മികച്ച ഫോമില്‍ നില്‍ക്കുവാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല അടുത്ത മത്സരത്തില്‍ അവന്‍ കാണില്ല, കൂടെ കിഷനും: മുന്‍ ഇന്ത്യന്‍ താരം
Sports News
മികച്ച ഫോമില്‍ നില്‍ക്കുവാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല അടുത്ത മത്സരത്തില്‍ അവന്‍ കാണില്ല, കൂടെ കിഷനും: മുന്‍ ഇന്ത്യന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 25th September 2023, 10:47 pm

ലോകകപ്പ് അടുക്കുന്തോറും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എല്ലാവരും ഫോമിലേക്ക് ഉയരുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഓസീസിനെതിരെയുള്ള ആദ്യ രണ്ട് മത്സരത്തിലും മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീം പുറത്തെടുത്തത്.

ആദ്യ രണ്ട് മത്സരത്തിലും വിശ്രമിച്ച വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ മൂന്നാം മത്സരത്തില്‍ തിരിച്ചെത്തുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ ആരോക്കെ കളിക്കുമെന്ന ചര്‍ച്ചകളാണ് നിലവില്‍ നടക്കുന്നത്.

മിഡില്‍ ഓര്‍ഡറിലെ ഒരുവിധം എല്ലാവരും ഫോമിലായ സ്ഥിതിക്ക് നാലാമതും അഞ്ചാമതും ആര് കളിക്കുമെന്ന ചര്‍ച്ചകള്‍ സജീവമാണ്. ശ്രേയസ് അയ്യരും കെ.എല്‍. രാഹുലും ആ പഥവി അലങ്കരിക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് ബംഗാറിന്റെ വിശ്വാസം.

പ്രധാന കീപ്പര്‍ രാഹുലായതുകൊണ്ട് അഞ്ചാം നമ്പറില്‍ രാഹുല്‍ തന്നെ കളിക്കുമെന്നും നാലാം നമ്പറില്‍ ശ്രേയ്‌സ അയ്യരും കളിക്കുമെന്നും ബംഗാര്‍ പറഞ്ഞു. ഇതുകാരണം ഇഷാന്‍ കിഷനും സൂര്യകുമാറിനും മത്സരം നഷ്ടമാകുമെന്നും ബംഗാര്‍ കൂട്ടിച്ചേര്‍ത്തു.

‘പ്രധാന വിക്കറ്റ് കീപ്പര്‍ ആരാണെന്നത് ഒരു വലിയ പോയിന്റായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. കെ.എല്‍. രാഹുലാണെങ്കില്‍ അഞ്ചാം നമ്പറില്‍ അദ്ദേഹം ബാറ്റ് ചെയ്യും, ശ്രേയസ് നാലാം സ്ഥാനത്തെത്തും. നിര്‍ഭാഗ്യവശാല്‍, അവസാന മത്സരം ഇഷാന്‍ കിഷനും സൂര്യയ്ക്കും നഷ്ടമാകും,’ ബംഗാര്‍ പറഞ്ഞു.

സെപ്റ്റംബര്‍ 27ന് ബുധനാഴ്ചയാണ് ഇരുവരും തമ്മിലുള്ള മൂന്നാം മത്സരം.

Content Highlight: Sanjay Bangar says Surya Kumar Yadav And Ishan Kishan Will Miss next Match