ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കോഹ്‌ലിയില്ല, പകരം സഞ്ജു സാംസണ്‍; ഞെട്ടിച്ച് ഇന്ത്യൻ ഇതിഹാസം
Cricket
ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കോഹ്‌ലിയില്ല, പകരം സഞ്ജു സാംസണ്‍; ഞെട്ടിച്ച് ഇന്ത്യൻ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th April 2024, 6:57 pm

വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഏതെല്ലാം താരങ്ങള്‍ ഇടം നേടുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കമായ ഐ.പി.എല്ലില്‍ താരങ്ങള്‍ ഇഞ്ചോടിഞ്ച് മത്സരിച്ചു കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ വരാന്‍ നില്‍ക്കുന്ന ലോകകപ്പിനുള്ള തന്റെ ഇന്ത്യന്‍ 15 അംഗ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.

ഇന്ത്യന്‍ സ്റ്റാര്‍ ബേറ്റര്‍ വിരാട് കോഹ്‌ലിയെ ടീമില്‍ നിന്നും ഒഴിവാക്കികൊണ്ടാണ് മഞ്ജരേക്കര്‍ ടീമിനെ പ്രഖ്യാപിച്ചത്. മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യക്കും മഞ്ജരേക്ക ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല.

മലയാളി സൂപ്പര്‍താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിച്ചതാണ് ഏറെ ശ്രദ്ധേയമായത്. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിന്റെ നേതൃത്വത്തില്‍ സ്വപ്നതുല്യമായ മുന്നേറ്റമാണ് നടത്തുന്നത്. നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്നും ഒരു തോല്‍വിയും ഏഴ് ജയവുമായി 14 പോയിന്റ് പ്ലേ ഓഫിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് രാജസ്ഥാന്‍.

ഇതിനോടകം തന്നെ എട്ട് മത്സരങ്ങളില്‍ നിന്നും മൂന്ന് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 314 റണ്‍സാണ് സഞ്ജുവിന്റെ അക്കൗണ്ടില്‍ ഉള്ളത്. 62.8 ആവറേജിലും 152.42 സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് താരങ്ങളായ കൃണാല്‍ പാണ്ഡ്യാ, മായങ്ക് യാദവ് രാജസ്ഥാന്‍ റോയല്‍സ് താരം ആവേശ് ഖാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ഹര്‍ഷിത് റാണ എന്നിവരെയും സഞ്ജയ് തെരഞ്ഞെടുത്തു.

സഞ്ജയ് മഞ്ജരേക്കറുടെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ്

രോഹിത് ശർമ, യശസ്വി ജെയ്‌സ്വാൾ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ, ഹർഷിത് റാണ, മായങ്ക് യാദവ്, കൃണാൽ പാണ്ഡ്യ.

Content Highlight: Sanjay Manjareker picks his ICC T20 World Cup Indian Squad