നും ഒഴിവാക്കാനുള്ള നിര്‍ണായകമായ തീരുമാനങ്ങള്‍ അവര്‍ കൈക്കൊള്ളുന്നു.
ഈ ശൈലി കൊണ്ടാണ് തകര്‍ച്ചയുടെ ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ പോലും ഓസ്‌ട്രേലിയക്ക് തുടര്‍ച്ചയായ തോല്‍വികള്‍ നേരിടേണ്ടി വരാത്തത്,’ മഞ്ജരേക്കര്‍ എഴുതി.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഒരു പതിറ്റാണ്ട് നീണ്ട വിന്നിങ് സ്ട്രീക്കിനാണ് ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അന്ത്യമായത്. അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1നാണ് ഇന്ത്യ പരാജയപ്പെട്ടത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഗംഭീര വിജയം നേടിയതിന് ശേഷമാണ് ഇന്ത്യ പരമ്പര അടിയറ വെച്ചത്.
പരമ്പരയില്‍ രോഹിത് ശര്‍മ പാടെ നിരാശപ്പെടുത്തി. വെറും 31 റണ്‍സ് മാത്രമാണ് പരമ്പരയില്‍ താരത്തിന് നേടാന്‍ സാധിച്ചത്. ഇതില്‍ ഒറ്റ ഇന്നിങ്‌സില്‍ മാത്രമാണ് ഇന്ത്യന്‍ നായകന്‍ ഇരട്ടയക്കം കണ്ടത്. പരമ്പര പരാജയത്തിനും ക്യാപ്റ്റന്റെ മോശം പ്രകടനത്തിനും പിന്നാലെ രോഹിത് വിരമിക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlight: Sanjay Manjrekar urged India to learn from Australia to decide Rohit Sharma’s future in test cricket