| Saturday, 29th March 2025, 7:22 am

ലൂസിഫറില്‍ നിന്ന് എമ്പുരാനിലേക്ക് വന്നിട്ടും ഒരാള്‍ മാത്രം മാറിയില്ല; ആറ് വര്‍ഷം മുമ്പുള്ളത് പോലെ തന്നെ: സാനിയ അയ്യപ്പന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഴവില്‍ മനോരമയിലെ ഡി4 ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് സാനിയ അയ്യപ്പന്‍. ബാല്യകാലസഖി എന്ന സിനിമയില്‍ ഇഷ തല്‍വാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു.

ഒപ്പം അപ്പോത്തിക്കിരി എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകളായും സാനിയ അഭിനയിച്ചു. 2018ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന സിനിമയിലൂടെയാണ് സാനിയ ആദ്യമായി നായികയായി എത്തുന്നത്. ആ സിനിമയിലെ ചിന്നു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മലയാളത്തിലെ മുന്‍നിര അഭിനേതാക്കളോടൊപ്പമെല്ലാം സിനിമകള്‍ ചെയ്യാന്‍ സാനിയക്ക് സാധിച്ചു. മോഹന്‍ലാല്‍ – പൃഥ്വിരാജ് കൂട്ടുകെട്ടില്‍ എത്തിയ സൂപ്പര്‍ഹിറ്റ് സിനിമയായ ലൂസിഫറിലെ ജാന്‍വി എന്ന കഥാപാത്രവും വലിയ ശ്രദ്ധ നേടിയിരുന്നു.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലും സാനിയ അഭിനയിച്ചിരുന്നു. ലൂസിഫര്‍ കഴിഞ്ഞ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം എമ്പുരാനില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടായ മാറ്റങ്ങള്‍ എന്താണെന്ന് പറയുകയാണ് സാനിയ അയ്യപ്പന്‍. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘എമ്പുരാനില്‍ എനിക്ക് കൂടുതലും മഞ്ജു ചേച്ചിയുമായിട്ടായിരുന്നു കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നത്. ഷൂട്ടിങ് സെറ്റില്‍ പോയപ്പോള്‍ ലൂസിഫര്‍ കഴിഞ്ഞിട്ടുള്ള ആ ആറ് വര്‍ഷത്തെ വ്യത്യാസം നന്നായിട്ട് ഉണ്ടായിരുന്നു.

രാജുവേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോഴൊക്കെ ആ വ്യത്യാസം കാണാന്‍ ഉണ്ടായിരുന്നു. പക്ഷെ മഞ്ജു ചേച്ചിക്ക് ഒരു മാറ്റവും ഉണ്ടായിരുന്നില്ല (ചിരി). ആറ് വര്‍ഷം മുമ്പ് ഞാന്‍ എങ്ങനെയാണോ മഞ്ജു ചേച്ചിയുടെ കൂടെ വര്‍ക്ക് ചെയ്തത് അങ്ങനെ തന്നെയായിരുന്നു എമ്പുരാനിലും വര്‍ക്ക് ചെയ്തത്.

ലൂസിഫറിന്റെ സെറ്റില്‍ എങ്ങനെയായിരുന്നോ ചേച്ചി ഉണ്ടായിരുന്നത്, അങ്ങനെ തന്നെയായിരുന്നു എമ്പുരാനിന്റെ സെറ്റിലും ഉണ്ടായിരുന്നത്. ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല.

പക്ഷെ എക്‌സ്പീരിയന്‍സിന്റെ കാര്യം നോക്കുമ്പോള്‍ എമ്പുരാനില്‍ ലൂസിഫറില്‍ നിന്ന് നല്ല വ്യത്യാസം ഉണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ ഒരു മലയാള സിനിമ ചെയ്തിട്ട് ഒന്നര വര്‍ഷത്തോളമായിരുന്നു,’ സാനിയ അയ്യപ്പന്‍ പറയുന്നു.

Content Highlight: Saniya Iyappan Talks About Manju Warrier And Empuraan Movie

Latest Stories

We use cookies to give you the best possible experience. Learn more