രണ്‍വീറും അക്ഷയ് ഖന്നയുമൊന്നുമല്ല, ഡെവിളിഷ് ഇന്‍ട്രോ കിട്ടിയത് ഇങ്ങേര്‍ക്കാണ്, ധുരന്ധറില്‍ കൈയടി നേടി സഞ്ജു ബാബ
Indian Cinema
രണ്‍വീറും അക്ഷയ് ഖന്നയുമൊന്നുമല്ല, ഡെവിളിഷ് ഇന്‍ട്രോ കിട്ടിയത് ഇങ്ങേര്‍ക്കാണ്, ധുരന്ധറില്‍ കൈയടി നേടി സഞ്ജു ബാബ
അമര്‍നാഥ് എം.
Monday, 2nd February 2026, 8:09 pm

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സിനിമാപേജുകള്‍ ഭരിക്കുന്നത് ധുരന്ധറാണ്. ബോക്‌സ് ഓഫീസില്‍ നിന്ന് 1400 കോടിയിലേറെ നേടിയ ചിത്രത്തിന് ഒ.ടി.ടിയിലും മികച്ച വരവേല്പാണ് ലഭിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ബോളിവുഡിലെ പല വമ്പന്‍ താരങ്ങള്‍ അണിനിരന്നിരുന്നു.

രണ്‍വീര്‍ സിങ് അവതരിപ്പിച്ച ഹംസ എന്ന നായക കഥാപാത്രത്തിനും അക്ഷയ് ഖന്നയുടെ റഹ്‌മാന്‍ ഡാക്കൈത് എന്ന വില്ലനും സോഷ്യല്‍ മീഡിയ ഭരിക്കുകയാണ്. എന്നാല്‍ ഇവര്‍ക്കൊപ്പം കൈയടി നേടുന്ന മറ്റൊരു കഥാപാത്രം കൂടി ചിത്രത്തിലുണ്ട്. സഞ്ജയ് ദത്ത് അവതരിപ്പിച്ച അസ്‌ലം ചൗധരിയാണ് അണ്ടര്‍റേറ്റഡായ മറ്റൊരു കഥാപാത്രമെന്നാണ് ചില പോസ്റ്റുകള്‍.

സഞ്ജയ് ദത്ത് Photo: Netflix

സഞ്ജയ് ദത്തിന്റെ ഇന്‍ട്രോ തന്നെ വളരെ ഗംഭീരമായാണ് സംവിധായകന്‍ അവതരിപ്പിച്ചത്. ‘ഹവാ ഹവാ’ എന്ന എവര്‍ഗ്രീന്‍ ഹിറ്റ് ഗാനത്തിന്റെ അകമ്പടിയോടെയാണ് സഞ്ജു ബാബയുടെ ഇന്‍ട്രോ. പാകിസ്ഥാനിലെ കച്ച് പ്രവിശ്യയെന്ന് തോന്നിപ്പിക്കുന്ന ഒരിടത്ത് വെളുത്ത കാറില്‍ വെളുത്ത കുര്‍ത്തയും ധരിച്ച് സഞ്ജയ് ദത്ത് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ കഥാപാത്രത്തിന്റെ ഓറ വ്യക്തമാകുന്നുണ്ട്.

ജിന്ന് എന്നാണ് ധുരന്ധറില്‍ അസ്‌ലം ചൗധരിയെ വിശേഷിപ്പിക്കുന്നത്. അതിനെ അന്വര്‍ത്ഥമാക്കും വിധം ക്ലാസ് ഇന്‍ട്രോയാണ് സംവിധായകന്‍ നല്‍കിയത്. നാല് വര്‍ഷമായി സസ്‌പെന്‍ഷനില്‍ കഴിയുന്ന അസ്‌ലമിനെ പൊലീസിലേക്ക് തിരിച്ചുവിളിക്കുന്നതും റഹ്‌മാന്‍ ദാക്കൈത്തിനെ ഇല്ലാതാക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്ന സീനുമെല്ലാം സഞ്ജയ് ദത്ത് ഗംഭീരമാക്കിയിട്ടുണ്ട്.

സഞ്ജയ് ദത്ത് Photo: Screen grab/ Saregama

കഴിഞ്ഞ കുറച്ചുകാലമായി ബോളിവുഡില്‍ തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ് സഞ്ജയ് ദത്ത്. ഫീല്‍ഡ് ഔട്ടിന്റെ വക്കില്‍ നിന്ന് തിരിച്ചുവന്ന താരം വില്ലനായും ക്യാരക്ടര്‍ റോളുകള്‍ ചെയ്തും ഞെട്ടിക്കുകയാണ്. ധുരന്ധറിലെ കഥാപാത്രവും അത്തരത്തിലൊന്നാണെന്ന് സംശയമില്ലാതെ പറയാനാകും.

എന്നാല്‍ ഗംഭീര ഇന്‍ട്രോക്ക് ശേഷം ഒന്നോ രണ്ടോ സീന്‍ ഉണ്ടെന്നുള്ളത് മാറ്റിനിര്‍ത്തിയാല്‍ സഞ്ജയ് ദത്തിന് ആദ്യഭാഗത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. രണ്ടാം ഭാഗത്തില്‍ സഞ്ജു ബാബയുടെ വക ഗംഭീര സീനുകള്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഹംസയുടെ ഐഡന്റിറ്റിയെക്കുറിച്ച് അസ്‌ലം ചൗധരിക്ക് എന്തെങ്കിലും ക്ലൂ ലഭിക്കുമോ എന്ന് ചോദിച്ചുകൊണ്ട് പലരും പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്.

സഞ്ജയ് ദത്ത് Photo: Netflix

പാകിസ്ഥാനിലെ അധോലോക മാഫിയയെ ഇല്ലാതാക്കാന്‍ വേണ്ടി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച പൊലീസ് ഓഫീസറായിരുന്നു അസ്‌ലം ചൗധരി. യഥാര്‍ത്ഥ ചൗധരിയുടെ മാനറിസവും ഗെറ്റപ്പും ലുക്കുമെല്ലാം സഞ്ജയ് ദത്തില്‍ ഭദ്രമായിരുന്നു.

Content Highlight: Sanjay Dutt’s performance in Dhurandhar movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം