നൂറല്ല അഞ്ഞൂറല്ല 3 ആയിരം കോടി ചിത്രങ്ങളുമായി സഞ്ജയ് ദത്ത്; 1200 കോടിയും കടന്ന് ധുരന്ധര്‍
Indian Cinema
നൂറല്ല അഞ്ഞൂറല്ല 3 ആയിരം കോടി ചിത്രങ്ങളുമായി സഞ്ജയ് ദത്ത്; 1200 കോടിയും കടന്ന് ധുരന്ധര്‍
അശ്വിന്‍ രാജേന്ദ്രന്‍
Monday, 5th January 2026, 3:16 pm

ബാഹുബലിയെന്ന രാജമൗലി സംഭവത്തിന് ശേഷം ഇന്ത്യന്‍ സിനിമയില്‍ വിജയ ചിത്രങ്ങളുടെ വലിപ്പം അളക്കുന്നത് എത്ര കോടി നേടിയന്നെതിന്റെ കണക്കിലാണ്. ഹോളിവുഡ് ചിത്രങ്ങള്‍ക്കു മാത്രം നേടാന്‍ സാധിച്ചിരുന്ന 1000 കോടിയെന്ന അപൂര്‍വ്വ നേട്ടം ആദ്യമായി സ്വന്തമാക്കിയ ചിത്രം രാജമൗലിയുടെ 2017 ല്‍ പുറത്തിറങ്ങിയ ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍ ആണ്.

കഴിഞ്ഞ മാസം പുറത്തിറങ്ങിയ ആദിത്യ ധര്‍ സംവിധാനം ചെയ്ത് രണ്‍വീര്‍ സിങ് നായകനായ സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ധുരന്ധര്‍ ആണ് ഈ നേട്ടം കൈവരിക്കുന്ന ഒടുവിലത്തെ ഇന്ത്യന്‍ ചിത്രം. ഈ രണ്ടു ചിത്രങ്ങള്‍ക്ക് പുറമെ ദംഗല്‍, പുഷ്പ 2 ദ റൂള്‍, കെ.ജി.എഫ് ചാപ്റ്റര്‍ 2, രാജമൗലിയുടെ തന്നെ ആര്‍.ആര്‍.ആര്‍, കിങ് ഖാന്റെ പത്താന്‍, ജവാന്‍, പ്രഭാസിന്റെ കല്‍ക്കി 2898 തുടങ്ങിയ ചിത്രങ്ങളും ഈ ലിസ്റ്റില്‍ ഇടം പിടിച്ച ചിത്രങ്ങളാണ്.

സഞ്ജയ് ദത്ത് ധുരന്ധറില്‍. Photo: Aaj Tak

ഇപ്പോഴിതാ 1000 കോടി ക്ലബില്‍ ഇടം പിടിച്ച മൂന്ന് ചിത്രങ്ങളില്‍ പൊതുവായ ഘടകമാണ് സമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. നേട്ടത്തിലെത്തിയ ധുരന്ധര്‍, ജവാന്‍, കെ.ജി.എഫ് എന്നീ ചിത്രങ്ങളില്‍ മൂന്നിലും പ്രധാന വേഷത്തിലെത്തിയ ഒരേ ഒരാള്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആയിരുന്നു. മൂന്ന് തവണ ഈ നേട്ടത്തിലെത്തുന്ന താരം എന്ന റെക്കോര്‍ഡാണ് ഇതിലൂടെ സഞ്ജയ് ദത്ത് തന്റെ പേരിലാക്കിയിരിക്കുന്നത്.

കെ.ജി.എഫിലെ പേടിപ്പെടുത്തുന്ന കഥാപാത്രമായ അധീരയായെത്തി സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ തന്റെ സാന്നിധ്യം അറിയിച്ച താരം കെ.ജി.എഫിന്റെ നോര്‍ത്ത് ഇന്ത്യയിലെ കളക്ഷനില്‍ വഹിച്ച പങ്ക് വലുതാണ്. ചിത്രത്തില്‍ യഷ് അവതരിപ്പിച്ച റോക്കി ഭായി എന്ന കഥാപാത്രത്തോട് കട്ടക്ക് നില്‍ക്കുന്ന വില്ലന്‍ കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.

സഞ്ജയ് ദത്ത് ലിയോയില്‍. Photo: Cinema Express

ശേഷം തമിഴ് സംവിധായകന്‍ അറ്റ്‌ലീയുടെ ആദ്യ ബോളിവുഡ് സംവിധാന സംരംഭമായ ജവാനില്‍ മാധവന്‍ നായിക്കെന്ന കാമിയോ റോളിലാണ് സഞ്ജയ് ദത്ത് എത്തിയത്. പുതുതായി ഇറങ്ങിയ ധുരന്ധറില്‍ അസ്‌ലം ചൗധരിയെന്ന റിയല്‍ ലൈഫ് കഥാപാത്രത്തെയും മികച്ച രീതിയിലാണ് താരം സ്‌ക്രീനില്‍ അവതരിപ്പിച്ചിരിക്കുന്നത്.

തന്റെ കരിയറില്‍ 130 ലധികം കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത സഞ്ജയ് ദത്ത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമകളിലും സജീവമാണ്. തമിഴ് സൂപ്പര്‍ താരം വിജയ്-ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ പിറന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ലിയോയിലും താരം പ്രധാനപ്പെട്ട വേഷത്തിലെത്തിയിരുന്നു.

പാകിസ്താനെതിരായ ചിത്രമെന്ന് ആരോപിച്ച് ആറോളം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നേരിട്ട വിലക്കിനെ മറികടന്നാണ് ആഗോള ബോക്‌സ് ഓഫീസില്‍ 1000 കോടിയെന്ന നേട്ടം ധുരന്ധര്‍ സ്വന്തമാക്കുന്നത്. 2019 ല്‍ പുറത്തിറങ്ങി നാഷണല്‍ അവാര്‍ഡ് സ്വന്തമാക്കിയ ഉറി; ദ സര്‍ജിക്കല്‍ സ്‌ട്രൈക്കിനു ശേഷം ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ലോകേഷ് ധര്‍ ആണ്.

Content Highlight: Sanjay dutt part of 3 films that is part of 1000 crore club

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.