ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം നിരാശയിലേക്ക് തള്ളിവിട്ടാണ് വിരാട് കോഹ്‌ലി ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങുന്നത്. അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ലോങ്ങര്‍ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ടീം ആരും പേടിക്കുന്ന ചെകുത്താന്‍മാരായി മാറിയതും വിരാടിന്റെ ക്യാപ്റ്റന്‍സിയിലാണ്.
കിങ്ങിന്റെ ടെസ്റ്റ് പടിയിറക്കത്തിന് പിന്നാലെ ലോകമെമ്പാടുനിന്നും താരത്തിന് ആശംസാ സന്ദേശങ്ങളെത്തുന്നുണ്ട്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ വിരാട് നല്‍കിയ സംഭാവനകളും ടെസ്റ്റിലെ താരത്തിന്റെ ലെഗസിയും വ്യക്തമാക്കുന്നതായിരുന്നു ഓരോ സന്ദേശങ്ങളും ആശംസാ പോസ്റ്റുകളും.
മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറും വിരാടിന് ആശംസകളര്‍പ്പിച്ചിരുന്നു.
‘ക്രിക്കറ്റിന്റെ ഏറ്റവും പഴക്കമേറിയ ഫോര്‍മാറ്റിനായി എല്ലാം സമര്‍പ്പിച്ച മോഡേണ്‍ ക്രിക്കറ്റ് എറയിലെ ഏറ്റവും വലയി ബ്രാന്‍ഡ്. ടെസ്റ്റ് ക്രിക്കറ്റ് വിരാട് കോഹ്‌ലിയോട് കടപ്പെട്ടിരിക്കുന്നു,’ എന്നാണ് മഞ്ജരേക്കല്‍ എക്‌സില്‍ കുറിച്ചത്.
Biggest brand of the modern cricket era who gave it all for cricket’s oldest format. Test cricket owes that debt to Virat Kohli. 🙏🙏🙏
— Sanjay Manjrekar (@sanjaymanjrekar) May 12, 2025
വിരാടിന് ആശംസാ പോസ്റ്റുമായെത്തിയ മഞ്ജരേക്കറിനെ അദ്ദേഹം പണ്ടുപറഞ്ഞ കാര്യങ്ങള്‍ ഓര്‍മിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. വിരാടിന്റെ ആദ്യ കാലങ്ങളില്‍ താരം ടെസ്റ്റ് ഫോര്‍മാറ്റിന് ചേര്‍ന്നവനല്ല എന്നുള്ള അദ്ദേഹത്തിന്റെ പോസ്റ്റുകളാണ് ആരാധകര്‍ വീണ്ടും ചര്‍ച്ചയാക്കുന്നത്.
2012ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വിരാടിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഓസ്‌ട്രേയന്‍ സ്പീഡ് ഗണ്ണുകള്‍ക്ക് അനുകൂലമായി ഒരുക്കിയ ബൗണ്‍സി പിച്ചുകളും ന്യൂ ബോളുകളുമെല്ലാം തന്നെ വിരാടിനെ വെള്ളം കുടിപ്പിച്ചിരുന്നു.
പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്നുമായി 11, 0, 23, 9 എന്നിങ്ങനെയാണ് വിരാട് സ്‌കോര്‍ ചെയ്തത്. ഇതോടെ അന്നത്തെ യുവതാരത്തിനെതിരെ മുന്‍ താരങ്ങളടക്കം വിമര്‍ശനങ്ങളുമായി രംഗത്തെത്തി. മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
‘അടുത്ത ടെസ്റ്റില്‍ ഞാന്‍ വി.വി.എസിന് പകരം രോഹിത്തിനെ ടീമിലുള്‍പ്പെടുത്തും. വിരാട് ഈ ഫോര്‍മാറ്റിന് ചേര്‍ന്നവനല്ല എന്ന് വ്യക്തമാക്കാന്‍ അവനും ഞാന്‍ ഒരു മത്സരത്തില്‍ അവസരം നല്‍കും,’ എന്നാണ് മഞ്ജരേക്കര്‍ പറഞ്ഞത്. താരത്തിന്റെ ഈ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയിലേക്കുയരുന്നത്.
I would still drop VVS & get rohit in for next test.Makes long term sense. give virat 1 more test..just to be sure he does not belong here.
ഐ.പി.എല്‍ മത്സരങ്ങള്‍ക്കിടെയും മഞ്ജരേക്കര്‍ വിരാടിനെ വിമര്‍ശിച്ചിരുന്നു. വിരാടും ജസ്പ്രീത് ബുംമ്രയും തമ്മിലുള്ള പോരാട്ടം ഇനി മികച്ചവര്‍ തമ്മിലുള്ള പോരാട്ടമായി കണക്കാക്കാനാവില്ലെന്നും താരത്തിന്റെ പ്രൈം ടൈം കഴിഞ്ഞുവെന്നുമായിരുന്നു മഞ്ജരേക്കര്‍ പറഞ്ഞത്.
നിലവില്‍ ഐ.പി.എല്ലിലെ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടിയ കളിക്കാരനാണെങ്കിലും ഐപിഎല്‍ 2025 ലെ മികച്ച 10 ബാറ്റര്‍മാരുടെ പട്ടികയില്‍ അദ്ദേഹം ഉള്‍പ്പെടുന്നില്ലെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
എന്നാല്‍ വിരാടിന്റെ സഹോദരന്‍ വികാസ് കോഹ്‌ലി മഞ്ജരേക്കറിന് കണക്കുകള്‍ നിരത്തി മറുപടി നല്‍കിയിരുന്നു. സഞ്ജയ് മഞ്ജരേക്കറുടെ ഏകദിന സ്‌ട്രൈക്ക് റേറ്റ് 64 മാത്രമാണെന്നും, തന്റെ സഹോദരന്റേത് 93 ആണെന്നും വികാസ് കുറിച്ചു. 200 ല്‍ കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് വേണമെന്ന് പറയാന്‍ എളുപ്പമാണെന്നും വികാസ് പറഞ്ഞു.
Content Highlight: Sanjay Manjrekar’s old post resurface after Virat Kohli’s test retirement