ധോണി രണ്ടാമത്, ഒന്നാമന്‍ ഇയാള്‍; മികച്ച ക്യാപ്റ്റനെ തെരഞ്ഞെടുത്ത് മഞ്ജരേക്കര്‍
Sports News
ധോണി രണ്ടാമത്, ഒന്നാമന്‍ ഇയാള്‍; മികച്ച ക്യാപ്റ്റനെ തെരഞ്ഞെടുത്ത് മഞ്ജരേക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st September 2025, 9:35 am

ലോക ക്രിക്കറ്റിലെ മികച്ച ക്യാപ്റ്റന്മാരെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാനെയാണ് അദ്ദേഹം ഏറ്റവും മികച്ചതായി തെരഞ്ഞെടുത്തത്. രണ്ടാമതായി മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയാണ് തന്റെ ചോയ്സെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാലിന്‍ മത്യാസിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു മഞ്ജരേക്കര്‍.

കപില്‍ ദേവ്, ഇമ്രാന്‍ ഖാന്‍, അര്‍ജുന രണതുങ്ക, എം.എസ് ധോണി എന്നിവരില്‍ ആരെയാണ് മികച്ച ക്യാപ്റ്റനായി റാങ്ക് ചെയ്യുക എന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് മഞ്ജരേക്കര്‍ തന്റെ ചോയ്‌സ് വെളിപ്പെടുത്തിയത്.

‘പഴയകാല ക്യാപ്റ്റന്മാരില്‍ ഇമ്രാന്‍ ഖാനാണ് എന്റെ ടോപ് ചോയ്സ്. പിന്നീട് മഹീന്ദ്ര സിങ് ധോണിയുമാണ്. അവനൊരു അസാധാരണ ക്യാപ്റ്റനാണ്. അവന്‍ ഒറ്റക്ക് ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങള്‍ മെച്ചപ്പെടുത്തിയെന്ന് ഞാന്‍ കരുതുന്നു. 2007 ലോകകപ്പിന് ഇന്ത്യയ്ക്ക് ഒരു ശരാശരി ടീമായിരുന്നു ഉണ്ടായിരുന്നത്. അവരെ വെച്ച് അവന്‍ ലോകകപ്പ് നേടി,’ മഞ്ജരേക്കര്‍ പറഞ്ഞു.

എം.എസ്. ധോണിയുടെ ക്യാപ്റ്റന്‍സി കഴിവിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. വലിയ ടൂര്‍ണമെന്റുകളില്‍ കളിക്കുമ്പോള്‍ ധോണിയ്ക്ക് വ്യത്യസ്തമായ ഒരു സമീപനമായിരുന്നു. ശാന്തതയോടെയാണ് താരം എല്ലാം കൈകാര്യം ചെയ്യുകയെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

‘അന്നത്തെ ഫൈനലില്‍ മറ്റ് ലീഗുകളിലേത് പോലെ വളരെ ശാന്തതയോടെയും ശ്രദ്ധയോടെയുമാണ് ധോണി കളിച്ചത്. വലിയ ഫൈനലുകളില്‍ വലിയ താരങ്ങളും ചിലപ്പോള്‍ ക്യാപ്റ്റന്മാര്‍ പോലും സമ്മര്‍ദത്തിന് അടിമപ്പെടാറുണ്ട്. പക്ഷേ, അക്കാര്യത്തില്‍ എം.എസ്. തികച്ചും വ്യത്യസ്തനാണ്,’ മഞ്ജരേക്കര്‍ പറഞ്ഞു.

ഇന്ത്യയുടെ എക്കാലത്തെയും വിജയകരമായ ക്യാപ്റ്റനാണ് എം.എസ് ധോണി. താരത്തിന് കീഴില്‍ ഇന്ത്യ 2007 ടി – 20 ലോകകപ്പ്. 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി എന്നിവ സ്വന്തമാക്കി. ഐ.സി.സിയുടെ എല്ലാ കിരീടങ്ങളും നേടിയ ഏക ഇന്ത്യന്‍ ക്യാപ്റ്റനും ധോണി തന്നെയാണ്.

അതേസമയം, ഇമ്രാന്‍ ഖാന്റെ കീഴില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമും മികച്ച പ്രകടനമാണ് നടത്തിയത്. ടീമിന്റെ ഏക ലോകകപ്പായ 1992 ലെ കിരീടം നേടി കൊടുത്തത് ഇമ്രാന്‍ ഖാനായിരുന്നു. കൂടാതെ, താരത്തിന്റെ ക്യാപ്റ്റന്‍സിയിലാണ് ആദ്യമായി പാക് സംഘം ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് വിജയം നേടുന്നതും.

 

Content Highlight: Sanjay Manjrekar rank Imran Khan and MS Dhoni as a top one and two captains respectively