പരാജയങ്ങളുടെ നീണ്ട നിരയുണ്ടായാലും നിങ്ങള്‍ സഞ്ജുവിനെ പോലെയുള്ളവരെ പിന്തുണയ്ക്കണം: സഞ്ജയ് മഞ്ജരേക്കര്‍
Sports News
പരാജയങ്ങളുടെ നീണ്ട നിരയുണ്ടായാലും നിങ്ങള്‍ സഞ്ജുവിനെ പോലെയുള്ളവരെ പിന്തുണയ്ക്കണം: സഞ്ജയ് മഞ്ജരേക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th February 2025, 6:16 pm

ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 150 റണ്‍സിന്റെ വിജയത്തോടെ 4-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

പരമ്പരയിലെ അഞ്ച് മത്സരത്തിലും സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. ഇതോടെ ആകാശ് ചോപ്ര ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ സഞ്ജുവിനെ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ സഞ്ജുവിനെ പോലെയുള്ള താരങ്ങള്‍ക്ക് പിന്തുണയുമായി വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.

സഞ്ജുവിനെപ്പോലെയുള്ള താരങ്ങള്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ സെഞ്ച്വറിയടിച്ച് ടീമിനെ വിജയ സ്ഥാനത്ത് എത്തിക്കുന്നവരാണെന്നും അതുകൊണ്ട് പരാജയങ്ങളുടെ നീണ്ട നിരയുണ്ടായാലും സഞ്ജുവിനെപ്പോലെ ഉള്ളവരെ പിന്തുണയ്ക്കണമെന്നാണ് സഞ്ജയ് പറഞ്ഞത്.

‘ഒരു ടി-20 ബാറ്റര്‍ നന്നായി കളിക്കുമ്പോള്‍, അവര്‍ക്ക് എന്ത് തരത്തിലുള്ള സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് നിങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. അവര്‍ക്ക് എന്ത് സംഭാവന നല്‍കാന്‍ കഴിയും എന്നുള്ളതാണ് പ്രധാനം. സഞ്ജുവിന്റെ കാര്യത്തില്‍ അവന്‍ നന്നായി കളിക്കുമ്പോള്‍ സെഞ്ച്വറി നേടുകയും ടീമിനെ വിജയകരമായ സ്ഥാനത്ത് എത്തിക്കുകയും ചെയ്യുന്നു.

അതിനാല്‍ അത്തരം ആളുകള്‍ക്ക് പരാജയങ്ങള്‍ അനുവദനീയമാണ് ഒരുപക്ഷെ പരാജയങ്ങളുടെ ഒരു നീണ്ട കാലം വന്നാലും നിങ്ങള്‍ അവരെ പിന്തുണക്കണം. അതാണ് ടി-20 ക്രിക്കറ്റ്. ഇവിടെ ഏറ്റവും പ്രധാനം മോശം ഘട്ടത്തിലൂടെ പോകുന്ന താരത്തെ പിന്തുണക്കുക എന്നുള്ളതാണ്. സഞ്ജുവിനെ ഈ സമയത്ത് പിന്തുണക്കുക. അവന് പ്രോത്സാഹനം നല്‍കുക. അതാണ് ഏറ്റവും നല്ല കാര്യം,’ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ 26 റണ്‍സും ചെപ്പോക്കില്‍ നടന്ന രണ്ടാം മത്സരത്തില്‍ അഞ്ച് റണ്‍സുമാണ് താരത്തിന് നേടാന്‍ സാധിച്ചത്. എന്നാല്‍ സഞ്ജു തിരിച്ചുവരുമെന്ന് കരുതിയ മൂന്നാം മത്സരത്തില്‍ മൂന്ന് റണ്‍സും, നാലാം മത്സരത്തില്‍ ഒരു റണ്‍സുമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് നേടാന്‍ സാധിച്ചത്.

കഴിവ് തെളിയിക്കാന്‍ സഞ്ജുവിന് ലഭിച്ച അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ 16 റണ്‍സിനാണ് സഞ്ജു കളം വിട്ടത്. ആദ്യ മൂന്ന് മത്സരത്തിലും ജോഫ്രാ ആര്‍ച്ചറിന്റെ ഷോട്ട് ബോളില്‍ പുറത്തായ സഞ്ജു ശേഷിച്ച രണ്ട് മത്സരങ്ങളിലും അതേ രീതിയില്‍ പുറത്താകേണ്ടി വന്നിരുന്നു. അതോടെ ഏറെ വിമര്‍ശനങ്ങള്‍ താരം നേരിടേണ്ടി വന്നിരുന്നു.

Content Highlight: Sanjay Manjrekar Talking About Sanju Samson