എല്ലാ നായികമാരെയും പോലെ ആക്ഷന്‍ സിനിമകള്‍ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്: സാനിയ ഇയ്യപ്പന്‍
Malayalam Cinema
എല്ലാ നായികമാരെയും പോലെ ആക്ഷന്‍ സിനിമകള്‍ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്: സാനിയ ഇയ്യപ്പന്‍
അശ്വിന്‍ രാജേന്ദ്രന്‍
Friday, 17th July 2026, 9:58 am

മാസ് മസാല ആക്ഷന്‍ ചിത്രങ്ങള്‍ക്ക് വലിയ മാര്‍ക്കറ്റുള്ള സിനിമാ മേഖലകളാണ് ഇന്ത്യയില്‍ പല ഭാഷകളിലായി പ്രവര്‍ത്തിക്കുന്നത്. നായകന്മാരുടെ ഹീറോയിസത്തിന് കൈയടിക്കുന്ന പ്രേക്ഷകരുള്ള നാട്ടില്‍ സിനിമയും വലിയ രീതിയില്‍ പുരുഷാധിപത്യമുള്ള വ്യവസായമായി മാറുകയായിരുന്നു. എന്നാല്‍ ഇതിന് വളരെ പതിയെ എങ്കിലും മാറ്റം വരുന്ന കാഴ്ചയ്ക്കാണ് സമീപകാലത്ത് സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നത്.

മാ ഇന്റി ബങ്കാരം. Photo: The Hindu

കല്യാണി പ്രിയദര്‍ശനെ നായകനാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയിലൂടെ മലയാള സിനിമ വലിയ മാറ്റങ്ങള്‍ക്കാണ് ഇന്ത്യന്‍ സിനിമയില്‍ തുടക്കമിട്ടത്. ഇമോഷണല്‍ ഡ്രാമകളില്‍ മാത്രമല്ല സൂപ്പര്‍ ഹീറോ ആക്ഷന്‍ ചിത്രങ്ങളിലും കേന്ദ്രകഥാപാത്രമായി സ്തീകളെ കൊണ്ട് വരാമെന്നും ഈ ചിത്രങ്ങളെ വമ്പന്‍ വിജയമാക്കി മാറ്റാമെന്നും ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് തെളിയിക്കുകയായിരുന്നു. ബോക്‌സ് ഓഫീസില്‍ നിന്നും മൂന്നൂറ് കോടിയിലധികം നേടി തകര്‍പ്പന്‍ വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രവും കല്യാണി നായികയായ ലോകഃ തന്നെ.

ബ്ലാസ്റ്റ്‌. Photo: Pragativadi

സമാനമായ വാര്‍ത്തകളാണ് തെലുങ്കില്‍ നിന്നും പുറത്ത് വരുന്നത്. വമ്പന്‍ താരങ്ങള്‍ക്കെല്ലാം അടിപതറുമ്പോള്‍ മികച്ച വിജയമായിരുന്നു സമന്ത നായികയായെത്തിയ ആക്ഷന്‍ ചിത്രം മാ ഇന്റി ബങ്കാരം സ്വന്തമാക്കിയത്. ഒരു സ്ത്രീ കേന്ദകഥാപാത്രമായിക്കൊണ്ട് തെലുങ്കില്‍ നിന്നും നൂറ് കോടി എന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യ ചിത്രമായും ഇത് മാറിയിരുന്നു. അടുത്തിടെ തമിഴില്‍ റിലീസ് ചെയ്ത ബ്ലാസ്റ്റില്‍ പ്രീതി മുകുന്ദന്റെ ആക്ഷന്‍ രംഗങ്ങള്‍ക്കും വലിയ കൈയടിയായിരുന്നു ലഭിച്ചിരുന്നത്.

ഇത്തരത്തില്‍ തനിക്കും ആക്ഷന്‍ വേഷം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറയുകയാണ് സാനിയ ഇയ്യപ്പന്‍. ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോര്‍ജ് നായകനായെത്തുന്ന വരവ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. ചിത്രത്തില്‍ സാനിയയും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

സാനിയ ഇയ്യപ്പന്‍. Photo: Saniya Iyyappan/ Facebook.com

ആക്ഷന്‍ സിനിമകളും ത്രില്ലര്‍ സിനിമകളുമാണ് തനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമെന്നും എല്ലാ നായികമാരെയും പോലെ തനിക്കും ആക്ഷന്‍ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സാനിയ പറഞ്ഞു. വരവില്‍ താന്‍ ആക്ഷന്‍ രംഗങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നും എങ്കിലും ഭാവിയില്‍ ഒരു ആക്ഷന്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Saniya Iyyappan talks about her wish to act in action Films

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.