രോഹിത്തിന് ഇതിഹാസങ്ങളുടെ പട്ടികയിൽ സ്ഥാനമില്ല: മുൻ ഇന്ത്യൻ താരം
Sports News
രോഹിത്തിന് ഇതിഹാസങ്ങളുടെ പട്ടികയിൽ സ്ഥാനമില്ല: മുൻ ഇന്ത്യൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 9th September 2025, 2:27 pm

ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഒരാളായി കണക്കാന്‍ കഴിയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ സഞ്ജയ് മഞ്ജരേക്കര്‍. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ താരം മികച്ചതാണെന്നും എന്നാല്‍ എക്കാലത്തെയും ബാറ്റര്‍മാരെ പരിഗണിക്കുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. പ്രസാര്‍ ഭാരതി സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു മഞ്ജരേക്കര്‍.

‘നമ്മള്‍ സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്ലി എന്നീ ഇതിഹാസങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരുടെ ലിസ്റ്റില്‍ രോഹിത് ശര്‍മ ഫിറ്റല്ല.

പക്ഷേ, ഏകദിനത്തിന്റെ കാര്യമെടുക്കുമ്പോള്‍ രോഹിത് മികച്ച താരമാണ്. അവന്‍ ഒരു നിസ്വാര്‍ത്ഥനും മികച്ച ക്യാപ്റ്റനുമാണ്. 2023 ലോകകപ്പിന് ശേഷം ആരാധകര്‍ക്ക് അവന്‍ കൂടുതല്‍ പ്രിയങ്കരനായി. ടീമിനാണ് അവന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ആളുകള്‍ക്ക് മനസിലായി. അതാണ് രോഹിത്തിന്റെ ശക്തി,’ മഞ്ജരേക്കര്‍ പറഞ്ഞു.

പരിമിത ഓവര്‍ ക്രിക്കറ്റില്‍ എപ്പോഴും രോഹിത്തിന് ആധിപത്യമുണ്ടെന്നും മഞ്ജരേക്കര്‍ പറഞ്ഞു. അവന്‍ ഒരു ഏകദിന ഇന്നിങ്‌സില്‍ ഏകദേശം 300 റണ്‍സിന് അടുത്ത് വരെ നേടിയിട്ടുണ്ട്. എക്കാലത്തെയും മികച്ച ബാറ്റര്‍മാരെ കുറിച്ച് പറയുമ്പോള്‍ ടെസ്റ്റിനാണ് പ്രാധാന്യം കൂടുതല്‍. അതില്‍ രോഹിത്തിന് വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും മുന്‍ ഇന്ത്യന്‍ താരം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഒഴിച്ച് കൂടാന്‍ പറ്റാത്തൊരു ഒരാള്‍ തന്നെയാണ് രോഹിത് ശര്‍മ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി എല്ലാ ഫോര്‍മാറ്റിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ താരം നാലാമതുണ്ട്. ഇന്ത്യയുടെ മാത്രമല്ല, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ റെക്കോഡും താരത്തിന്റെ പേരിലാണുള്ളത്.

കൂടാതെ, ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത് ഇന്ത്യയ്ക്ക് രണ്ട് കിരീടങ്ങള്‍ നേടി കൊടുത്തിട്ടുണ്ട്. 2024 ടി – 20 ലോകകപ്പും ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയും താരത്തിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ സ്വന്തമാക്കിയത്.

നിലവില്‍ രോഹിത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏകദിനത്തില്‍ മാത്രമാണ് സജീവമായുള്ളത്. 2024ലെ ലോകകപ്പിന് ശേഷം ടി – 20യില്‍ നിന്നും ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി ടെസ്റ്റില്‍ നിന്നും പടിയിറങ്ങിയിരുന്നു.

Content Highlight: Sanjay Manjrekar says that Rohit Sharma doesn’t fit in All Time Indian Batting Greats