ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ആതിഥേയരെ സമനിലയില്‍ തളച്ച് ശുഭ്മന്‍ ഗില്ലും സംഘവും പരമ്പര പരാജയപ്പെടാതെ കാത്തിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2നാണ് സമനിലയില്‍ അവസാനിച്ചത്.
ലീഡ്‌സിലും ലോര്‍ഡ്‌സിലും ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ എഡ്ജ്ബാസ്റ്റണും ഓവലും കീഴടക്കി ഇന്ത്യ തലയുയര്‍ത്തി നിന്നു. മാഞ്ചസ്റ്ററില്‍ ഇന്ത്യ ആതിഥേയരെ സമനിലയിലും തളച്ചു.
പരമ്പരയില്‍ മൂന്ന് മത്സരത്തില്‍ മാത്രമാണ് ജസ്പ്രീത് ബുംറ കളത്തിലിറങ്ങിയത്. താരത്തിന്റെ വര്‍ക്ക് ലോഡ് ക്രമീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. പരമ്പരയ്ക്ക് മുമ്പ് തന്നെ ബുംറ മൂന്ന് മത്സരത്തില്‍ മാത്രമേ കളിക്കൂ എന്ന് വ്യക്തമാക്കിയിരുന്നു.
ബുംറ ഇന്ത്യയ്ക്കായി പന്തെറിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചില്ല. ലീഡ്‌സിലും ലോര്‍ഡ്‌സിലും പരാജയപ്പെട്ടപ്പോള്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റ് സമനിലയിലും അവസാനിച്ചു. ബുംറയുടെ അഭാവത്തില്‍ ഇന്ത്യ ജയിക്കുന്നത് ചൂണ്ടിക്കാട്ടി സൂപ്പര്‍ പേസറാണ് ടീമിന്റെ പരാജയത്തിന് കാരണമെന്ന് വിലയിരുത്തിയവരും ഉണ്ടായിരുന്നു.
ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. സൂപ്പര്‍ താരങ്ങളില്ലാതെയും ഇന്ത്യയ്ക്ക് മത്സരങ്ങള്‍ വിജയിക്കാനാകുമെന്ന് പറഞ്ഞ മഞ്ജരേക്കര്‍, സെലക്ടര്‍മാര്‍ ശക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നും പറഞ്ഞു. ബുംറയില്ലാത്ത മത്സരങ്ങളിലെ ഇന്ത്യയുടെ വിജയം കാവ്യനീതി എന്നാണ് മഞ്ജരേക്കര്‍ വിശേഷിപ്പിച്ചത്. ഹിന്ദുസ്ഥാന്‍ ടൈംസിലെഴുതിയ കോളത്തിലായിരുന്നു മഞ്ജരേക്കറിന്റെ വിമര്‍ശനം.
‘ബുംറ കളത്തിലിറങ്ങാത്ത രണ്ട് മത്സരങ്ങളാണ് ഇന്ത്യ വിജയിച്ചത് എന്നതൊരു കാവ്യനീതി തന്നെയാണ്. വലിയ പേരുകാരുടെയും സൂപ്പര്‍ താരങ്ങളുടെയും കാര്യത്തില്‍ കഠിനമായ തീരുമാനങ്ങളെടുക്കാന്‍ ഇത് സെലക്ടര്‍മാര്‍ക്ക് ധൈര്യം നല്‍കണം.
ഈ പരമ്പര അവര്‍ക്കും നമ്മള്‍ക്കും ഒരു പാഠമാണ്. വിരാട് കോഹ്‌ലി, ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരില്ലാതെയാണ് ഈ രണ്ട് ടെസ്റ്റുകളും നമ്മള്‍ വിജയിച്ചത്,’ മഞ്ജരേക്കര്‍ പറഞ്ഞു.
ബുംറയുടെ വര്‍ക്ക് ലോഡിനനുസരിച്ച് ഇന്ത്യയല്ല, മറിച്ച് ഇന്ത്യയ്ക്ക് വേണ്ടി ബുംറയായിരിക്കണം അഡ്ജസ്റ്റ് ചെയ്യേണ്ടതെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
‘ഞാന്‍ ബുംറയുടെ ഒരു ആരാധകനാണ്. ടെസ്റ്റില്‍ ദീര്‍ഘകാല കരിയര്‍ ലഭിക്കണമെങ്കില്‍ അവന് സ്ഥിരതയോടെ കളിക്കാനും ഫിറ്റ്നസ് നിലനിര്‍ത്താനും കഴിയണം. 100% ഫിറ്റ് അല്ലാത്തപ്പോഴും ടീമിനായി മികച്ച പ്രകടനം നല്‍കാന്‍ കഴിയുന്നതാണ് ഒരു മികച്ച കായിക താരത്തിന്റെ യഥാര്‍ത്ഥ പരീക്ഷണം. കളിക്കണമെങ്കില്‍ അവന്‍ ടീമിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യട്ടെ,’ മഞ്ജരേക്കര്‍ പറഞ്ഞു.
‘ഏറ്റവും മികച്ച കളിക്കാര്‍ പോലും പകരം വെക്കാനാവാത്തവരല്ല. തുടര്‍ച്ചയായി ഒന്നോ രണ്ടോ മത്സരങ്ങളില്‍ കൂടുതല്‍ കളിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അവന്‍ ടീമിലെ പ്രധാന കളിക്കാരനാകരുത്. മികച്ച ഫിറ്റ്നസും കളിക്കാന്‍ തയ്യാറുള്ള താരങ്ങളെയാണ് എപ്പോഴും ടീമില്‍ ഉള്‍പ്പെടുത്തേണ്ടത്,’ മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.