അടുത്ത മാസം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. താനിപ്പോള്‍ സഞ്ജുവിന്റെ വലിയ ആരാധകനാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ റിഷബ് പന്തിന് പകരം സഞ്ജു സാംസണ്‍ ഉണ്ടാകണമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
‘ആത്മവിശ്വാസം, പക്വത എല്ലാം ഇപ്പോള്‍ അവനിലുണ്ട്. അവനിപ്പോള്‍ വിക്കറ്റിന് ഏറെ മൂല്യം നല്‍കുന്നു. അവന്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കുന്നു. കേവലം ഒരിക്കല്‍ മാത്രമല്ല, അത് തുടര്‍ച്ചയായി അവന്‍ കളിച്ചുകൊണ്ടേയിരിക്കുന്നു. ചില വസന്തം വരാന്‍ വരാന്‍ വൈകും. സഞ്ജു അങ്ങനെയാണ്.
ഞാനിപ്പോള്‍ സഞ്ജുവിന്റെ ഏറ്റവും വലിയ ആരാധകനാണ്. നേരത്തെ അവന്‍ മികച്ച രീതിയില്‍ തന്നെയായിരുന്നു ബാറ്റ് ചെയ്തിരുന്നത്, പക്ഷേ റണ്‍സ് എവിടെയായിരുന്നു. ഇപ്പോള്‍ ബാറ്റിങ് ശക്തമാണ്, റണ്‍സും നേടുന്നുണ്ട്,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയില്‍ മഞ്ജരേക്കര്‍ പറഞ്ഞു.
ചര്‍ച്ചയുടെ ഭാഗമായിരുന്ന മുന്‍ ഇന്ത്യന്‍ പരിശീലകനമായിരുന്ന സഞ്ജയ് ബാംഗറും സഞ്ജുവിനെ പുകഴ്ത്തി സംസാരിച്ചിരുന്നു.
‘നിലവില്‍ സഞ്ജു സാംസണ്‍ മികച്ച പ്രകടനം നടത്തുന്നതും നേട്ടങ്ങള്‍ കൈവരിക്കുന്നതും കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. ഏറെ കാലമായി അവന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ മാത്രമാണ് അവന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത് എന്ന് മാത്രം. ഏതൊരു ബാറ്ററും തുടര്‍ച്ചയായി മൂന്നോ നാലോ മത്സരങ്ങള്‍ കളിക്കുമ്പോള്‍ അവര്‍ക്ക് സ്വാതന്ത്ര്യത്തോടെ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നു.
ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്ക് കയറി ബാറ്റ് ചെയ്യുമ്പോള്‍ അവന് സാഹചര്യങ്ങളെ കുറിച്ചൊന്നും ചിന്തിച്ച് ആശങ്കപ്പെടേണ്ടി വരില്ല. അവനൊരു സിക്സ് ഹിറ്ററാണ്, വളരെ എളുപ്പത്തില്‍ അവന് സിക്സറുകള്‍ നേടാന്‍ സാധിക്കും.
യുവരാജിന് ശേഷം ഏതെങ്കിലും ഒരു ബാറ്റര്‍ ഇത്തരത്തില്‍ തുടര്‍ച്ചയായി വളരെ എളുപ്പത്തില്‍ ഇങ്ങനെ സിക്സറുകള്‍ നേടിയിട്ടുണ്ടെങ്കില്‍ അത് സഞ്ജു സാംസണ്‍ മാത്രമാണ്. അവന്റെ വെടിക്കെട്ട് കാണുന്നത് തന്നെ വളരെ രസകരമാണ്,’ സഞ്ജയ് ബാംഗര്‍ പറഞ്ഞു.